ഭരണങ്ങാനം: കേരളത്തിൽ നൂറുകണക്കിന് പ്രതിഭാശാലികളായ വിദ്യാർത്ഥികളുണ്ടെന്നും അവരുടെ അഭിരുചിക്ക് അനുസൃതമായ വിദ്യാഭ്യാസ സമ്പ്രദായം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതിന് മാതാപിതാക്കൾ മുൻകൈയെടുക്കണമെന്നു ജയിൽ ഡി.ജി.പി. ആർ. ശ്രീലേഖ പറഞ്ഞു. ഭരണങ്ങാനം അൽഫോൻസാ റെസിഡൻഷ്യൽ സ്‌കൂളിൽ പി.റ്റി.എസ്. ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

അഭിരുചിക്ക് അനുസൃതമല്ലാത്തതും അടിച്ചേൽപ്പിക്കുന്നതുമായ വിദ്യാഭ്യാസ രീതി ആധുനിക കാലഘട്ടത്തിൽ വിദ്യാർത്ഥികളെ പിന്നിലാക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. പാവപ്പെട്ടവനെന്നോ ധനികനെന്നോ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം വിദ്യാർത്ഥികളെയും ഒരുപോലെ കാണുവാൻ അദ്ധ്യാപകർക്ക് കഴിയണമെന്നും ശ്രീലേഖ പറഞ്ഞു.

പി.ടി.എ. പ്രസിഡന്റ് ജോസ് പാറേക്കാട്ട് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സ്‌കൂൾ മാനേജർ റവ.സി. ആനി കല്ലറങ്ങാട്ട്, പ്രിൻസിപ്പൽ ഡോ.സി. ആൻ സെൽ മരിയ, മനോജ് മാഞ്ചേരിൽ എന്നിവർ പ്രസംഗിച്ചു.