തിരുവനന്തപുരം: 'ഭാരത് സീരീസ്' (ബിഎച്ച് സീരീസ്) എന്ന പേരിൽ ഏകീകൃത റജിസ്‌ട്രേഷൻ സംവിധാനത്തോട് കേരളത്തിന് താൽപ്പര്യക്കുറവെന്ന് റിപ്പോർട്ട്. സ്വകാര്യ വാഹനങ്ങൾക്കുള്ള സംസ്ഥാനാന്തര റജിസ്‌ട്രേഷൻ ഒഴിവാക്കാൻ രജിസ്‌ട്രേഷൻ കേന്ദ്രം തുടങ്ങിയെങ്കിലും കേരളം അതിനോട് വേണ്ട രീതിയിൽ പ്രതികരിക്കുന്നില്ല.

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ വെബ്ൈസറ്റായ പരിവാഹൻ പോർട്ടലിൽ ബിഎച്ച് റജിസ്‌ട്രേഷൻ ചെയ്യാമെന്ന് കാണാമെങ്കിലും കേരളത്തിൽ അതു തുറക്കാനാകില്ല. സംസ്ഥാന നികുതി വരുമാനത്തിൽ കുറവുണ്ടാകുമെന്ന ആശങ്ക അറിയിച്ച് കേരളം കേന്ദ്രത്തിനു കത്തയച്ചിരുന്നു. അതുകൊണ്ടാണ് കേരളത്തിൽ ഏകീകൃത റജിസ്‌ട്രേഷൻ കേന്ദ്രം തൽക്കാലം മരവിപ്പിച്ചത്. പക്ഷേ എന്നായാലും അത് നടപ്പാക്കേണ്ടി വരും.

രാജ്യത്തെ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ എളുപ്പമാക്കാനാണ് കേന്ദ്ര സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. പുതിയ വാഹനങ്ങൾക്ക് പുതിയ രജിസ്‌ട്രേഷൻ മാർക്കാണ് കേന്ദ്രം പുറത്തിറക്കിയത്. ജോലിയുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറിക്കൊണ്ടിരിക്കുന്ന ആളുകൾക്കും ജീവനക്കാർക്കും ആയിരിക്കും ഇതിന്റെ പരമാവധി പ്രയോജനം. ഭാരത് സീരീസ് അല്ലെങ്കിൽ ബിഎച്ച്-സീരീസിന്റെ പേരിൽ നടത്തുന്ന രജിസ്‌ട്രേഷൻ വാഹനങ്ങളുടെ കൈമാറ്റം അനായാസമാക്കാനാണ്. ഭാരത് സീരീസ് അല്ലെങ്കിൽ ബിഎച്ച് സീരീസ് വാഹനങ്ങളുടെ വിജ്ഞാപനം ഇന്ത്യൻ സർക്കാർ റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയിരുന്നു. വാഹനം വാങ്ങുന്ന വ്യക്തിക്ക് വേണമെങ്കിൽ, അയാൾക്ക് തന്റെ വാഹനത്തിന്റെ ബിഎച്ച് സീരീസ് രജിസ്‌ട്രേഷൻ ലഭിക്കും.

ഇത് നിർബന്ധിത രജിസ്‌ട്രേഷൻ പദ്ധതി അല്ല. നിലവിൽ, ഭാരത് സീരീസിൽ നിങ്ങളുടെ വാഹനം സ്വമേധയാ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം പ്രതിരോധ ഉദ്യോഗസ്ഥർ, കേന്ദ്ര സർക്കാർ / സംസ്ഥാന സർക്കാർ ജീവനക്കാർ, കേന്ദ്ര / സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ മേഖല കമ്പനികൾ, സ്ഥാപനങ്ങൾ എന്നിവയ്ക്ക് നൽകിയിട്ടുണ്ട്. നാലോ അതിലധികമോ സംസ്ഥാനങ്ങളിൽ ഓഫീസുകളുള്ള സ്വകാര്യമേഖല കമ്പനികൾക്ക് ഇത് പ്രയോജനപ്പെടുത്താം. ഭാരത് പരമ്പരയിൽ ഒരു വാഹനം രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ, അത് മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോയാലും വാഹന ഉടമയ്ക്ക് പുതിയ രജിസ്‌ട്രേഷൻ ലഭിക്കേണ്ടതില്ല. സെപ്റ്റംബർ 15 മുതൽ പൂർണമായും ഓൺലൈൻ ആയി ആണ് പുതിയ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇതാണ് കേരളം ഒഴിവാക്കുന്നത്.

സംസ്ഥാനങ്ങൾ മാറി മാറി ജോലി ചെയ്യുന്നവർക്കാകും ഇതിന്റെ പ്രയോജനം. ബി എച്ച് സീരീസിൽ രജിസ്ട്രർ ചെയ്തവർക്ക് തങ്ങളുടെ വാഹന രജിസ്‌ട്രേഷൻ വീണ്ടും വീണ്ടും പുതിയ സംസ്ഥാനത്തേക്ക് മാറ്റേണ്ടതില്ല. ഇന്ത്യൻ സർക്കാരിന്റെ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പറയുന്നതനുസരിച്ച്, ഒരു വ്യക്തി തന്റെ വാഹനം ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് കൊണ്ടുപോകുകയാണെങ്കിൽ, അയാൾ ഒരു വർഷത്തിനുള്ളിൽ തന്റെ വാഹനം വീണ്ടും രജിസ്റ്റർ ചെയ്യണം. പുതിയ വിജ്ഞാപനം അനുസരിച്ച്, പുതിയ വാഹനത്തിന്റെ രജിസ്‌ട്രേഷൻ ഭാരത് പരമ്പരയിൽ നടത്തിയാൽ ഇത് ഒഴിവാക്കാം.ഇത് സംസ്ഥാനത്ത് നികുതി നഷ്ടം ഉണ്ടാക്കുമെന്നത് വസ്തുതയുമാണ്.

വാഹന നികുതി 15 വർഷത്തേക്ക് അടയ്ക്കുന്ന രീതിക്കു പകരം 2 വർഷത്തിലൊരിക്കലാക്കും. കേരളത്തിൽ 9% മുതൽ 21% വരെയാണ് വാഹന നികുതി. ബിഎച്ച് റജിസ്‌ട്രേഷനിൽ ഇതു 8% മുതൽ 12% വരെ മാത്രമാണ്. കേരളത്തിൽ നികുതി ഏർപ്പെടുത്തുന്നത് വാഹന വിലയും ഒപ്പം ജിഎസ്ടി തുകയും കോംപൻസേറ്ററി സെസും ചേർന്ന തുകയുടെ മുകളിലാണ്. 28% ആണ് ജിഎസ്ടി. വാഹനത്തിന്റെ നീളത്തിനനുസരിച്ചുള്ള കോംപൻസേറ്ററി സെസ് 22% വരെയാണ് ഉടമയിൽ നിന്ന് ഈടാക്കുന്നത്.

എന്നാൽ കേന്ദ്ര റജിസ്‌ട്രേഷനിൽ വാഹനവില മാത്രം കണക്കാക്കി അതിനു മുകളിലാണു നികുതി ഏർപ്പെടുത്തുന്നത്. ഇതോടെ ഉപഭോക്താവിനു വലിയ തുകയുടെ ലാഭമുണ്ടാകും. റജിസ്‌ട്രേഷൻ ഉൾപ്പെടെ വാഹന സംബന്ധമായ എല്ലാ ഇടപാടിനും ആധാർ നിർബന്ധമാക്കി കേന്ദ്രം 6 മാസം മുൻപ് ഉത്തരവിറക്കിയെങ്കിലും അതും കേരളത്തിൽ നടപ്പായില്ല. പുതിയ വാഹനങ്ങൾ റജിസ്‌ട്രേഷന് ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പർ നൽകണമെന്ന കേന്ദ്ര നിർദേശത്തോട് കേരളം സമ്മതം അറിയിച്ചെങ്കിലും ഇതും നടപ്പായില്ല.