വയനാട്: പ്രകൃതിക്ഷോഭത്തിന്റെ ഫലമായി നടന്ന ഉരുള്‍പൊട്ടലില്‍ വയനാടിന് കൈത്താങ്ങായി മമ്മൂട്ടി. മമ്മൂട്ടി നേതൃത്വം നല്‍കുന്ന അദ്ദേഹത്തിന്റെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും പ്രമുഖ വ്യവസായിയായ സി.പി സാലിയുടെ സി.പി ട്രസ്റ്റും സംയുക്തമായാണ് ദുരന്തനിവാരണത്തിനായ് വയനാട്ടിലേക്ക് പുറപ്പെടുന്നത്.

കഴിഞ്ഞദിവസം നടന്ന ഉരുള്‍പൊട്ടലില്‍ നിരവധി നാശ നഷ്ടങ്ങളാണ് വയനാട് ജില്ലയില്‍ സംഭവിച്ചത്. തല്‍ഫലമായി ദുരന്തത്തില്‍ പെട്ടവര്‍ക്ക് ആശ്വാസമാകാന്‍ മമ്മൂട്ടിയുടെ നേതൃത്വത്തില്‍ സി.പി ട്രസ്റ്റിന്റെ സഹായത്തോടെയാണ് ദുരന്തനിവാരണത്തിന് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നത്. ആംബുലന്‍സ് സര്‍വീസ്, പ്രഥമ ശുശ്രൂഷ മരുന്നുകള്‍, ഭക്ഷണപദാര്‍ത്ഥങ്ങള്‍, ആവശ്യത്തിനുള്ള വസ്ത്രങ്ങള്‍, ആവശ്യമായ പാത്രങ്ങള്‍, കുപ്പിവെള്ളം, കുടിവെള്ള ടാങ്കര്‍ മുതലായ അവശ്യ സാധനങ്ങളുമായാണ് കെയര്‍ ആന്‍ഡ് ഷെയറും സിപി ട്രസ്റ്റും സംയുക്തമായി പുറപ്പെടുന്നത്. വയനാടിനെ നടുക്കിയ ഈ വലിയ ദുരന്തം നമുക്ക് ഏറെ ദുഃഖകരമായ ഒന്നാണ്. എത്ര വലിയ ദുരന്ത ആയാലും വയനാടിനെ ചേര്‍ത്തുപിടിക്കുമെന്നും ആവശ്യത്തിനായി സാധനങ്ങള്‍ എത്തിച്ചു നല്‍കുമെന്നും കെയര്‍ ആന്‍ഡ് ഷെയര്‍ അറിയിച്ചു. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങള്‍ക്ക് നമ്മള്‍ കരുതലായി മാറണമെന്നും അതോടൊപ്പം കൂട്ടിച്ചേര്‍ത്തു. വയനാടിന്റെ ഈ അവസ്ഥയെ ഏതു വിധേനയും കരകയറ്റണമെന്നും അതിനായി നമ്മള്‍ ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും സി.പി ട്രസ്റ്റ് ചെയര്‍മാന്‍ സി.പി സാലി അഭിപ്രായപ്പെട്ടു.