- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'യുപിയിൽ ബിജെപിയെ പുറത്താക്കണമെന്ന് ആഹ്വാനം'; പ്രക്ഷോഭ പരിപാടികൾ ആസുത്രണം ചെയ്ത് മുസാഫർനഗറിൽ കർഷകരുടെ കൂറ്റൻ മഹാപഞ്ചായത്ത്; ഭാരത് ബന്ദ് 27ലേക്ക് മാറ്റി
മുസാഫർനഗർ: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരെ കർഷക സംഘടനകൾ പ്രഖ്യാപിച്ച ഭാരത് ബന്ദ് ഈമാസം 27ലേക്ക് മാറ്റി. 25 ന് ഭാരത് ബന്ദ് നടത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ചേർന്ന മഹാപഞ്ചായത്തിലാണ് തീരുമാനം. സംയുക്ത കിസാൻ മോർച്ച പ്രഖ്യാപിച്ച് ബന്ദിന് ഇടത് സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മുസാഫർനഗറിൽ മഹാപഞ്ചായത്തിൽ പങ്കെടുക്കാനെത്തിയ കർഷകർക്ക് നാട്ടുകാർ മധുരം വിതരണം ചെയ്താണ് സ്വീകരിച്ചത്.പതിനായിരക്കണക്കിന് കർഷകരാണ് മുസാഫർനഗറിൽ നടന്ന മഹാപഞ്ചായത്തിൽ പങ്കെടുക്കാനെത്തിയത്. മഹാപഞ്ചായത്ത് കണക്കിലെടുത്ത് 8,000 പൊലീസുകാരെയാണ് ഉത്തർപ്രദേശ് സർക്കാർ വിന്യസിച്ചത്.
വരുന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കുമെന്ന് മഹാപഞ്ചായത്തിൽ തീരുമാനമായതായി സംയുക്ത കിസാൻ മോർച്ച കിസാൻ സഭ പ്രസിഡന്റ് അശോക് ധാവൽപറഞ്ഞു.അതേസമയം മഹാപഞ്ചായത്തിൽ പങ്കെടുത്ത കർഷകരുടെ വീഡിയോ പങ്കുവച്ച് ബിജെപി നേതാവ് വരുൺ ഗാന്ധി രംഗത്തെത്തി.
കർഷകരോട് ബഹുമാനപൂർവ്വം വീണ്ടും ഇടപെടാൻ തുടങ്ങണമെന്ന് വരുൺ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. കർഷകരുടെ വേദന മനസ്സിലാക്കണം. അവരുടെ വീക്ഷണം കൂടി ഉൾക്കൊണ്ട് ഒരു പൊതു ധാരണയിൽ എത്തണമെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ