- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐടി വ്യവസായ വികസനം; രാജ്യത്തെ രണ്ടാംനിര നഗരങ്ങളിൽ മുന്നിലെത്താൻ കോഴിക്കോട്
കോഴിക്കോട്: രാജ്യത്തെ രണ്ടാംനിര നഗരങ്ങളിൽ ഐടി വ്യവസായവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം സാധ്യതയുള്ള നഗരമാണ് കോഴിക്കോടെന്ന് കെടിഎക്‌സ് 2024 സമ്മേളനത്തിൽ വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. നൂറ്റാണ്ടുകളുടെ പാരമ്പര്യം, ബഹുസ്വരത, ഭൂപ്രകൃതി, മികച്ച അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കോഴിക്കോടിനെ വേറിട്ടു നിറുത്തുന്നുവെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
രാജ്യത്തെ രണ്ടാംനിര നഗരങ്ങൾക്ക് മാതൃകയാകാനുള്ള മികച്ച ശേഷി കോഴിക്കോടിനുണ്ടെന്ന് സൈബർപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ ചൂണ്ടിക്കാട്ടി. തൊഴിലിടത്തോടുള്ള ഐടി ജീവനക്കാരുടെ കാഴ്ചപ്പാടിന് കഴിഞ്ഞ നാല് വർഷത്തിനിടയിൽ ക്രിയാത്മകമായ മാറ്റമുണ്ടായി. വൻനഗരങ്ങളോട് കിടപിടിക്കുന്ന സൗകര്യങ്ങളുള്ള ചെറുനഗരങ്ങളോടാണ് ഐടി ജീവനക്കാരുടെ സമൂഹത്തിന് ഇപ്പോൾ താത്പര്യം. ഇവരെ ആകർഷിക്കുന്നതിനുള്ള എല്ലാ വിഭവങ്ങളും കോഴിക്കോടുണ്ട്.
മികച്ച ജീവിതനിലവാരം, രുചികരമായ ഭക്ഷണവൈവിദ്ധ്യങ്ങൾ, മികച്ച ഗതാഗതസൗകര്യങ്ങൾ, ഗൾഫ് രാജ്യങ്ങളുമായി തുടരുന്ന നൂറ്റാണ്ടുകളായുള്ള വാണിജ്യബന്ധം എന്നിവയെല്ലാം ഐടി വ്യവസായത്തിന്റെ വികസനത്തിന് ഉപയുക്തമാക്കാവുന്ന ഘടകങ്ങളാണ്. ധനശേഷിയുള്ള വ്യക്തികളും സ്ഥാപനങ്ങളും നിരവധിയുള്ള ഈ മേഖലയിൽ ഐടി വ്യവസായത്തിലെ നിക്ഷേപത്തിനും സാധ്യതകളേറെയാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനസർക്കാർ ക്രോഡീകരിക്കുന്ന പുതിയ ഐടി നയത്തിൽ വികേന്ദ്രീകൃതമായ ഐടി വ്യവസായത്തിന്റെ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുന്നുണ്ടെന്ന് കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്(കെഎസ്‌ഐടിഐഎൽ) എം ഡി സന്തോഷ് ബാബു ചൂണ്ടിക്കാട്ടി. ഉപയോഗപ്പെടുത്താൻ നിരവധി സാധ്യതകളുണ്ടെന്നതാണ് കോഴിക്കോടിന്റെ ഏറ്റവും വലിയ മേ?യെന്ന് അദ്ദേഹം പറഞ്ഞു. ദേശീയപാതാവികസനത്തിലൂടെ മികച്ച റോഡ് കണക്ടിവിറ്റി, നൂറു കിമി ചുറ്റളവിൽ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ, മികച്ച സൗകര്യങ്ങളുടെ സൈബർ പാർക്ക് തുടങ്ങിയവ കോഴിക്കോടിന്റെ സാധ്യതകൾ വർധിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഐടി നഗരമായി മാറുന്നതിന് കോഴിക്കോട് സ്വയം പാകപ്പെടുത്തിയെടുക്കേണ്ടതുണ്ടെന്ന് ജില്ലാകളക്ടർ സ്‌നേഹിൽ കുമാർ സിങ് ചൂണ്ടിക്കാട്ടി. തമിഴ്‌നാട് , കർണാടകം പോലുള്ള സംസ്ഥാനങ്ങൾ മുന്നോട്ടു വയ്ക്കുന്നതു പോലുള്ള സൗകര്യങ്ങൾ കേരളത്തിൽ അപ്രായോഗികമാണ്. എന്നാൽ കോഴിക്കോട്ടെ ബിസിനസ് സമൂഹം കൂട്ടായി പരിശ്രമിച്ചാൽ വൻകിട ഐടി കമ്പനികൾ പോലും പ്രവർത്തനം തുടങ്ങാൻ ആഗ്രഹിക്കുന്ന രീതിയിലുള്ള ആവാസവ്യവസ്ഥ ഇവിടെ ഒരുക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫ് മേഖലയുമായി കോഴിക്കോടിനുള്ള പരമ്പരാഗത ബന്ധം ഐടി മേഖലയിൽ ഇപ്പോഴും സജീവമായി തുടരുന്നുണ്ടെന്ന് കോഴിക്കോട് സൈബർപാർക്ക് ജനറൽ മാനേജർ വിവേക് നായർ പറഞ്ഞു. സൈബർപാർക്കിലുള്ള പല കമ്പനികൾക്കും ഗൾഫ് മേഖലയിൽ സജീവ സാന്നിദ്ധ്യവും ഉപഭോക്താക്കളുമുണ്ട്. ഐടി കമ്പനികൾ ഈ സാധ്യത ഉപയോഗപ്പെടുത്തിയാൽ മികച്ച ഐടി നഗരമായി കോഴിക്കോട് മാറുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് സൈബർ പാർക്ക് അടക്കം ഒമ്പത് പ്രമുഖ അക്കാദമിക്-വ്യവസായ സ്ഥാപനങ്ങൾ ചേർന്ന് രൂപീകരിച്ച സിഐടിഐ 2.0 (കാലിക്കറ്റ് ഇനൊവേഷൻ & ടെക്‌നോളജി ഇനിഷ്യേറ്റീവ്)യുടെ നേതൃത്വത്തിലാണ് കെടിഎക്‌സ് 2024 സംഘടിപ്പിച്ചത്.