ദക്ഷിൺ ധിനാജ്പൂർ (വെസ്റ്റ് ബംഗാൾ): എസ് എസ് എഫ് രണ്ടാമത് ദേശീയ സാഹിത്യോത്സവിൽ ജമ്മു കാശ്മീരിന് കലാകിരീടം. ഡൽഹി രണ്ടാംസ്ഥാനവും കേരളം മൂന്നാം സ്ഥാനവും നേടി. പെൻ ഓഫ് ദി ഫെസ്റ്റായി മുഹമ്മദ് സലീം (ജമ്മുകാശ്മീർ), സ്റ്റാർ ഓഫ് ദി ഫെസ്റ്റായി സുഫിയാൻ സർഫറാസ് (ഗുജ്റാത്ത്) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. 82 ഇനങ്ങളിൽ 26 സംസ്ഥാന ടീമുകൾ മത്സരിച്ച സാഹിത്യോത്സവിൽ 422 പോയിന്റുകളാണ് ജമ്മു കാശ്മീർ നേടിയത്. ഡൽഹി-267, കേരളം-244 പോയിന്റുകൾ വീതവും നേടി. ജേതാക്കൾക്ക് പശ്ചമ ബംഗാൾ ഉപഭോക്തൃകാര്യ മന്ത്രി ബിപ്ലബ് മിത്ര ട്രോഫി സമ്മാനിച്ചു.

മൂന്നു ദിവസങ്ങളിലായി ദക്ഷിൺ ധിനാജ്പൂർ ജില്ലയിലെ താപനിൽ നടന്നുവന്ന സാഹിത്യോത്സവിന് ഇതോടെ സമാപ്തിയായി. സമാപന സമ്മേളനം മന്ത്രി ബിപ്ലബ് മിത്ര ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ദേശീയ സമിതി ഉപാധ്യക്ഷൻ സിപി ഉബൈദുല്ല സഖാഫി അധ്യക്ഷത വഹിച്ചു. ബലൂർഗട്ട് നഗരസഭ ചെയർമാൻ അശോക് മിത്ര, സെൻട്രൽ കോഓപറേറ്റീവ് ബാങ്ക് പ്രസിഡന്റ് ബിപ്ലവ് ഖാ, സാമൂഹിക പ്രവർത്തകൻ ശർദുൽ മിത്ര, ജില്ലാ പഞ്ചായത്ത് അംഗം മാഫിജുദ്ദീൻ മിഅ, ആരോഗ്യ സമിതി ചെയർമാൻ അംജദ് മണ്ടൽ, പഞ്ചായത്ത് സമിതി അംഗം രാജുദാസ് സംബന്ധിച്ചു. എസ് എസ് എഫ് മുൻ ദേശീയ പ്രസിഡന്റ് ശൗക്കത്ത് നഈമി അൽ ബുഖാരി അഭിവാദ്യ പ്രസംഗം നടത്തി. എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ. പിഎ ഫാറൂഖ് നഈമി, ജന. സെക്രട്ടറി നൗശാദ് ആലം മിസ്ബാഹി, ഫിനാൻസ് സെക്രട്ടറി സുഹൈറുദ്ദീൻ നൂറാനി, സെക്രട്ടറിമാരായ സൈഉർറഹ്മാൻ റസ്വി, ശരീഫ് നിസാമി, ആർ എസ് സി. ഗൾഫ് കൺവീനർ മുഹമ്മദ് വിപികെ സംസാരിച്ചു. 2023ലെ സാഹിത്യോത്സവ് ആന്ധ്രപ്രദേശിൽ വെച്ചു നടക്കുമെന്ന പ്രഖ്യാപനവും സമാപനത്തിൽ നടന്നു.
മൂന്നു ദിവസങ്ങളിലായി നടന്നുവന്ന ദേശീയ സാഹിത്യോത്സവിൽ 26 സംസ്ഥാനങ്ങളിൽനിന്നായി 637 സർഗപ്രതിഭകളാണ് മത്സരിച്ചത്. താപ്പനിലെ തൈ്വബ ഗാർഡനിൽ നടന്ന സാഹിത്യോത്സവിൽ ഉറുദു, ഹിന്ദി, ഇംഗ്ലീഷ്, അറബി ഭാഷകളിൽ സർഗകലകളുടെ രംഗാവതരണങ്ങളും എഴുത്തും വരകളും അരങ്ങേറി. ബംഗാൾ ഗ്രാമത്തിലെ വയലേലകളിൽ സംഗീതവും ധൈഷണിക വിചാരങ്ങളും കാറ്റുപടർത്തിയ മൂുന്നു ദിനരാത്രങ്ങളാണ് ദേശീയ സാഹിത്യോത്സവ് സമ്മാനിച്ചത്. രാജ്യത്തിന്റെ സാംസ്‌കാരിക ഭാഷാ വൈവിധ്യങ്ങളുടെും വൈജ്ഞാനിക മികവുകളുടെയും സംഗമദിനങ്ങൾ സൃഷ്ടിച്ചാണ് സാഹിത്യോത്സവിന് കൊടിയിറങ്ങിയത്.

എസ് എസ് എഫ് സാഹിത്യോത്സവ് ദേശീയ മാതൃകയെന്ന് ബംഗാൾ മന്ത്രി
ദക്ഷിൺ ധിനാജ്പൂർ (വെസ്റ്റ് ബംഗാൾ): രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കലാ സാഹിത്യ പ്രതിഭകൾക്ക് ഒരുമിച്ചു ചേരാൻ വേദിയൊരുക്കുന്ന എസ് എസ് എഫ് സാഹിത്യോത്സവ് രാജ്യത്തിനു നൽകുന്നത് ദേശീയോദ്‌ഗ്രഥന മാതൃകയാണെന്ന് പശ്ചിമ ബംഗാൾ ഉപഭോക്തൃകാര്യ മന്ത്രി ബിപ്ലബ് മിത്ര പറഞ്ഞു. ദേശീയ സാഹിത്യോത്സവ് സമാനപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരെ ചേർത്തു നിർത്തുന്ന സംരംഭങ്ങൾക്ക് ഇക്കാലത്ത് പ്രസക്തിയുണ്ട്. ഭാഷാ-ദേശ വിവേചനങ്ങളില്ലാതെ ഒത്തുചേരാനുള്ള അവസരങ്ങൾ ഉണ്ടാകണം. കലകൾക്കും സാഹിത്യത്തിനും മനുഷ്യരിലെ നന്മകളെയും ചിന്തകളെയും ഉണർത്താൻ സാധിക്കും. വിദ്യാഭ്യാസത്തിൽ ഏറെ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിൽ ആരംഭിച്ച സാഹിത്യോത്സവിന് കേരളത്തിനു പുറത്തേക്കു വളരാൻ സാധിച്ചത് പ്രശംസനീയമാണ്. ബംഗാളിൽ സാഹിത്യോത്സവ് നടത്തിയതിൽ സന്തോഷമുണ്ടെന്നും കേരളത്തിൽനിന്നുള്ള സന്നദ്ധസംഘടനകൾ ബംഗാൾ ജനതയുടെ വിദ്യാഭ്യാസ പുരോഗതിക്കായി പ്രവർത്തിക്കുന്നത് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.