- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമാജപരിവർത്തനത്തിലൂന്നിആർഎസ്എസ് ശതാബ്ദി പ്രവർത്തനം; പ്രതിനിധിസഭയ്ക്ക് നാളെ തുടക്കം
നാഗ്പൂർ: 2025ലെ വിജയദശമിയോടെ നൂറ് വർഷം പൂർത്തിയാക്കുന്ന ആർഎസ്എസ് അതിന്റെ ജന്മശതാബ്ദി കാര്യക്രമങ്ങളെപ്പറ്റി നാളെ നാഗ്പൂരിൽ ആരംഭിക്കുന്ന പ്രതിനിധിസഭയിൽ ചർച്ച ചെയ്യുമെന്ന് അഖിലഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഖില ഭാരതീയ പ്രതിനിധിസഭ 15 16, 17 തീയതികളിൽ നാഗ്പൂർ രേശിംഭാഗിലെ സ്മൃതിഭവനിലാണ് ചേരുന്നത്. സാമാജിക പരിവർത്തനത്തിന് ആർഎസ്എസ് മുന്നോട്ടുവച്ച അഞ്ച് പ്രവർത്തനങ്ങളുടെ പുരോഗതി യോഗം വിലയിരുത്തും. കുടുംബ പ്രബോധനം, പരിസ്ഥിതി സംരക്ഷണം, സാമാജിക സമരസത, സ്വദേശിശീലം, പൗരബോധം വളർത്തുക എന്നീ അഞ്ച് പരിവർത്തനമന്ത്രങ്ങൾ മുറുകെപ്പിടിച്ച് മുഴുവൻ സമൂഹത്തിലും സമഗ്രമായ മാറ്റത്തിനുള്ള പരിശ്രമങ്ങളാണ് ആർഎസ്എസ് തുടർന്നുവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശാഖകൾ സംബന്ധിച്ചുള്ള വിലയിരുത്തലും പ്രതിനിധിസഭയിലുണ്ടാകും. ശതാബ്ദിയോടെ രാജ്യത്ത് ഒരു ലക്ഷം ശാഖകളെന്ന ലക്ഷ്യമാണ് സംഘടന മുന്നോട്ടുവച്ചിട്ടുള്ളത്.
അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ രാജ്യത്താകെ ഉണർത്തിയ പ്രതീക്ഷാനിർഭരമായ അന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിൽ അത് സംബന്ധിച്ച് പ്രതിനിധിസഭയിൽ പ്രമേയം അവതരിപ്പിക്കും. ആർഎസ്എസ് സർകാര്യവാഹിന്റെ തെരഞ്ഞെടുപ്പും സർസംഘചാലകന്റെ അടുത്ത വർഷത്തെ പരിപാടികളുടെ തീരുമാനവും ഈ പ്രതിനിധിസഭയിലുണ്ടാതും. അഹല്യാബായ് ഹോൾക്കറുടെ മുന്നൂറാം ജന്മവാർഷിക വർഷം പ്രമാണിച്ചുള്ള പരിപാടികളെക്കുറിച്ച് പ്രസ്താവനയും പ്രതിനിധിസഭയിലുണ്ടാകും. പുതിയ പാഠ്യപദ്ധതിയനുസരിച്ചുള്ള ആർഎസ്എസ് പരിശീലനശിബിരങ്ങളെക്കുറിച്ചും യോഗം ചർച്ച ചെയ്യുമെന്ന് സുനിൽ ആംബേക്കർ പറഞ്ഞു.
2018ലാണ് ഇതിന് മുമ്പ് നാഗ്പൂർ ആർഎസ്എസ് പ്രതിനിധിസഭയ്ക്ക് വേദിയായത്. 1529 പ്രതിനിധികളാണ് പങ്കെടുക്കുക. 32 വിവിധക്ഷേത്ര പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും എത്തിച്ചേരും. രാഷ്ട്രസേവികാസമിതി പ്രമുഖ് സഞ്ചാലിക ശാന്തക്ക, വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷൻ അലോക് കുമാർ തുടങ്ങിയവർ പ്രതിനിധിസഭയിൽ പങ്കെടുക്കും. എല്ലാ സംഘടനകളും അവരുടെ പ്രവർത്തനറിപ്പോർട്ട് പ്രതിനിധിസഭയിൽ അവതരിപ്പിക്കും. ഓരോ സംഘടനയും അതാത് മേഖലകളിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും കണ്ടെത്തിയ പരിഹാരമാർഗങ്ങളെക്കുറിച്ചും പ്രതിനിധിസഭ ചർച്ച ചെയ്യും.ആർഎസ്എസ് പശ്ചിമക്ഷേത്ര സംഘചാലക് ഡോ. ജയന്തിഭായ് ഭദദേസിയയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.