കൊച്ചി: കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ ആഹ്വാനപ്രകാരം 2024 മാർച്ച് 22ന് ഇന്ത്യയിൽ വിവിധ കേന്ദ്രങ്ങളിൽ രാജ്യത്തിനായി പ്രാർത്ഥനയും ഉപവാസവും നടത്തുമെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ ചെയർമാൻ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിലും സെക്രട്ടറി ഷെവലിയാർ അഡ്വ.വി. സി സെബാസ്റ്റ്യനും പറഞ്ഞു.

ഭാരത കത്തോലിക്കാ സഭയുടെ 14 റീജിയണുകളും 174 രൂപതകളുമുൾപ്പെടെ ധ്യാനകേന്ദ്രങ്ങൾ, കരിസ്മാറ്റിക് പ്രസ്ഥാനങ്ങൾ, സന്യസ്ത സഭകൾ, അല്മായ സംഘടനകൾ, ഭക്തസംഘടനകൾ, സഭാസ്ഥാപനങ്ങൾ എന്നിവർ രാജ്യത്തിനായുള്ള പ്രാർത്ഥനയിലും ഉപവാസത്തിലും പങ്കുചേരും.

ഭാരതം പൊതുതെരഞ്ഞെടുപ്പിനായി ഒരുങ്ങുന്നു. രാജ്യത്ത് സമാധാനവും ഐക്യവും നിലനിർത്തി ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വവും സമത്വവും ജനാധിപത്യവും ഈ മണ്ണിൽ നിലനിർത്തപ്പെടണം. ഭീകരവാദത്തിനും തീവ്രവാദ അജണ്ടകൾക്കുമെതിരെ സമാധാനത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പങ്കുവയ്ക്കുവാനും കാത്തുസൂക്ഷിക്കുവാനും ഭാരത കത്തോലിക്കാസഭ രാജ്യത്തിനായുള്ള പ്രാർത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.

പൗരന്മാരുടെ ജീവനും ജീവിതത്തിനും സംരക്ഷണമേകാനുള്ള ഉത്തരവാദിത്വം ഭരണസംവിധാനങ്ങൾ നിർവഹിക്കണം. മതവിദ്വേഷങ്ങളും വർഗ്ഗീയവാദവും ആളിക്കത്തിച്ച് ജനങ്ങളിൽ ഭിന്നിപ്പുകൾ സൃഷ്ടിക്കുന്നതിനും അക്രമങ്ങൾ അഴിച്ചുവിട്ട് മനുഷ്യജീവനെടുക്കുന്നതിനും അവസാനമുണ്ടാകണം. പ്രതിസന്ധികൾ അതിജീവിക്കാനുള്ള ക്രൈസ്തവന്റെ കരുത്തും ആയുധവും പ്രാർത്ഥനയും ഉപവാസവുമാണന്നും ഇതര ക്രൈസ്തവ വിഭാഗങ്ങളും പൊതുസമൂഹവും രാജ്യത്തിന്റെ നന്മയ്ക്കും, സമാധാനത്തിനും, ഐക്യത്തിനുമായി ഈ പ്രാർത്ഥനാശുശ്രൂഷകളിൽ പങ്കുചേരണമെന്നും ലെയ്റ്റി കൗൺസിൽ സെക്രട്ടറി വി സി സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.