പാലക്കാട്: പിഎൻസി മേനോനും ശോഭാ മേനോനും ചേർന്ന് 1994-ൽ സ്ഥാപിച്ച ശ്രീ കുറുംബ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് നിർധനകുടുംബങ്ങൾക്കായി നിർമ്മിച്ച 100 വീടുകളുടെ താക്കോൽദാനം നിർവഹിച്ചു. ഗൃഹശോഭ പദ്ധതിയുടെ ഭാഗമായി വാഗ്ദാനം ചെയ്ത 1000 വീടുകളിൽ ആദ്യ 100 വിടുകളുടെ താക്കോൽദാനമാണ് നടന്നത്. ചടങ്ങിൽ വെച്ച അടുത്ത ഘട്ടത്തിൽ നിർമ്മിക്കാനിരിക്കുന്ന 120 വീടുകളുടെ തറക്കല്ലിടലും നടന്നു. വിവിധ ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായുള്ള (ശോഭ ലിമിറ്റഡിന്റെ സിഎസ്ആർ പദ്ധതികൾ ഉൾപ്പെടെ) ശോഭ കമ്മ്യൂണിറ്റി ഹോം പ്രോജക്റ്റിന്റെ 'ഗൃഹ ശോഭ 2024' ന്റെ ഭാഗമായി ആദ്യ ഘട്ടത്തിൽ പാലക്കാട് ജില്ലയിൽ സ്ത്രീകൾ നയിക്കുന്ന 220 നിർധന കുടുംബങ്ങൾക്കാണ് സൗജന്യമായി വീട് നിർമ്മിച്ചു നൽകുന്നത്.

റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ; പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ; തദേശസ്വയം ഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് എന്നീ സംസ്ഥാന മന്ത്രിമാർ ചടങ്ങിൽ പങ്കെടുത്തു. ശ്രീ കുറുംബ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റി ശോഭ മേനോൻ ശോഭ ലിമിറ്റഡ് ചെയർമാൻ രവി മേനോൻ, എംഎൽഎമാർ, എംപിമാർ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, പ്രമുഖ വ്യക്തികൾ എന്നിവരുൾപ്പെടെയുള്ളവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കൂടാതെ, ശോഭ സിഎസ്ആർ വെബ്‌സൈറ്റിന്റെ ഉത്ഘാടനവും ചടങ്ങിൽ നിർവഹിച്ചു.

ഒരു വീട് വെറുമൊരു അഭയം എന്നതിലുപരി, അത് മെച്ചപ്പെട്ട ജീവിതത്തിനുള്ള അടിത്തറയാണ്. അതിനാൽ പാർപ്പിട സുരക്ഷ നൽകുന്നതിൽ തുടങ്ങി സമഗ്രമായ സാമൂഹിക വികസനത്തിലൂടെ ജീവിതത്തെ പരിവർത്തനം ചെയ്യുവാൻ പ്രതിജ്ഞാബദ്ധരാണ് ശ്രീ കുറുംബ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിളിൽ ട്രസ്റ്റ് എന്ന് ട്രസ്റ്റിന് നേതൃത്വം നൽകുന്ന ശോഭ ഗ്രൂപ്പ് സ്ഥാപകനുമായ പി എൻ സി മേനോൻ പറഞ്ഞു. വ്യക്തികളുടെ അടിസ്ഥാന ആവശ്യങ്ങൾ അഭിസംബോധന ചെയ്യുന്നതിലൂടെ, കുടുംബങ്ങളെയും സമൂഹങ്ങളെയും ക്രിയാത്മകമായി സഹായിക്കുന്ന മാറ്റം സൃഷ്ടിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രസ്റ്റിന്റെ ഇത്തരം സംരംഭങ്ങളിലൂടെ, നിർധനരായ വിഭാഗങ്ങളുടെ ജീവിതത്തിൽ അർത്ഥവത്തായതും സുസ്ഥിരവുമായ സ്വാധീനം ചെലുത്തി സമൂഹത്തിന് തിരികെ നൽകുക എന്ന സമർപ്പണം ശോഭ ലിമിറ്റഡ് തുടർന്നുകൊണ്ടേയിരിക്കുന്നു.