കൊൽക്കത്ത: മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ബംഗാൾ ഗവർണർ സി. വി. ആനന്ദ് ബോസുമായി കൂടിക്കാഴ്ച നടത്തി. കൊൽക്കത്ത കത്ത്രീഡലിന്റെ എഴുപത്തി അഞ്ചാം വാർഷികത്തിന് നേതൃത്വം നൽകാൻ കൊൽക്കത്തയിൽ എത്തിയതായിരുന്നു കാതോലിക്കാ ബാവ. കൂടിക്കാഴ്‌ച്ചയിൽ ഗവർണ്ണറുടെ പ്രവർത്തനങ്ങളെ വിലയിരുത്തുകയും നേരിട്ട് അഭിനന്ദനം അറിയിക്കുകയും ചെയ്തു.

ബംഗാളിന്റെ ഭരണ തലത്തിൽ വളരെ കൃത്യതയോടെ തന്റെതായ കാർമ്മിക്കത്വം വഹിക്കുന്ന തികഞ്ഞ വ്യക്തിത്വമാണ് ഗവർണർ സി.വി ആനന്ദ് ബോസ് എന്നും ബാവ തിരുമേനി പ്രശംസിച്ചു. മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനെ പൂച്ചെണ്ടുകൾ നൽകിയാണ് ഗവർണറും സംഘവും സ്വീകരിച്ചത്. ഓർത്തഡോക്‌സ് സഭയ്ക്ക് മാത്രമല്ല സമൂഹ നന്മക്ക് ജാതിമതഭേദമന്യേ നിരവധി കാരുണ്യ പ്രവർത്തനങ്ങളാണ് ബാവാ തിരുമേനിയുടെ നേതൃത്വത്തിൽ നടത്തി വരുന്നതെന്നും, കഷ്ടത അനുഭവിക്കുന്ന ജനങ്ങൾക്ക് അത് ഏറെ പ്രയോജനകരമാകുന്നുണ്ടെന്നും ഗവർണർ അഭിപ്രായപ്പെട്ടു. ജനങ്ങൾക്കായി ബാവാ തിരുമേനി നടത്തിവരുന്ന കാരുണ്യ പ്രവർത്തികൾ അദ്ദേഹത്തെ ഏറെ ശ്രേഷ്ഠനാക്കുന്നുവെന്നും ഗവർണർ പറഞ്ഞു.

മദർ തെരേസയുടെ കബറിടത്തിൽ പ്രാർത്ഥന നടത്തി മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ

കൊൽക്കത്ത: മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവ കൊൽക്കത്തയിൽ എത്തി മദർ തെരേസയുടെ കബറിടം സന്ദർശിച്ചു പ്രാർത്ഥന നടത്തി. ലോക നന്മയ്ക്കും സമാധാനത്തിനും വേണ്ടി ഭൂമിയിൽ ജനിച്ച് അതിനുവേണ്ടി പ്രവർത്തിച്ച ഒരു വ്യക്തിയായിരുന്നു മദർ തെരേസ. ആത്മീയതയിലും കാരുണ്യ പാതയിലും തന്റേതായ രീതിയിൽ വ്യക്തിമുദ്ര പതിപ്പിക്കുകയും അതുവഴി ലോകസമാധാനത്തിന് വേണ്ടി പോരാടുകയും ചെയ്ത ഒരു അതുല്യ വനിതയായിരുന്നു മദർ തെരേസ എന്നും ബാവ തിരുമേനി കബറിടത്തിന് അരികിൽ നിന്ന് ഓർമ്മിപ്പിച്ചു. നാം ഓരോരുത്തരും പിന്തുടരേണ്ട പാതയാണ് ആ മഹത് വ്യക്തിത്വം കാണിച്ചുതന്നതെന്നും അതിലൂടെ ലോക നന്മയ്ക്കും സമാധാനത്തിനും വേണ്ടി പ്രവർത്തിക്കണമെന്നും ബാവ തിരുമേനി പ്രത്യാശ പ്രകടിപ്പിച്ചു. കൊൽക്കത്ത കത്തീഡ്രൽന്റെ 75 )o വാർഷീകത്തിനു നേതൃത്വം നൽകാൻ കൊൽക്കത്തയിലെത്തിയതായിരുന്നു മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ കാതോലിക്കാ ബാവ. മിഷനറീസ് ഓഫ് ചാരിറ്റീസ് ലെ സിസ്റ്റർസ് പരിശുദ്ധ കാതോലിക്ക ബാവായെ സ്വീകരിച്ച് മദറിന്റെ കബറിടത്തിലേക്ക് ആനയിച്ചു. ബാവയോടൊപ്പം കൊൽക്കത്ത ഭദ്രാസന അധിപൻ അഭി. അലക്‌സിയോസ് മാർ യൂസേബിയോസ് തിരുമേനി, കൊൽക്കത്ത കത്തീഡ്രൽ വികാരി ഫാ. അനിൽ, ഭിലായ് മിഷൻ ട്രസ്റ്റി ഫാ. അജു, ബാവായുടെ സെക്രട്ടറി ഡീക്കൻ ജോമോൻ, കത്തീഡ്രൽ ട്രസ്റ്റി ജോർജ് ഫിലിപ്പ് ,കൺവീനർ ജോസ് മുക്കത്തു ,ജോയിന്റ് കൺവീനർ ജേക്കബ് മാത്യു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.