- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട്ടെ പഴയ വ്യവസായശാലകൾ ഐടി സ്പേസുകളാക്കണം- മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: കോഴിക്കോട് സൈബർപാർക്കിലെ ഐടി സ്‌പേസ് മുഴുവൻ തീർന്ന സാഹചര്യത്തിൽ നഗരത്തിലെ പഴയ വ്യവസായശാലകൾ ഐടിക്കായി ഉപയോഗപ്പെടുത്തണമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരള ടെക്‌നോളജി എക്‌സ്‌പോയുടെ ഉദ്ഘാടനം കാലിക്കറ്റ് ട്രേഡ് സെന്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വലിയ വ്യവസായശാലകളുടെ കേന്ദ്രമായിരുന്നു കോഴിക്കോട്. എന്നാൽ ഇന്ന് പലതും പ്രവർത്തനരഹിതമായി കിടക്കുകയാണ്. ഇത്തരം സ്ഥലങ്ങൾ കൂടുതലും നദീതീരത്താണ് സ്ഥിതി ചെയ്യുന്നത്. ഈ ഇടങ്ങൾ ഐടി ഓഫീസുകൾക്കുള്ള സ്ഥലമായി മാറ്റിയാൽ മനോഹരമായ തൊഴിലിടങ്ങളായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് ഐടി ഹബ്ബായ ബംഗളുരുവിൽ നിന്ന് വയനാട്ടിലേക്ക് ഐടി ജീവനക്കാരെ എത്തിക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നുവെന്ന് മന്ത്രി ഓർമ്മിച്ചു. ഇതുവഴി ആഭ്യന്തര ടൂറിസത്തിനും വലിയ ഉണർവുണ്ടാവുകയും 2023 ൽ ഏറ്റവും മികച്ച പ്രകടനം കേരള ടൂറിസം നടത്തുകയും ചെയ്തു. നൂതനത്വത്തിന്റെ കേന്ദ്രമായി കോഴിക്കോടിനെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ കെടിഎക്‌സ് 2024 ന് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോഴിക്കോട് സൈബർ പാർക്ക് അടക്കം ഒമ്പത് പ്രമുഖ അക്കാദമിക്-വ്യവസായ സ്ഥാപനങ്ങൾ ചേർന്ന് രൂപീകരിച്ച സിഐടിഐ 2.0 (കാലിക്കറ്റ് ഇനൊവേഷൻ & ടെക്‌നോളജി ഇനിഷ്യേറ്റീവ്)യുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആറായിരത്തിലധികം പ്രതിനിധികൾ, 200 ലേറെ പ്രദർശന സ്റ്റാളുകൾ, രാജ്യാന്തര പ്രശസ്തിയാർജ്ജിച്ച 100 ലേറെ പ്രഭാഷകർ തുടങ്ങിയവർ മൂന്ന് ദിവസം നീണ്ടു നിൽക്കു ഉച്ചകോടിയിൽ പങ്കെടുക്കും.
മലബാർ മേഖലയുടെ ഐടി വ്യവസായ വികസനത്തിനുള്ള ഉറച്ച കാൽവയ്പായ സിഐടിഐ 2.0 യുടെ ഉദ്യമത്തിന് സർക്കാരിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് മന്ത്രി ഉറപ്പു നൽകി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച യുവജനതയാണ് നമ്മുടേത്. ലോകത്തിലെ സാങ്കേതികവിദ്യാ വ്യവസായങ്ങൾക്കുള്ള മനുഷ്യവിഭവ ശേഷിയിലും നമുക്ക് ഏറെ സംഭാവനകൾ നൽകാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് സൈബർപാർക്കിനു സമീപത്തുകൂടി കടന്നു പോകുന്ന ആറുവരി ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ ഈ മേഖലയുടെ സമഗ്രവികസനം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
മികച്ച ധനശേഷിയുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഐടി വ്യവസായത്തിന്റെ സുസ്ഥിര വളർച്ചയിൽ പ്രധാനപങ്ക് വഹിക്കാനാകുമെന്ന് ചടങ്ങിൽ സംസാരിച്ച കോഴിക്കോട് സൈബർപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ ചൂണ്ടിക്കാട്ടി.
മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എം എ മെഹ്ബൂബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐഐഎം കോഴിക്കോട് ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജി, ടാറ്റ എൽക്‌സി എംഡിയും സിഇഒയുമായ മനോജ് രാഘവൻ, തോൺടൺ ഭാരത് എൽഎൽപിയുടെ നാഷണൽ ലീഡ് ഫോർ ഗവൺമന്റ് രാമേന്ദ്രവർമ്മ, കെഎസ്ടിഐൽ എംഡി ഡോ. സന്തോഷ് ബാബു, ഗ്രാൻ തോൺടൺ മേധാവി പ്രസാദ് ഉണ്ണികൃഷ്ണന്, സിഐടിഐ 2.0 ചെയർമാൻ അജയൻ കെ അനാട്ട് ജന. സെക്രട്ടറി അനിൽ ബാലൻ തുടങ്ങിയവർ സംസാരിച്ചു.