- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിദ്ധാർഥിന്റെ മരണത്തിന് ഉത്തരവാദികളായ എസ്എഫ്‌ഐ നേതാക്കൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണം; റസാഖ് പാലേരി
തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ എസ് എഫ് ഐ യുടെ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സിദ്ധാർഥിന്റെ മരണത്തിന് ഉത്തരവാദികളായ എസ്എഫ്‌ഐ നേതാക്കൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ആവശ്യപ്പെട്ടു.മരണപ്പെട്ട സിദ്ധാർഥിന്റെ വീട്ടിൽ മാതാപിതാക്കളെ സന്ദർശിച്ചതിനു ശേഷം സംസാരിക്കായിരുന്നു അദ്ദേഹം.
കോളേജിലെ സഹപാഠികൾക്ക്, അതും ഒരു വിദ്യാർത്ഥി സംഘടനയുടെ ഉത്തരവാദപ്പെട്ട നേതാക്കൾക്ക് ഇത്തരത്തിലുള്ള ഒരു ഭീകരത എങ്ങനെ ചെയ്യാൻ സാധിക്കുന്നു എന്ന രക്ഷിതാക്കളുടെ നിഷ്‌കളങ്കമായ ചോദ്യങ്ങൾക്ക് മുമ്പിൽ ഉത്തരങ്ങളില്ല. കുടുംബം ഏറെ പ്രതീക്ഷയോടെ പഠനത്തിനയിച്ച മകന്റെ ദുരൂഹ മരണത്തിൽ സങ്കടപ്പെടുന്നവരെ ആശ്വസിപ്പിക്കാൻ വാക്കുകൾ ഇല്ല.
മനുഷ്യത്വത്തെ മരവിപ്പിക്കുന്ന അത്യന്തം ഹീനമായ അതിക്രമങ്ങളാണ് എസ് എഫ് ഐ യുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. കേരളത്തിലെ ക്യാമ്പസുകളിൽ എസ് എഫ് ഐ പൊലീസിങ് ഒരു യാഥാർഥ്യമാണ്. അത് തുറന്ന് പറഞ്ഞ അദ്ധ്യാപകരും വിദ്യാർത്ഥികളും നിരവധിയാണ്. സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് പോലും ഒരവസരത്തിൽ അത് തുറന്നു സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. എത്ര വിദ്യാർത്ഥികളുടെ ഭാവിയും ജീവിതവും ആണ് എസ്.എഫ്.ഐയുടെ കൊലപാതക രാഷ്ട്രീയം കൊണ്ട് ഇല്ലാതായത് .വിദ്യാർത്ഥികളെ കൊലയ്ക്ക് കൊടുക്കുന്ന പ്രവർത്തന ശൈലി മാറ്റാൻ എസ് എഫ് ഐ തയ്യാറാകാത്തത് വെല്ലുവിളിയാണ്.
ഭരണ പാർട്ടിയുടെ വിദ്യാർത്ഥി നേതാക്കളാണ് തങ്ങളെന്ന അഹന്തയോടു കൂടിയാണ് ക്യാമ്പസുകളിൽ എസ്എഫ്‌ഐ നേതാക്കൾ പെരുമാറുന്നത്. ക്യാമ്പസുകളെ അക്രമ രാഷ്ട്രീയത്തിൽ നിന്നും റാഗിങ് ഭീകരതയിൽ നിന്നും മോചിപ്പിക്കാൻ നടക്കുന്ന ശ്രമങ്ങൾക്ക് മുമ്പിൽ എസ് എഫ് ഐ ആണ് വിലങ്ങു തടിയായി നിൽക്കുന്നത്.
സിദ്ധാർഥിന്റെ മരണം കൊലപാതകമാണെന്ന് കുടുംബം ഉറച്ചു വിശ്വസിക്കുന്നുണ്ട്.അങ്ങനെ കരുതാനുള്ള എല്ലാ സാഹചര്യങ്ങളും നിലവിലുണ്ട്. അതിനാൽ നിഷ്പക്ഷമായ സമഗ്രാന്വേഷണം അനിവാര്യമാണ്.നേരിട്ടും അല്ലാതെയും കുറ്റകൃത്യത്തിൽ പങ്കാളികളായ മുഴുവൻ പേരെയും നിയമത്തിന് മുമ്പിൽ കൊണ്ട് വരണം. ഭരണപക്ഷത്തിന്റെ വിദ്യാർത്ഥി സംഘടനയിലെ നേതാക്കളാണ് പ്രതികൾ എന്നതിനാൽ കേസ് വഴി തിരിച്ചു വിടാനുള്ള സാധ്യത കൂടുതലാണ്. ഇക്കാര്യത്തിൽ പൊതു ജാഗ്രത ആവശ്യമാണെന്നും അപമാനകരമായ ക്യാമ്പസ് കൊലപാതക രാഷ്ട്രീയത്തിനെതിരെ കേരളീയ സമൂഹത്തിൽ നിന്ന് യോജിച്ച സമീപനം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.