കൊച്ചി: കൊച്ചി ആസ്ഥാനമായ സെന്റര്‍ ഫോര്‍ പബ്ലിക് പോളിസി റിസര്‍ച്ചിന്റെ (സിപിപിആര്‍) 20ാം വാര്‍ഷിക പരിപാടികളുടെ ഉദ്ഘാടനം ജൂലൈ 18ന് കൊച്ചിയില്‍ നടക്കും. കൊച്ചി എം.ജി റോഡിലെ ഗ്രാന്റ് ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കൊച്ചി കോര്‍പറേഷന്‍ മേയര്‍ എം അനില്‍കുമാര്‍ മുഖ്യ അതിഥിയായി പങ്കെടുക്കും. അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ പ്രൊഫ. അശുതോഷ് വര്‍ഷ്നി 'ഇന്ത്യയുടെ ജനാധിപത്യം: പരിണാമവും വെല്ലുവിളികളും' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും. 18ന് വൈകീട്ട് 4 മുതല്‍ 6 മണി വരെയാണ് പരിപാടി.

20ാം വാര്‍ഷികത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കാര്യപരിപാടികളാണ് സിപിപിആര്‍ പദ്ധതിയിടുന്നത്. പബ്ലിക് പോളിസി ഫെസ്റ്റിവല്‍, കൊച്ചി ഡയലോഗ്, കേരള വിഷന്‍ 2040, തുടങ്ങിയ പരിപാടികളാണ് പദ്ധതിയിലുള്ളത്. 2040ലേക്കുള്ള കേരളത്തിന്റെ വികസനം, സമ്പദ്വ്യവസ്ഥ, നിക്ഷേപങ്ങള്‍, ഗതാഗതം, അടിസ്ഥാന സൗകര്യങ്ങള്‍, നഗരവല്‍ക്കരണം, സാഹിത്യം തുടങ്ങിയവയെക്കുറിച്ചുള്ള സംഭാഷണങ്ങളാണ് കേരള വിഷന്‍ 2040ല്‍ ഉണ്ടാവുക. അന്താരാഷ്ട്രീയ വിഷയങ്ങളും ചര്‍ച്ചകളും ഉള്‍ക്കൊള്ളുന്നതാണ് കൊച്ചി ഡയലോഗ്. ദേശീയ തലത്തിലുള്ള വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പരിപാടിയാണ് പബ്ലിക് പോളിസി ഫെസ്റ്റിവല്‍. പദ്ധതികളുടെ ഔദ്യോഗിക പ്രഖ്യാപനം ഉദ്ഘാടന ചടങ്ങില്‍ നടത്തും.

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മുന്‍ ഡയറക്ടര്‍ വൈസ് അഡ്മിറല്‍ എം പി മുരളീധരന്‍, റോ മുന്‍ ചീഫ് ഹോര്‍മിസ് തരകന്‍, മുന്‍ അംബാസഡര്‍ വേണു രാജാമണി, മുന്‍ അംബാസഡര്‍ ടിപി ശ്രീനിവാസന്‍, ബാലഗോപാല്‍ ചന്ദ്രശേഖര്‍ ഐഎഎസ് (മുന്‍), പിആര്‍ ദേവി പ്രസാദ് ഐഇഎസ് (റിട്ട), കേരള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജി ഗോപകുമാര്‍, ഡോ. പാര്‍ഥ് ഷാ, ഡോ. ജോഷ്വ തോമസ്, ഡോ. രവികാന്ത് ജോഷി, ഡോ. ടി.വി. പോള്‍ തുടങ്ങിയവരാണ് സിപിപിആറിന്റെ ഉപദേശകരും സമിതി അംഗങ്ങളുമായി പ്രവര്‍ത്തിക്കുന്നത്.