- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് ജിസിസി മീറ്റ് സംഘടിപ്പിച്ച് കെപിഎംജി
തിരുവനന്തപുരം, മാർച്ച് 17, 2024: കെപിഎംജി തിരുവനന്തപുരത്ത് ഗ്ലോബൽ കേപ്പബിലിറ്റി സെന്റേഴ്സ് (ജിസിസി) മീറ്റ് സംഘടിപ്പിച്ചു. വ്യാപാര രംഗത്തെ പ്രമുഖവ്യക്തികൾ പങ്കെടുത്ത മീറ്റിൽ മാനുഷികവിഭവശേഷി ആർജിക്കുന്നതിലും തന്ത്രപ്രധാന മേഖലകൾ കണ്ടെത്തുന്നതിലും പുതുമകൾ സ്വീകരിക്കുന്നതിലും വിശദമായ ചർച്ചകൾ നടന്നു. സംസ്ഥാന ഐടി സെക്രട്ടറി രത്തൻ യു കേൾകർ ഐഎഎസ് മുഖ്യപ്രഭാഷണം നടത്തി. വ്യാപാരരംഗത്തെ പ്രമുഖർക്ക് പരസ്പരം അറിവുകൾ പങ്കുവയ്ക്കുന്നതിനുള്ള വേദിയായിരുന്നു യോഗം. പ്രധാനമായും രണ്ട് പാനൽ ചർച്ചകളാണ് നടന്നത്. ഒപ്പം പുത്തൻ ആശയങ്ങൾക്ക് ഉരുത്തിരിഞ്ഞ തുറന്ന ചർച്ചകളും സംഘടിപ്പിച്ചിരുന്നു. ഇൻവെസ്റ്റ്മെന്റ് ബാങ്കിങ്, ക്ലൗഡ് സൊല്യൂഷൻ സേവനദാതാക്കൾ, ചില്ലറവിപണി തുടങ്ങിയ നിരവധി മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു. ജിസിസികൾക്കിടയിൽ പുതുമകൾക്ക് പ്രാധാന്യം നൽകുന്ന ഒരു പ്രവർത്തനാന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിലാണ് യോഗം പ്രധാനമായും ശ്രദ്ധ പതിപ്പിച്ചത്.
പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പുതിയ വരുമാന സ്രോതസുകൾ കണ്ടെത്തുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡാറ്റ അനലിറ്റിക്‌സും പോലെയുള്ള നൂതനസാങ്കേതികവിദ്യകൾ ജിസിസികൾ ഭംഗിയായി പ്രയോജനപ്പെടുത്തി വരികയാണെന്ന് കെപിഎംജിയുടെ ജിസിസി ഇന്ത്യ ലീഡർ ശാലിനി പിള്ളൈ പറഞ്ഞു. മറ്റ് മെട്രോ നഗരങ്ങളെ അപേക്ഷിച്ച് തിരുവനന്തപുരത്തിന്റെ സാദ്ധ്യതകൾ ശോഭനമാണെന്ന് കെപിഎംജി കൊച്ചിയിലെ മാനേജിങ് പാർട്ണർ വിഷ്ണു പിള്ളൈ പറഞ്ഞു. വ്യത്യസ്തവും വിശാലവുമായ മാനുഷികവിഭവശേഷിയാണ് തിരുവനന്തപുരത്തെ ആകർഷകമാക്കുന്നത്. തലസ്ഥാനത്ത് വളർന്നുവരുന്ന സാങ്കേതിക അന്തരീക്ഷവും നിക്ഷേപസാധ്യതകളും ഒരു ജിസിസി കേന്ദ്രമാക്കി മാറ്റാൻ അനുകൂലമാണെന്നും വിഷ്ണു പിള്ളൈ പറഞ്ഞു.
വ്യാപാര ആവശ്യങ്ങൾക്ക് വേണ്ടിയുള്ള വിഭവങ്ങൾ കണ്ടെത്തുന്നതിനായി മൾട്ടിനാഷണൽ കമ്പനികൾ ചേർന്ന് സ്ഥാപിക്കുന്ന ജിസിസി സെന്ററുകൾ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ കാഴ്ചവെച്ചത് വൻ സാങ്കേതിക മുന്നേറ്റം. അണിയറയിലെ സാങ്കേതികസംവിധാനങ്ങൾ സുഗമമാക്കുന്നതിനപ്പുറം ഇന്ന് വിപണിയിലെ വെല്ലുവിളികൾക്ക് പരിഹാരം കാണാനാകുന്ന സുപ്രധാന ശക്തിയായി ജിസിസികൾ മാറിക്കഴിഞ്ഞു. കമ്പനികളുടെ പ്രവർത്തനമികവും കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളുമാണ് പ്രധാനലക്ഷ്യങ്ങൾ.