- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്താരാഷ്ട്ര വനിതാ ദിനം: വനിതാ സംരംഭകർക്കുള്ള വിവിധ പദ്ധതികളുമായി സംസ്ഥാന വ്യവസായ വകുപ്പ്
വനിതാ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ പദ്ധതികൾ ആണ് കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയിട്ടുള്ളത്. കേരള വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭക സഹായ പദ്ധതി വഴി ഉല്പാദന മേഖലയിൽ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന വനിതാ സംരംഭകർക്ക് സ്ഥിര നിക്ഷേപത്തിന്റെ 25%(പരമാവധി 40 ലക്ഷം രൂപ വരെ) സബ്സിഡിയായി ലഭിക്കുന്നു. നാനോ യൂണിറ്റുകൾക്കായുള്ള മാർജിൻ മണി ഗ്രാൻഡ് വഴി ഉൽപാദന മേഖലയിലോ സേവന മേഖലയിലോ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന വനിതാ സംരംഭകർക്ക് പത്തുലക്ഷം രൂപ വരെയുള്ള പ്രൊജക്ടുകൾക്ക് 40% സബ്സിഡി നൽകുന്നു. തൊഴിലും ഉൽപാദനവും വർധിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ പദ്ധതിയായ പ്രധാനമന്ത്രിയുടെ തൊഴിൽദായക പദ്ധതി വഴി ഉൽപാദന മേഖലയിൽ 50 ലക്ഷം രൂപ വരെയും സേവനമേഖലയിൽ 20 ലക്ഷം രൂപ വരെയും ഉള്ള പ്രൊജക്ടുകൾക്ക് 15 മുതൽ 35% വരെ സബ്സിഡി ലഭിക്കുന്നു. എന്നിങ്ങനെ ആകർഷകരമായ നിരവധി പദ്ധതികൾ ആണ് സർക്കാർ സ്ത്രീകളെ മുൻഗണന വിഭാഗക്കാരായി കണക്കാക്കി എടുത്തുകൊണ്ട് ഒരുക്കിയിട്ടുള്ളത്.
സംരംഭക വർഷത്തിന്റെ ഭാഗമായി 2022-23ൽ എറണാകുളം ജില്ലയിൽ ആരംഭിച്ച 14128 സംരംഭങ്ങളിൽ 4891 സംരംഭങ്ങൾ വനിതാ സംരംഭകരുടെ നേതൃത്വത്തിൽ തുടങ്ങിയവയാണ്.14128 സംരംഭങ്ങളിൽ നിന്നായി 12553 വനിതകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചു. 4891 വനിതാ സംരംഭങ്ങൾ വഴി 2022-23 കേരളത്തിൽ 223 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരാൻ സാധിച്ചിട്ടുണ്ട്.
2023-24 ൽ വനിതാ സംരംഭകരുടെ നേതൃത്വത്തിൽ 3327 സംരംഭങ്ങൾ ഇതുവരെ ആരംഭിച്ചിട്ടുണ്ട് അതുവഴി 188 കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരാൻ സാധിച്ചു. 2023-24ൽ ഇതുവരെ തുടങ്ങിയ 10266 സംരംഭങ്ങളിൽ നിന്നായി 9044 വനിതകൾക്ക് തൊഴിൽ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. അതിനോടൊപ്പം പുതിയ വ്യവസായ നയത്തിന്റെ ഭാഗമായി വനിതകൾക്ക് മുൻതൂക്കം നൽകുന്ന സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് ഉൾപ്പെടെയുള്ള പദ്ധതികൾ സർക്കാർ പരിഗണിച്ചു കൊണ്ടിരിക്കുകയാണ്.
സംരംഭകരുടെ യാത്രയിൽ സംരംഭകർക്കുണ്ടാകുന്ന ഏത് പ്രതിസന്ധിയിലും സർക്കാരും വ്യവസായ വകുപ്പും ഒപ്പം ഉണ്ടാകും ആ തരത്തിലേക്കുള്ള ഒരു വ്യവസായ അന്തരീക്ഷത്തിലേക്ക് ആണ് ഇന്ന് കേരളം എത്തിച്ചേർന്നിരിക്കുന്നത് എന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ.നജീബ് അറിയിച്ചു.