ഏറ്റുമാനൂർ : കുറവിലങ്ങാട് കാർഷിക സഫാരി ക്ലബ് ഏർപ്പെടുത്തിയ കാർഷികപുരസ്‌കാരം ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്‌സ് അസോസിയേഷന്. കാർഷിക മേഖലയിലെ അർപ്പണബോധവും പുതുതലമുറക്ക് മാതൃകാപരവും ഭക്ഷ്യസുരക്ഷക്ക് പ്രചോദനകരവുമായ പ്രവർത്തനങ്ങളും കണക്കിലെടുത്താണ് പുരസ്‌കാരം. കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിയിൽ നിന്നും അസോസിയേഷൻ ഭാരവാഹികളായ ബി സുനിൽകുമാർ, എ വി പ്രദീപ്കുമാർ, ബി അരുൺകുമാർ, അമ്മിണി സുശീലൻ നായർ എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

പെരുവ മറ്റപ്പള്ളിക്കുന്ന് റസിഡന്റ്‌സ് അസോസിയേഷൻ, കുറവിലങ്ങാട് മൈത്രി റസിഡന്റ്‌സ് അസോസിയേഷൻ, കോഴ ബാപ്പുജി സ്വാശ്രയസംഘം, ജയ്ഗിരി ഹരിതസമൃദ്ധി കർഷകദളം എന്നിവർക്കും പുരസ്‌കാരങ്ങൾ നൽകി. മാത്യു കുര്യൻ, ബിജു തോമസ്, സെബാസ്റ്റ്യൻ കുര്യൻ, ജോസ് മരിയഭവൻ എന്നീ കർഷകരെ ആദരിച്ചു. ക്ലബ് പ്രസിഡന്റ് പി.ജെ.ജോസഫിന്റെ അധ്യക്ഷതയിൽ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നിർമ്മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. എബി ഇമ്മാനുവൽ ക്ലാസെടുത്തു. സണ്ണി തോമസ് ഉതിമറ്റം, കൊച്ചുറാണി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു