- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ സ്കിൽസ് 2023-24: ദേശീയ മത്സരം വൈവിധ്യമാർന്ന കഴിവുകൾ പ്രകടിപ്പിക്കാനും നൈപുണ്യ നിലവാരം ഉയർത്താനും ലക്ഷ്യമിടുന്നു
ന്യൂഡൽഹി, ഡിസംബർ 12, 2023 : നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന് (MSDE) കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (NSDC) മെഗാമത്സരമായ ഇന്ത്യ സ്കിൽസ് 2023-24- ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന ഒരു പാൻ-ഇന്ത്യ മത്സരത്തിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു. ഈ അഭിമാനകരമായ ഇവന്റ് നിരവധി നൈപുണ്യങ്ങളെ ആഘോഷിക്കുവാനും അവസരങ്ങൾ നിറഞ്ഞ ഒരു ഭാവി വിഭാവനം ചെയ്യുവാൻ വ്യക്തികളെ ശാക്തീകരിക്കുന്നതിനും ശ്രമിക്കുന്നു.
വിവിധ വ്യവസായങ്ങളുമായി സമന്വയം വളർത്തിയെടുക്കുന്നതിനും ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി പരിശീലന മാനദണ്ഡങ്ങൾ സജ്ജീകരിക്കുന്നതിനുമാണ് ഇന്ത്യാ സ്കിൽസ് മത്സരം രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2024-ൽ ഫ്രാൻസിലെ ലിയോണിൽ നടക്കുന്ന വേൾഡ് സ്കിൽസ് കോമ്പിറ്റീഷനിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവസരമെന്ന ആത്യന്തിക സമ്മാനവുമായി മത്സരാർത്ഥികൾ- ജില്ല, സംസ്ഥാനം, സോണൽ, നാഷനൽ എന്നിങ്ങനെ വിവിധ തലങ്ങളിൽ കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് വിധേയരാകും.
രാജ്യമെമ്പാടുമുള്ള ഉദ്യോഗാർത്ഥികളെ അവരുടെ കഴിവുകളും നൈപുണ്യങ്ങളും പ്രകടിപ്പിക്കാൻ ക്ഷണിക്കുന്ന ഈ മഹത്തായ പരിപാടിക്കായുള്ള രജിസ്ട്രേഷൻ, സ്കിൽ ഇന്ത്യ ഡിജിറ്റൽ വെബ്സൈറ്റിൽ ആരംഭിച്ചു. നൈപുണ്യ മികവിന്റെ സുവർണ്ണ നിലവാരമായി കണക്കാക്കപ്പെടുന്ന മത്സരം യുവ മത്സരാർത്ഥികൾക്ക് പുതിയ ഉയരങ്ങളിലെത്താനും അവരുടെ അഭിനിവേശത്തെ ഒരു പ്രൊഫഷനാക്കി മാറ്റാനുമുള്ള ഒരു വേദിയായി വർത്തിക്കുന്നു.
NSDC സിഇഒ-യും NSDC ഇന്റർനാഷണൽ എം.ഡി-യുമായ വേദ് മണി തിവാരി, വളർന്നുവരുന്ന പ്രൊഫഷണലുകളുടെ കരിയർ മുന്നോട്ട് കൊണ്ടുപോകുന്നതിൽ ഇന്ത്യാ സ്കിൽസിന്റെ പങ്കിനെക്കുറിച്ച് ഊന്നിപ്പറഞ്ഞു. പങ്കെടുക്കുന്നവർക്ക് അവരുടെ കഴിവുകൾ പൂർണതയോടെ പ്രകടിപ്പിക്കാനുള്ള അവസരം നൽകുന്നതിൽ മത്സരത്തിന്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു.
കൂടാതെ, നൈപുണ്യ അന്തരം നികത്തുന്നതിനും യുവാക്കളെ എന്നും വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന തൊഴിൽ വിപണിക്കായി സജ്ജരാക്കുന്നതിനും, കഴിവ്, മികവ്, ഉൽപ്പാദനക്ഷമത എന്നിവയുടെ ലോകോത്തര നിലവാരം കൈവരിക്കാൻ അവരെ സഹായിക്കുന്നതിനും ഇന്ത്യാസ്കിൽസ് മത്സരം ഗവൺമെന്റുകൾ, വ്യവസായം, അക്കാദമിക് രംഗം എന്നിവ തമ്മിലുള്ള സഹകരണം സുഗമമാക്കുന്നു.
കൺസ്ട്രക്ഷൻ ആൻഡ് ബിൽഡിങ് ടെക്നോളജി, ഓട്ടോമോട്ടീവ് ടെക്നോളജി, ഫാഷൻ ടെക്നോളജി, ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി, മാനുഫാക്ചറിങ് ആൻഡ് എഞ്ചിനീയറിങ് ടെക്നോളജി, സോഷ്യൽ, പേഴ്സണൽ സർവീസ് മേഖലകൾ കൂടാതെ വളർന്നുവരുന്ന മേഖലകളായ ഇൻഡസ്ട്രി 4.0, സൈബർ സുരക്ഷ എന്നിവയുൾപ്പെടെ വിവിധ മേഖലകളിലുള്ള 61 നൈപുണ്യങ്ങളിലായി 26 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള മത്സരാർത്ഥികൾ പങ്കാളികളാകും.
നൈപുണ്യങ്ങളുടെ ഈ സംഗമം നമ്മുടെ യുവാക്കളുടെ കരിയറിനെ രൂപപ്പെടുത്തുക മാത്രമല്ല, സർക്കാരുകൾ, വ്യവസായ പ്രമുഖർ, അക്കാദമിക് വിദഗ്ദ്ധർ എന്നിവർക്കിടയിലുള്ള സഹകരണത്തിനുള്ള അടിത്തറയിടുകയും ചെയ്യുന്നു. കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, വിദ്യാഭ്യാസ മന്ത്രി ശ്രീ. ധർമേന്ദ്ര പ്രധാൻ 2023 ഒക്ടോബർ 17-ന് പ്രഖ്യാപിച്ച മത്സരം സംസ്ഥാന സർക്കാരുകൾ, വ്യവസായ സ്ഥാപനങ്ങൾ, സെക്ടർ സ്കിൽ കൗൺസിലുകൾ (എസ്.എസ്.സി), സ്റ്റേറ്റ് സ്കിൽ ഡെവലപ്മെന്റ് മിഷനുകൾ (എസ്.എസ്.ഡി.എം), കോർപ്പറേറ്റുകൾ, പങ്കാളിത്ത സ്ഥാപനങ്ങൾ എന്നിവയുടെ പിന്തുണയോടെ രണ്ടുവർഷത്തിലൊരിക്കലാണ് നടക്കുക.
രാജ്യത്തെ ഏറ്റവും വലിയ നൈപുണ്യ മത്സരം എന്നുവിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യസ്കിൽസ്, യുവാക്കൾക്ക് നൈപുണ്യത്തിന്റെ ഉയർന്ന നിലവാരം പ്രകടിപ്പിക്കാനും അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുമുള്ള വേദിയൊരുക്കാനും ഒരുങ്ങുകയാണ്. താഴെത്തട്ടിൽ എത്താനുള്ള സാധ്യതയോടെ, ഇന്ത്യാ സ്കിൽസ് 2023-24 രാജ്യത്തിന്റെ നൈപുണ്യ പ്രക്രിയാ രംഗത്ത് ദീർഘകാല സ്വാധീനം ചെലുത്താൻ സജ്ജമാണ്.