- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിജിറ്റൽ ഇന്ത്യയുടെ ഭാവി ഗുണഭോക്താക്കൾ ഇന്നത്തെ വിദ്യാർത്ഥികളെന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ഇന്ത്യയിൽ വരും വർഷങ്ങളിൽ സൃഷ്ടിക്കപ്പെടാൻ പോകുന്ന വലിയ അവസരങ്ങളിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്ന വളരെ പ്രധാനപ്പെട്ട പദ്ധതികളാണ് ഡിജിറ്റൽ ഇന്ത്യയും സ്‌കിൽ ഇന്ത്യയുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇന്നത്തെ വിദ്യാർത്ഥികളുടെ കരിയറിയും ഭാവിയിലും വലിയ അവസരങ്ങളാണിത് തുറന്നിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടക്കുന്ന ഡിജിറ്റൽ മുന്നേറ്റങ്ങളുടെയെല്ലാം ശരിയായ ഗുണഭോക്താക്കൾ ഇന്നത്തെ വിദ്യാർത്ഥികളാണ്- അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നിംസ് മെഡിസിറ്റിയിൽ നെറ്റ് സീറോ എമിഷൻ പദ്ധതിയുടെ പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ നിംസ് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ വികസിപ്പിച്ച നാനാജിസാറ്റ് സാറ്റലൈറ്റിന്റെ അവതരണവും മന്ത്രി നിർവഹിച്ചു.
ശരാശരി ഇന്ത്യക്കാരന് വിജയിക്കണമെങ്കിൽ ഇവിടെ വലിയൊരു വിടവ് ഉണ്ടായിരുന്നു. വലിയ സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളിൽ നിന്നുള്ളവരോ, വലിയ സ്വാധീനമുള്ളവർക്കോ മാത്രമായിരുന്നു വിജയിക്കാൻ അവസരമുണ്ടായിരുന്നത്. ഇന്ന് നൂതനാശയങ്ങളുള്ള ഏതു യുവ പ്രതിഭകൾക്കും വിജയകരമായി സംരംഭങ്ങൾ തുടങ്ങാൻ ഇവിടെ അവസരമുണ്ട്- മന്ത്രി പറഞ്ഞു.
പഴയ ഇന്ത്യയിൽ നിന്നും വിപ്ലവകരമായ പരിവർത്തനമാണ് പുതിയ ഇന്ത്യയിൽ സംഭവിച്ചത്. പഴയ ഇന്ത്യയിൽ 100 രൂപ ചെലവഴിച്ചാൽ വെറും 15 രൂപ മാത്രമാണ് യഥാർത്ഥ ഗുണഭോക്താവിന് ലഭിക്കുന്നതെന്ന് പറഞ്ഞത് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ്. ഇന്ന് 100 രൂപ അയച്ചാൽ പൂർണമായും അത് ഗുണഭോക്താക്കളിലെത്തുന്ന ഡിജിറ്റൽ പേമെന്റ് സംവിധാനങ്ങൾ പ്രധാനമന്ത്രി മോദിജിയുടെ നേതൃത്വത്തിൽ നടപ്പിലാക്കി. ഇതോടെ ആ പ്രശ്നത്തിന് പരിഹാരമായി.
ഇന്ത്യയിൽ വൻകിട അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ നടക്കില്ല, ശരാശരി വളർച്ച മാത്രമെയുള്ളൂ എന്നെല്ലാം പ്രചരണമുണ്ടായിരുന്നു. ചൈനയാണ് ഇത് നന്നായി ആസ്വദിച്ചത്. മൂന്ന് പതിറ്റാണ്ടോളം കാലം ചൈന ഇത്തരമൊരു പ്രൊപഗണ്ട നടത്തി. മുൻകാലത്ത് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവെക്കില്ല എന്നെല്ലാമായിരുന്നു പ്രചരണം. എന്നാൽ ഇതേ ഇന്ത്യയും ഇതേ ഇന്ത്യക്കാരും തന്നെയാണ് പുതിയ കാലത്ത് സാങ്കേതികവിദ്യകളുടെ സഹായത്തോടെ വിപ്ലവകരമായ മാറ്റങ്ങളെല്ലാം സാധ്യമാക്കിയത്. ഇന്ന് 11 ലക്ഷം കോടി രൂപയാണ് അടിസ്ഥാന സൗകര്യ വികസന രംഗത്ത് ചെലഴിച്ചത്.
ഇന്ത്യ ഇന്ന് ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് ഉൽപ്പാദകരാണ്. സെമി കണ്ടക്ടർ വികസന രംഗത്ത് വിപുലമായ ഒരു ഇക്കോ സിസ്റ്റം കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇന്ത്യയിൽ സൃഷ്ടിച്ചു. ഇന്റൽ പോലുള്ള ബഹുരാഷ്ട്ര കമ്പനികൾ ഇന്ന് ഇന്ത്യയിൽ ഇന്ന് പ്രധാന ഗവേഷണ വികസന കേന്ദ്രങ്ങൾ സ്ഥാപിച്ചു. ഇതാണ് ഇന്ത്യയുടെ പുരോഗതി. മുൻകാലത്ത് പ്രചരിപ്പിക്കപ്പെട്ടതിന് വിപരീതമായി കഴിഞ്ഞ പതിറ്റാണ്ടിനിടെ ഇന്ത്യ വലിയ വളർച്ചയാണ് കൈവരിച്ചതെന്നും മന്ത്രി പറഞ്ഞു.
വിനയാന്വിതനായി കേന്ദ്രമന്ത്രി, ദീപം തെളിച്ച് വിദ്യാർത്ഥികൾ
തിരുവനന്തപുരം: നിംസ് മെഡിസിറ്റിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടകനായി എത്തിയ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ഭദ്രദീപം കൊളുത്താൻ സദസ്സിലിരുന്ന വിദ്യാർത്ഥികളെ കൂടി വേദിയിലേക്ക് ക്ഷണിച്ചത് വേറിട്ട അനുഭവമായി. വിദ്യാർത്ഥികൾക്കൊപ്പമാണ് മന്ത്രിയും ദീപം തെളിച്ചത്. മന്ത്രിയുമായി സംവദിക്കാനെത്തിയ വിദ്യാർത്ഥികൾക്കും ഇത് പുതിയ അനുഭവമായി.
വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്കെല്ലാം മന്ത്രി മറുപടി നൽകി. പുതിയ ഇന്ത്യയിൽ നൂതനാശയങ്ങളുമായി എത്തുന്നവരെ മികച്ച അവസരങ്ങളാണ് കാത്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തിന്റെ വികസനത്തിനാണ് ഇപ്പോൾ മുൻഗണന എന്നും അദ്ദേഹം പറഞ്ഞു. ആർക്കും അവസരങ്ങളും നൈപുണ്യവും ലഭിക്കാതെ പോകരുത്. ഡിജിറ്റൽ ഇന്ത്യ, സ്‌കിൽ ഇന്ത്യ എന്നീ പദ്ധതികൾ വിദ്യാർത്ഥികളിൽ വലിയ സ്വാധീനമുണ്ടാക്കുമെന്നും നൈപുണ്യ വികസനത്തിന് ഊന്നൽ നൽകണമെന്നും അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു.