ഉദയ്പൂർ: ചരിത്രപ്രസിദ്ധമായ ഉദയ്പൂർ പടിക്കിണർ സംരക്ഷണത്തിന് പ്രതിജ്ഞയെടുത്ത് രാജസ്ഥാനിലെ പര്യാവരൺ സംരക്ഷണ ഗതിവിധി പ്രവർത്തകർ. മഹാറാണാ പ്രതാപിന്റെ കിരീടധാരണസ്മാരക സ്ഥാനത്തെ പടിക്കിണറാണ് സംരക്ഷിക്കുന്നത്. പ്രദേശം ശുചീകരിച്ചുകൊണ്ട് ഇതിനുള്ള നടപടികൾ ആരംഭിച്ചു. പതിനഞ്ചാം നൂറ്റാണ്ടിൽ ജലസംരക്ഷണത്തിനായി ഉപയോഗിച്ചിരുന്നതാണ് ഇത്തരത്തിലുള്ള പടിക്കിണറുകൾ. ജലസംരക്ഷണത്തിനായുള്ള പുരാതന അറിവുകളെ പ്രതിഫലിപ്പിക്കുന്നതും ഭാരതീയ വാസ്തുവിദ്യ പ്രകടമാക്കുന്നതുമാണിത്.

എന്നാൽ കാലങ്ങളായി സംരക്ഷിക്കാത്തതു കാരണം ഇത് നാശോന്മുഖമാണ്. പടിക്കിണറ്റിൽ കിടന്നിരുന്ന മൺകല്ലുകൾ ഇന്നലെ പുറത്തെടുത്തു. എല്ലാ ഞായറാഴ്ചകളിലും ശ്രമദാനത്തിലൂടെ ഈ ചരിത്രപ്രസിദ്ധമായ പടിക്കിണർ വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്ന് പ്രാന്ത പര്യാവരൺ സംയോജക് കാർത്തികേയ നാഗർ പറഞ്ഞു.പ്ലാസ്റ്റിക്ക് പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷങ്ങളെക്കുറിച്ച് പരിസ്ഥിതിപ്രവർത്തകനായ ജസ്വന്ത് പുണ്ഡിർ സംസാരിച്ചു. മണ്ണിൽ കുഴിച്ചിട്ടതുകൊണ്ട് പ്ലാസ്റ്റിക് നശിക്കുകയില്ല, അത് ഭൂമിയുടെ ആത്മാവിനെ തന്നെ പല തരത്തിൽ ഇല്ലാതാക്കുമെന്ന് അദ്ദേഹം പറഞ്ഞു.