തിരുവനന്തപുരം: ജനപക്ഷം ബുക്സ് പ്രസിദ്ധീകരിച്ച 'ജാതി സെൻസസ്, സംവരണം, പ്രാതിനിധ്യത്തിന്റെ രാഷ്ട്രീയം' എന്ന പുസ്തകം ആക്ഷൻ കൗൺസിൽ ഫോർ സോഷ്യോ - എക്കണോമിക് ആൻഡ് കാസ്റ്റ് സെൻസസ് (എസ്.ഇ.സി.സി) തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കലിൽ സംഘടിപ്പിച്ച രാപ്പകൽ സമരവേദിയിൽ വെച്ച് പ്രകാശനം ചെയ്തു. ആക്ഷൻ കൗൺസിൽ ഫോർ എസ്.ഇ.സി.സി ചെയർമാൻ കടക്കൽ അബ്ദുൽ അസീസ് മൗലവി, ട്രഷറർ അഡ്വ.ഷെറി ജെ തോമസിന് നൽകി പ്രകാശനം ചെയ്തു. എസ്.ഇ.സി.സി ജനറൽ കൺവീനർ പുന്നല ശ്രീകുമാർ, സജീദ് ഖാലിദ്, ടി.മുഹമ്മദ് വേളം, മിർസാദ് റഹ്‌മാൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഇന്ത്യയിലെ പിന്നാക്ക, ബഹുജൻ വിഭാഗങ്ങൾ ഉയർത്തുന്ന പ്രാതിനിധ്യ രാഷ്ട്രീയത്തിന്റെ വിവിധ മേഖലകൾ ചർച്ച ചെയ്യുന്നതാണ് പുസ്തകം. പ്രാതിനിധ്യമാണ് ജനാധിപത്യത്തിന്റെ ശക്തിയും സൗന്ദര്യവും, വിഭവങ്ങളുടെ നീതിയുക്തമായ വിതരണമാണ് സാമൂഹ്യനീതി, രഷ്ട്രീയ സംവരണത്തിന്റെ അനിവാര്യത, കേരളത്തിലെ ഉദ്യോഗ സംവരണം, എയ്ഡഡ് മേഖലയിലെ പ്രാതിനിത്യം, ദളിത് ക്രൈസ്തവരുടെ സംവരണ പ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഡോക്ടർ മോഹൻ ഗോപാൽ, പുന്നല ശ്രീകുമാർ, റസാഖ് പാലേരി, സുദേഷ് എം രഘു, ഒ.പി രവീന്ദ്രൻ, സജീദ് ഖാലിദ്, ഡോ. വിനിൽ പോൾ, ഷംസീർ ഇബ്രാഹിം എന്നിവരുടെ ലേഖനങ്ങളുടെ സമാഹാരം കൂടിയാണ്. ബഷീർ തൃപ്പനച്ചിയാണ് എഡിറ്റർ.