- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാരത് ബിൽ പേയ്ക്ക് റിസർവ്വ് ബാങ്ക് അംഗീകാരം; ഇനി നാട്ടിലെ എല്ലാ ബില്ലുകളും പ്രവാസികൾക്ക് അവരുടെ രാജ്യത്ത് നിന്ന് ഓൺലൈൻ വഴി അടയ്ക്കാം; നാട്ടിലെ കാര്യമോർത്ത് പ്രവാസികൾ വിഷമിക്കുന്ന കാലം അവസാനിച്ചേക്കും
വിദേശ രാജ്യങ്ങളിൽ ഉള്ള പ്രവസികൾക്ക് നാട്ടിലെ ബില്ലുകൾ അടയ്ക്കുവാൻ ഇനി ഏറെ ക്ലേശിക്കേണ്ടി വരില്ല. ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റത്തിന് അംഗീകാരം നൽകിക്കൊണ്ട് റിസർവ്വ് ബാങ്ക് ഒഫ് ഇന്ത്യ ഗവർണർ ശക്തികാന്ത് ദാസ് ഇന്നലെ പ്രഖ്യാപനം ഇറക്കി. ഇതുവഴി വിദേശങ്ങളിൽ നിന്നും ഇന്ത്യയിലേക്കുള്ള പണമിടപാടുകൾ കൂടുതൽ സുഗമമാകും.എൻ ആർ ഐ, പി ഐ ഒ (പീപ്പിൾ ഓഫ് ഇന്ത്യൻ ഒറിജിൻ), ഒ സി ഐ (ഓവർസീസ് സിറ്റിസൺസ് ഒഫ് ഇന്ത്യ) എന്നീ വിഭാഗത്തിൽ പെടുന്നവർക്ക് ഇത് ഏറെ പ്രയോജനകരമാകുമെന്നും റിസർവ്വ് ബാങ്കിന്റെ പത്രക്കുറിപ്പിൽ പറയുന്നു.
നിലവിൽ ഇന്ത്യയിലെ ബില്ലുകൾ അടക്കുവാൻ രണ്ട് ഘട്ടമായിട്ടു മാത്രമേ വിദേശ ഇന്ത്യാക്കാർക്ക് കഴിയുകയുള്ളു. ആദ്യം അവരുടെ ബാങ്ക് അക്കൗണ്ട് വഴി നാട്ടിലെ കുടുംബാംഗങ്ങൾക്ക് പണം നൽകണം. പിന്നീട് ഇവർ ഇത്തരം ബില്ലുകൾക്കുള്ള പണം നൽകും. ഇതായിരുന്നു നിലവിലെ സിസ്റ്റം. ബാങ്ക് അക്കൗണ്ടുമായും മറ്റ് പേയ്മെന്റ് ചാനലുകളുമായി ബന്ധിപ്പിച്ചു കഴിഞ്ഞാൽ പിന്നീട് ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം വഴി വിദേശ ഇന്ത്യാക്കാർക്ക് ബില്ലുകൾ നേരിട്ട് അടയ്ക്കാൻ കഴിയും.
ഇത് ഓൺലൈൻ വഴിയും ഓഫ്ലൈൻ വഴിയും ചെയ്യാനാകും എന്നതാണ് മറ്റൊരു പ്രത്യേകത. ഇതിനായി പണം അടക്കേണ്ടുന്ന ആൾ മൊബൈൽ ഫോണിലെ ബാങ്കിങ് ആപ്പിൽ ലോഗ് ഇൻ ചെയ്യുകയോ അല്ലെങ്കിൽ നിങ്ങളുടെ ബാങ്കിൽ നേരിട്ട് എത്തിയാലോ മതി. അതിനുശേഷം ബി ബി പി എസ് വിഭാഗത്തിൽപോയതിനു ശേഷം പേയ്മെന്റ് നടപടികളിലേക്ക് കടക്കാം. പണമടക്കുന്നവരുടെ സൗകര്യാർത്ഥം യു പി ഐ, ക്രെഡിറ്റ്/ ഡെ3ബിറ്റ് കാർഡുകൽ, എൻ ഇ എഫ് ടി, ക്യാഷ് എന്നീ ഏത് മാർഗ്ഗത്തിലൂടെയും പണമിടപാടുകൾ നടത്താൻ കഴിയും.
പണമിടപാടുകൾ എളുപ്പമാക്കുന്നതിനായി ബി ബി എസ്, പണം നൽകുന്നവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഇടയിൽ ഒരു മദ്ധ്യവർത്തിയായി പ്രവർത്തിക്കും. എന്നാൽ ഇതിന്റെ പ്രാഥമികമായ കർത്തവ്യം വിദേശ ഇന്ത്യാക്കാർക്ക്, അവരുടെ ഇന്ത്യയിലെ കുടുംബത്തിന്റെ ഇന്ത്യയിലെ വാട്ടർ ബിൽ, ഇലക്ട്രിസിറ്റി ബിൽ, ടെലികോം ബിൽ തുടങ്ങിയവ നേരിട്ട് അടക്കാൻ സഹായിക്കുക എന്നതാണ്. ഇത്തരത്തിൽ പ്രവർത്തിക്കുമ്പോൾ പണമടക്കുന്നവർക്കും, സേവന ദാതാക്കൾക്കും ഇടയിലൊരു മദ്ധ്യവർത്തിയായി ബി ബി പി എസ് പ്ലാറ്റ്ഫോം പ്രവർത്തിക്കും.
ഇതിന് വിവിധ പ്ലാറ്റ്ഫോമുകളുമായി ഒത്തു ചേർന്ന് പ്രവർത്തിക്കുന്നതിനുള്ള കഴിവുള്ളതിനാൽ, പണമടക്കുന്നവർക്ക് വ്യത്യസ്ത പ്ലാറ്റ്ഫോമുകളിൽ ലോഗ് ഇൻ ചെയ്യേണ്ടതായി വരില്ല. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഈ സമ്പ്രദായം പ്രവർത്തനക്ഷമമാകും എന്നാണ് റിസർവ്വ് ബാങ്ക് അറിയിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ