ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിലെ മലയാള വിഭാഗം മേധാവിയായിരുന്ന പ്രൊഫ. സ്‌കറിയ സക്കറിയയുടെ സ്മരണാർത്ഥം സാംസ്‌കാരിക പഠന മേഖലയിലെ യുവഗവേഷകരുടെ മികച്ച ഗ്രന്ഥത്തിന് സർവ്വകലാശാല ഏർപ്പെടുത്തിയ പ്രഥമ പ്രൊഫ. സ്‌കറിയ സക്കറിയ സ്മാരക പുരസ്‌കാരം ഡോ. വിനിൽ പോൾ രചിച്ച 'മഞ്ചാടിക്കരിഃ ഒളിച്ചോട്ടത്തിന്റെ വിമോചനദൈവശാസ്ത്രം'ന് ലഭിച്ചു. പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. 40 വയസിൽ താഴെയുള്ളവരുടെ 2021, 2022, 2023 വർഷങ്ങളിൽ ആദ്യ പതിപ്പായി പ്രസിദ്ധീകരിച്ച രചനകളാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്.

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ മലയാള വിഭാഗം മേധാവി പ്രൊഫ. പ്രിയ എസ്., ഇന്ത്യൻ ലാംഗ്വേജ് ഡീൻ പ്രൊഫ. വത്സലൻ വാതുശ്ശേരി, സിൻഡിക്കേറ്റ് അംഗം പ്രൊഫ. കെ. എം. അനിൽ, പ്രൊഫ. ഷംഷാദ് ഹുസൈൻ കെ. ടി., ഡോ. സുനിൽ പി. ഇളയിടം എന്നിവർ അംഗങ്ങളായ സമിതിയാണ് പുരസ്‌കാരത്തിനർഹമായ ഗ്രന്ഥം തിരഞ്ഞെടുത്തത്. സംസ്‌കാര പഠനത്തിന്റെയും ചരിത്രാന്വേഷണത്തിന്റെയും വഴികളെ കൂട്ടിയിണക്കി നൂതനമായ ഉൾക്കാഴ്ചകൾ അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് ഡോ. വിനിൽ പോൾ രചിച്ച 'മഞ്ചാടിക്കരിഃ ഒളിച്ചോട്ടത്തിന്റെ വിമോചന ദൈവശാസ്ത്രം' എന്ന് പുരസ്‌കാര നിർണ്ണയ സമിതി വിലയിരുത്തി.

പ്രൊഫ. സ്‌കറിയ സക്കറിയയുടെ അനുസ്മരണാർത്ഥം മാർച്ച് 13, 14 തീയതികളിൽ മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സെമിനാറിന്റെ ഉദ്ഘാടന വേദിയിൽ വച്ച് വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ ഡോ. വിനിൽ പോളിന് പുരസ്‌കാരം സമ്മാനിക്കും