പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ നടന്ന ക്രൂരതയ്‌ക്കെതിരെ അഖില ഭാരതീയ സാഹിത്യ പരിഷത് അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നു.

ഡോ.കെ.എൻ.മധുസൂദനൻപിള്ള അദ്ധ്യക്ഷത വഹിച്ച സത്രത്തിൽ ഡോ.ടി.പി.ശ്രീനിവാസൻ മുഖ്യ പ്രഭാഷണം നടത്തി. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ദേശീയ പ്രരിപ്രേക്ഷ്യത്തെക്കുറിച്ച് പന്തളം എൻ എസ് എസ് കോളജ് മുൻ പ്രിൻസിപ്പാൾ ഡോ.കെ.ഉണ്ണികൃഷ്ണൻ പ്രസംഗിച്ചു.

പരിഷത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന പുതിയ ദേശീയ വിദ്യാഭ്യാസ നയവും വിദേശ സർവ്വകലാശാലകളും എന്ന വിചാരസത്രത്തിന്റെ സന്ദർഭത്തിലാണ് ക്യാമ്പസുകളിലെ ക്രൂരതകളിൽ പ്രതിഷേധിക്കുന്ന പ്രമേയം അംഗീകരിച്ചത്.

പരിഷത് കേരളസംസ്ഥാന സംയോജകൻ ഡോ.കെ.സി.അജയകുമാറാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തിലെ തുടർനിരീക്ഷണങ്ങൾ -

1.നൊന്തുപെറ്റ അമ്മയ്ക്കും, കഷ്ടപ്പെട്ടു വളർത്തിയ അച്ഛനും, പിന്നിൽ നടന്ന പ്രിയപ്പെട്ട അനുജനും ഹൃദയം തകർക്കുന്ന തീരാനഷ്ടമെന്നതിനൊപ്പം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുകയും ചെയ്യുന്ന സംഭവമാണ് നടന്നിരിക്കുന്നത്. മനുഷ്യവിഭവം സമ്പന്നമാക്കി നാളെയുടെ വികസന സ്വപ്നങ്ങൾക്ക് വേണ്ടി സ്വയം തയാറാകുന്ന തലമുറയ്ക്ക് മുന്നിലുയരുന്ന വെല്ലുവിളിയാണ് ഇത്തരം ക്യാമ്പസ്സുകൾ. രാഷ്ട്ര സുരക്ഷയ്ക്കും മനുഷ്യസമൂഹത്തിന്റെ വളർച്ചയ്ക്കും വിഘാതം സൃഷ്ടിക്കുന്ന തീവ്രവാദ/ഭീകരവാദ പ്രവർത്തനങ്ങളെ അനുസ്മരിപ്പിക്കുന്ന പ്രവൃത്തിയാണ് അവിടെ നടന്നിരിക്കുന്നത്. ഈ ക്രൂരയ്‌ക്കെതിരെ അമർഷത്തിനും പ്രതിഷേധത്തിനുമൊപ്പം ഇത്തരം പ്രവണതയ്ക്കന്ത്യം കുറിക്കുന്ന ഇടപെടലുകൾക്കായുള്ള ജനാഭിപ്രായം ഉയരുകയും വേണം.

2.ഈ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തോടൊപ്പം വിവിധ കലാലയങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾക്കും ലഹരിവ്യാപനത്തിനും ക്രൂരതകൾക്കും കുട പിടിക്കുന്ന ഇടപെടലുകളെക്കുറിച്ചും വിദ്യാർത്ഥിസമൂഹത്തിന്റെ ഭാവി നശിപ്പിക്കുന്ന സംഘടിത പ്രവർത്തനങ്ങളെക്കുറിച്ചും ദേശീയ അന്വേഷണ ഏജൻസികളുടെ സമഗ്രാന്വേഷണം എത്തിച്ചേരണമെന്നും ജുഡീഷ്യൽ അന്വേഷണത്തിലൂടെ എല്ലാ സത്യങ്ങളും പുറത്തു കൊണ്ടു വരണം.

3.ഇനിയുമൊരു വിദ്യാർത്ഥിക്കും കുടുംബത്തിനും സമൂഹത്തിനും ഇത്തരം ഒരവസ്ഥയ്ക്കു സാക്ഷികളാകേണ്ടി വരാതിരിക്കാൻ ക്യാമ്പസ്സുകളിൽ ശാന്തിയും സുരക്ഷയും ക്രമസമാധാനവും ഉറപ്പുവരുത്തണം. അവിടെ ലഹരി ഉപയോഗ കേന്ദ്രങ്ങളും ഇടിമുറികളും പൊതുവിചാരണയിടങ്ങളും ഉടലെടുക്കുന്നതിന് അറുതി വരുത്തണമെന്നും ഈ സഭ ആവശ്യപ്പെടുന്നു. ആ ദൗത്യ നിർവ്വഹണം സാദ്ധ്യമാക്കാൻ ക്രമസമാധാനപാലകർക്കു് ക്യാമ്പസ്സുകളിൽ പ്രവേശിക്കുന്നതിനോ ഇടപെടുന്നതിനോ, നിഷ്പക്ഷമായി വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനോ നിലവിലുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തു കളയണമെന്നും ഈ സഭ ആവശ്യപ്പെടുന്നു.