- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിങ്കളാഴ്ച പുലര്‍ച്ചെ 12.19 ന് ആദ്യ കേസ്; ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ കേസ് ഈ കുറ്റത്തിന്
മലപ്പുറം: ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള കേരളത്തിലെ ആദ്യ കേസ് ഹെല്‍മറ്റില്ലാ യാത്രയ്ക്ക്. മലപ്പുറം കൊണ്ടോട്ടി സ്റ്റേഷനാണ് ആദ്യമായി ഭാരതീയ ന്യായ് സംഹിത പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത സ്റ്റേഷന്‍. ഇരുച്ചക്ര വാഹനത്തില്‍ ഹെല്‍മറ്റില്ലാതെ സഞ്ചരിച്ച യുവാവിനെതിരെയാണ് കേസ് എടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെ 12.19നാണ് കേസ് റജിസ്റ്റര്‍ ചെയ്തതെന്ന് കൊണ്ടോട്ടി സ്റ്റേഷന്‍ എസ്എച്ച്ഒ ദീപകുമാര്‍ പറഞ്ഞു.
സംസ്ഥാനത്തെ ആദ്യ കേസാണിത്. ക്രൈം നമ്പര്‍ 936 പ്രകാരം കര്‍ണാടക കൊടക് മടികേരി സ്വദേശിയായ മുഹമ്മദ് ഷാഫിക്കതിരെയാണ് കേസെടുത്തിരിക്കുന്നത്. പാലക്കാട് ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് ഹെല്‍മറ്റ് ധരിക്കാതെയും അശ്രദ്ധയോടെയും വാഹനം ഓടിച്ചതിനാണ് കേസ്. കൊളത്തൂര്‍ എന്ന സ്ഥലത്തുവച്ചാണ് ഇയാളെ പിടികൂടിയത്. KL-65-A-2983 ആയിരുന്നു മുഹമ്മദ് ഷാഫിയുടെ വണ്ടി നമ്പര്‍. അശ്രദ്ധമായും അപകടം വരത്തക്ക രീതിയിലുമാണ് മുഹമ്മദ് ഷാഫി വാഹനം ഓടിച്ചതെന്ന് എസ്എച്ച്ഒ പറഞ്ഞു. പ്രതിയെ കേസെടുത്ത ശേഷം നോട്ടീസ് നല്‍കി വിട്ടയച്ചതായും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ആദ്യ കേസ് ഡല്‍ഹിയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. കമലാ മാര്‍ക്കറ്റ് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 285 അനുസരിച്ച് ഫുട്പാത്ത് കൈയേറി കച്ചവടം നടത്തിയതിന് ഒരു തെരുവ് കച്ചവടക്കാരനെതിരെയാണ് രാജ്യത്തെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. ഡല്‍ഹി റെയില്‍വെ സ്റ്റേഷനിലായിരുന്നു ഇയാളുടെ കച്ചവടം.