- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മികച്ച പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാറിന്റെ അവാർഡുകൾ വിതരണം ചെയ്തു
തിരുവനന്തപുരം : വ്യവസായ വകുപ്പിന്റെ കീഴിലുള്ള മികച്ച പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ വിതരണം ചെയ്തു. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, മലപ്പുറം കോ ഓപ്പറേറ്റീവ് സ്പിന്നിങ് മിൽസ്, കേരളാ സിറാമിക്‌സ് ലിമിറ്റഡ്, കേരള ആർട്ടിസാൻസ് ഡവലപ്‌മെന്റ് കോർപ്പറേഷൻ എന്നിവയാണ് മികച്ച പൊതുമേഖലാ സ്ഥാപനങ്ങൾ. അഞ്ച് ലക്ഷം രൂപയും പ്രശസ്തിഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ രേഖപ്പെടുത്തിയ വാർഷിക വളർച്ചാനിരക്ക് ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ചാണ് അവാർഡ് നിർണ്ണയിച്ചത്. ട്രാവൻകൂർ കൊച്ചിൻ ലിമിറ്റഡ് എംഡി കെ. ഹരികുമാർ, കേരളാ സിറാമിക്‌സ് ലിമിറ്റഡ് എംഡി പി. സതീശ് കുമാർ എന്നിവർക്കാണ് മികച്ച മാനേജിങ് ഡയറക്ടർക്കുള്ള പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
ഇതോടൊപ്പം മാധ്യമ പുരസ്‌കാരങ്ങളും വിതരണം ചെയ്തു. അച്ചടി വിഭാഗത്തിൽ ഒന്നാം സ്ഥാനം ലഭിച്ച മെട്രോ വാർത്തയിലെ എം.ബി സന്തോഷ് അവാർഡ് ഏറ്റുവാങ്ങി. 'ദാക്ഷായണി ബിസ്‌കറ്റും സംരംഭക വർഷവും എന്ന റിപ്പോർട്ടാണ് അവാർഡിന് അർഹനാക്കിയത്. ദേശാഭിമാനിയിലെ എ. സുൾഫിക്കർ രണ്ടാം സ്ഥാനത്തിനുള്ള അവാർഡ് സ്വീകരിച്ചു. കേരളാ പേപ്പർ പ്രോഡക്ട്‌സിനെക്കുറിച്ച് തയ്യാറാക്കിയ ഫീനിക്‌സ് എന്ന റിപ്പോർട്ടാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. കേരളം നിക്ഷേപ സൗഹൃദമാണ് എന്ന റിപ്പോർട്ടിന് ബിസിനസ് പ്ലസിലെ ആർ. അശോക് കുമാർ മൂന്നാം സ്ഥാനത്തിനുള്ള അവാർഡ് സ്വീകരിച്ചു. ദൃശ്യ മാധ്യമ വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിനുള്ള അവാർഡ് നേടിയത് മാതൃഭൂമി ന്യൂസിലെ ഡോ.ജി.പ്രസാദ് കുമാറാണ്. പവർ ടില്ലർ കയറ്റുമതിയെക്കുറിച്ചുള്ള റിപ്പോർട്ടിനാണ് അവാർഡ്. കേരളാ പേപ്പർ പ്രോഡക്ട്‌സിനെക്കുറിച്ചുള്ള റിപ്പോർട്ടിന് ഏഷ്യാനെറ്റ് ന്യൂസിലെ എസ്. ശ്യാംകുമാറിന് രണ്ടാം സ്ഥാനത്തിനുള്ള അവാർഡ് സ്വീകരിച്ചു .ആദ്യ മൂന്ന് അവാർഡുകൾക്ക് യഥാക്രമം 50000, 25000, 10000 രൂപ വീതവും പ്രശസ്തിഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.
പോൾ ആന്റണി ഐഎഎസ് ചെയർമാനായും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം. മുഹമ്മദ് ഹനീഷ് ഐഎഎസ്, ബിപിസിഎൽ മുൻ എക്‌സിക്യൂട്ടീവ് ഡയറക്ട്ര് നന്ദകുമാർ ഇ. എന്നിവർ അംഗങ്ങളായുള്ള പൊതുമേഖല അവാർഡ് നിർണ്ണയ കമ്മിറ്റിയാണ് മാനദണ്ഡങ്ങൾക്കനുസൃതമായി ഒരോ വിഭാഗങ്ങൾക്കുള്ള അവാർഡ് നിർണ്ണയിച്ചത്. വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ട്ര് ഹരികിഷോർ ഐഎഎസ് ജിഗീഷ് എ എം , കേരള മീഡിയ അക്കാഡമി ചെയർമാൻ ആർ. എസ്. ബാബു എന്നിവർ അംഗങ്ങളായുള്ള കമ്മിറ്റി യാണ് മാധ്യമങ്ങളിലെ മികച്ച അവാർഡുകൾ നിർണ്ണയിച്ചത്.
ഉത്പാദന മേഖലയിൽ 100 കോടി രൂപക്ക് മുകളിൽ വിറ്റുവരവുള്ള സ്ഥാപനം, 25 കോടി രൂപക്ക് മുകളിലും 100 കോടി രൂപക്ക് താഴെയും വിറ്റുവരവുള്ള സ്ഥാപനം, 25 കോടി രൂപക്ക് താഴെ വിറ്റുവരവുള്ള സ്ഥാപനം, ഉത്പാദനേതര മേഖലയിലെ മികച്ച പൊതുമേഖലാ സ്ഥാപനം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മികച്ച പൊതു മേഖലാ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ നിർണ്ണയിച്ചത്.
വ്യവസായ വകുപ്പിന്റെ അധീനതയിൽ 7 പ്രധാന മേഖലകളിലായി 54 പൊതുമേഖലാസ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തി മത്സരക്ഷമത ഉറപ്പു വരുത്തുതിനായി വിവിധ നയ പരിപാടികൾ സർക്കാർ തലത്തിൽ ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്നുണ്ട്്. ഇതിന്റെ ഭാഗമായി പബ്ലിക് സെക്ടർ റീസ്ട്രക്ച്ചറിങ് ആൻഡ് ഇന്റേണൽ ആഡിറ്റ് ബോർഡ് (RIAB) ബോർഡ് ഫോർ പബ്ലിക്് സെക്ടർ ട്രാൻസ്‌ഫോർമേഷൻ (BPT) എന്ന് പുനർനാമകരണം ചെയ്ത് ഗവേർണിങ് ബോർഡ് പുനഃസംഘടിപ്പിച്ചു.
പൊതുമേഖലാസ്ഥാപങ്ങളുമായുള്ള പ്രവർത്തന ധാരണാപത്രം ഒപ്പുവയ്ക്കൽ (Signing of MoU)
പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിൽ കാതലായ മാറ്റം വരുത്തുതിനായി എല്ലാ സ്ഥാപനങ്ങളിലും 2024-25 സാമ്പത്തിക വർഷത്തിൽ MOU & Business Plan നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ആദ്യ 'ധാരണാപത്രം ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്റ്റും വ്യവസായ വകുപ്പുമായി ചടങ്ങിൽ ഒപ്പിട്ടു. മറ്റു സ്ഥാപനങ്ങളുമായുള്ള ധാരണാപത്രം വ്യവസായ വകുപ്പുമായും ബിപിടിയുമായും ഈ മാസം അവസാനത്തോടു കൂടി ഒപ്പിടുന്നതാണ്. ഇതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
ധാരണാപത്രം നടപ്പിലാക്കുന്നതു വഴി പൊതുമേഖലാസ്ഥാപനങ്ങളുടെ ഉൽപ്പാദനക്ഷമത, വിറ്റുവരവ്, ലാഭം, സാമ്പത്തിക അച്ചടക്കം, ഉൽപ്പന്നത്തിന്റെ ഗുണമേന്മയും അംഗീകാരവും, തൊഴിലാളിമാനേജ്‌മെന്റ് ബന്ധം, റിസർച്ച് ആൻഡ് ഡെവലപ്പ്‌മെന്റ് സ്ഥാപനങ്ങളുമായുള്ള ബന്ധം, സാമൂഹിക പ്രതിബദ്ധത എന്നീ മേഖലകളിൽ മെച്ചപ്പെട്ട പ്രവർത്തനപുരോഗതി കൈവരിക്കുകയാണ് ലക്ഷ്യമിടുന്നത്.
പൊതുമേഖലാ സ്ഥാപങ്ങളുടെ പരിവർത്തനത്തിന്റെ ഭാഗമായി സ്ഥാപനങ്ങളിൽ സ്വയം ഭരണാവകാശവും ഉത്തരവാദിത്വവും ഉറപ്പുവരുത്തി പ്രവർത്തനം മെച്ചപ്പെടുത്തുതിനായുള്ള ധാരണാപത്രം ,കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങൾക്കനുസ്യതമായി നടപടിക്രമങ്ങൾ (systems & Procedures) വികസിപ്പിക്കുന്നത് ഉൾപ്പടെയുള്ള വിവിധ പരിവർത്തന പ്രവർത്തനങ്ങളാണ് ബിപിടിയുടെ നേത്യത്വത്തിൽ നടപ്പിലാക്കി വരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പരിവർത്തനത്തിന്റെ ഭാഗമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ നടപ്പിലാക്കിയിട്ടുള്ള ധാരണാപത്രം സംവിധാനം പ്രാവർത്തികമാക്കുന്നതിന്, സ്ഥാപനങ്ങൾക്ക് ആവശ്യമായ സാങ്കേതിക, സാമ്പത്തികനിർദ്ദേശങ്ങളും പരിശീലന പരിപാടികളും ബിപിടി മുഖേന നൽകിവരുന്നു.
എംഎൽഎ അഡ്വ.വി.കെ പ്രശാന്ത്, വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടർ ഹരികിഷോർ ഐഎഎസ്, വ്യവസായ വകുപ്പ് ഓഫീസർ ഓൺസ്‌പെഷ്യൽ ഡ്യൂട്ടി ആനി ജുല തോമസ് ഐഎഎസ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ഐഎഎസ്, ബിപിടി എക്‌സിക്യൂട്ടീവി ചെയർമാൻ കെ അജിത്ത് കുമാർ, മീഡിയ അക്കാഡമി ചെയർമാൻ ആർ എസ് ബാബു, ബിപിടി സെക്രട്ടറി മെമ്പർ സതീഷ്‌കുമാർ പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.