തിരുവനന്തപുരം : കേരളത്തിലെ സാംസ്‌കാരിക മേഖലയിൽ ഹിന്ദുത്വവർഗീയത ശക്തിപ്പെടാതെ പോയത് ഇഎംഎസിന്റെ ശക്തമായ ഇടപെടൽ കൊണ്ടായിരുന്നുവെന്ന് നിരൂപകനും എഴുത്തുകാരനുമായ സി. അശോകൻ പറഞ്ഞു. മതേതര- ജനാധിപത്യ മൂല്യങ്ങൾക്കും ആശയങ്ങൾക്കും പൊതുമണ്ഡലത്തിൽ മേൽക്കൈ നേടുന്നതിനും ഇഎംഎസിന്റെ പ്രഭാഷണങ്ങളും ലേഖനങ്ങളും സഹായകരമായി. സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്പ്യൻ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളും തകർന്നു വീണതിനെത്തുടർന്ന് ലോകമെങ്ങുമുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾ പേരും കൊടിയും ഉപേക്ഷിച്ചപ്പോൾ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് പ്രതിസന്ധി മറികടക്കാൻ നേതൃത്വം നൽകിയത് ഇ.എം.എസ്. ആയിരുന്നു. സോഷ്യലിസ്റ്റ് പ്രയോഗങ്ങളിൽ വന്ന വീഴ്ചകൾ തിരിച്ചറിഞ്ഞ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നയസമീപനങ്ങളിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവന്ന് പാർട്ടിയെ ശക്തിപ്പെടുത്താനും ഇ.എം.എസിന് കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ഇ.എം.എസ്. ദിനാചരണത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് അസി. ഡയറക്ടർ ഡോ. ഷിബു ശ്രീധർ ആധ്യക്ഷ്യം വഹിച്ചു. പബ്ലിക്കേഷൻ വിഭാഗം അസി. ഡയറക്ടർ ഡോ. ജിനേഷ് കുമാർ എരമം സ്വാഗതവും എഡിറ്റോറിയൽ അസിസ്റ്റന്റ് മനേഷ് പി. നന്ദിയും പറഞ്ഞു.