- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികപുസ്തകോൽസവം തിരുവനന്തപുരത്ത് അയ്യൻകാളി ഹാളിൽ ആരംഭിച്ചു
തിരുവനന്തപുരം : കേരള സർക്കാർ സാംസ്‌കാരിക വകുപ്പിനുകീഴിലുള്ള കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനിക പുസ്തകോത്സവത്തിന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ തുടക്കമായി. പുസ്തകോൽസവത്തിന്റെ ഉദ്ഘാടനം സാംസ്‌കാരികവകുപ്പ് ഡയറക്ടർ എൻ. മായ ഐ.എഫ്.എസ് നിർവഹിച്ചു. ഡയറക്ടർ ഡോ.എം. സത്യൻ ആധ്യക്ഷ്യം വഹിച്ചു. അസി. ഡയറക്ടർമാരായ ഡോ.ഷിബു ശ്രീധർ, ഡോ.ജിനേഷ് കുമാർ എരമം, എഫ്.എ. സാജുമോൻ എസ്., പി.ആർ.ഒ. റാഫി പൂക്കോം എന്നിവർ സംസാരിച്ചു.
ശാസ്ത്രം, എൻജിനീയറിങ്, ഭാഷ,സാഹിത്യം, കലകൾ, സാമൂഹികശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, ഭാഷാശാസ്ത്രം,കൃഷി, കായികം, ഗണിതശാസ്ത്രം, രസതന്ത്രം, ഭൗതികശാസ്ത്രം, ആരോഗ്യശാസ്ത്രം, ജന്തുശാസ്ത്രം, ഇൻഫർമേഷൻ ടെക്‌നോളജി, ഫോക്ലോർ, നാടകം, സംഗീതം,
സിനിമ, ചിത്രകല, കേരളചരിത്രം, ഇന്ത്യചരിത്രം, ലോകചരിത്രം, രാഷ്ട്രതന്ത്രം,സാമ്പത്തികശാസ്ത്രം, ടൂറിസം, മാനേജ്‌മെന്റ്, സഹകരണം, വിദ്യാഭ്യാസം, മനഃശാസ്ത്രം, തത്വശാസ്ത്രം, നിയമം, ആധ്യാത്മികം, ജേണലിസം, ജീവചരിത്രം,സ്ത്രീപഠനം, ശബ്ദാവലികൾ, നിഘണ്ടുക്കൾ, പദകോശം തുടങ്ങിയ വിഭാഗങ്ങളിൽ വൈവിധ്യമാർന്ന ഗ്രന്ഥങ്ങൾ മാർച്ച് 7 വരെ നടക്കുന്ന മെഗാപുസ്തകമേളയിൽ ലഭ്യമാണ്.
വിവർത്തന ഗ്രന്ഥങ്ങളായ സാമുവൽ മെറ്റീറിന്റെ ഞാൻ കണ്ട കേരളം, എ.എൽ. ബാഷാമിന്റെ ഇന്ത്യ എന്ന വിസ്മയം, റോബർട്ട് കാനിഗലിന്റെ അനന്തം എന്തെന്നറിഞ്ഞ ആൾ, ഇർഫാൻഹബീബിന്റെ ഭാരതീയജനചരിത്രം (വാല്യം 1, 3, 6, 20), ഐസക് അസിമോവിന്റെ അലയുന്ന മനസ്സ്, പ്രൊഫ. അമർത്യസെന്നിന്റെ താർക്കികരായ ഇന്ത്യക്കാർ, എറിക് ഹോബ്‌സ്ബാമിന്റെ വിപ്ലവകാരികൾ, താണുപത്മനാഭൻ, വസന്തി പത്മനാഭൻ എന്നിവരുടെ ശാസ്ത്രത്തിന്റെ ഉദയം, ഡോ. റോബർട്ട് ഗാലോ രചിച്ച വൈറസ് വേട്ട, സമിർ അമീന്റെ യൂറോകേന്ദ്രിതവാദം, ഡസ്മണ്ട് മോറിസിന്റെ നഗ്‌നനാരി, നഗ്‌ന പുരുഷൻ, നഗ്‌നവാനരൻ, ആചാര്യമമ്മടഭട്ടന്റെ കാവ്യപ്രകാശത്തിന്റെ ആദ്യ മലയാളംപരിഭാഷ എന്നിവയും വേദശബ്ദരത്‌നാകരം, ഇംഗ്ലീഷ് മലയാളം നിഘണ്ടു, ഭൗതികശാസ്ത്രനിഘണ്ടു, ഇംഗ്ലീഷ്- മലയാളം ഉച്ചാരണ നിഘണ്ടു, മലയാളം- ഇംഗ്ലീഷ് ഔദ്യോഗികഭാഷാനിഘണ്ടു, മലയാള-സംസ്‌കൃത നിഘണ്ടു, മലയാള വ്യാകരണ നിഘണ്ടു, നമ്പൂതിരി ഭാഷാ നിഘണ്ടു, കണ്ണൂർ ഭാഷാഭേദ നിഘണ്ടു എന്നിവയും ഭാരതീയ ചിന്ത (കെ. ദാമോദരൻ), മലയാള ഭാഷാ ചരിത്രം, കെ.എൻ. പണിക്കരുടെ തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ, കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം, ആൽബർട്ട് ഐൻസ്‌റ്റൈൻ ജീവിതം ശാസ്ത്രം ദർശനം, സുഗതകുമാരിയുടെ കവിതയും ജീവിതവും ആസ്പദമാക്കി പ്രസിദ്ധീകരിച്ച 'വാഴ് വിന്റെ ഏകതാര', ഒ.എൻ.വി. കാവ്യസംസ്‌കൃതി, ചങ്ങമ്പുഴ സമ്പൂർണ ഗദ്യകൃതികൾ, എ.ആർ. സമ്പൂർണ കൃതികൾ തുടങ്ങിയ ശീർഷകങ്ങൾ വിലക്കിഴിവിൽ മേളയിൽ ലഭിക്കും. 1600 രൂപ വിലയുള്ള കേരള ഭാഷാ നിഘണ്ടു 1000 രൂപയ്ക്ക് ലഭിക്കും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 1968ൽ സ്ഥാപിതമായതുമുതൽ ഇതുവരെ 5000 ലധികം വൈജ്ഞാനികപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ യുജിസി അംഗീകരിച്ച ജേർണലായ വിജ്ഞാനകൈരളിയുടെ വരിക്കാരാവുന്നതിനും സൗകര്യമുണ്ട്. ദിവസവും രാവിലെ 9.30 മുതൽ രാത്രി 8 മണി വരെയാണ് മേള. ഫോൺ : 90 20 20 99 19, 9447 95 61 62.