കോഴിക്കോട്: ജാമിഅഃ മർകസിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ഡിപ്പാർട്ടുമെന്റുകളിലെ 2023-24 വർഷത്തെ ഫൈനൽ പരീക്ഷ ഫലം പ്രഖ്യാപിച്ചു. ജാമിഅഃ ചാൻസിലർ സി മുഹമ്മദ് ഫൈസിയാണ് മർകസ് ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ ചൊവ്വ രാവിലെ 11 ന് ഫലപ്രഖ്യാപനം നടത്തിയത്. ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിൽ നിന്നുള്ള 1228 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഇതിൽ 97 ശതമാനം പേർ വിജയികളായി.

വിവിധ ഡിപ്പാർട്ടുമെന്റുകളിലായി മുഹമ്മദ് റുശ്ദ് വേങ്ങര, മുഫീദ് എരഞ്ഞിക്കൽ, മുഹമ്മദ് സ്വാലിഹ് എടരിക്കോട്, മുഹമ്മദ് ഫവാസ് മോങ്ങം, മുഹമ്മദ് സുഫ്യാൻ മഹാരാഷ്ട്ര, ഉബൈദുല്ല പടിഞ്ഞാറ്റുമുറി, മുഹമ്മദ് ഫാളിൽ എരുമ്പാടിക്കുന്ന്, മുഹമ്മദ് മുർശിദ് വിളയൂർ എന്നിവർ ഒന്നാം റാങ്ക് കരസ്ഥമാക്കി.

ഫലപ്രഖ്യാപന ചടങ്ങിൽ ജാമിഅഃ പ്രൊ ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, കുല്ലിയ്യ ശരീഅ ഡീൻ അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല സംബന്ധിച്ചു. വിജയികളെ ജാമിഅഃ മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ അനുമോദിച്ചു. പരീക്ഷാഫലം www.jamiamarkaz.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിന് മാർച്ച് 26 വരെ അപേക്ഷിക്കാമെന്ന് കൺട്രോളർ ഓഫ് എക്‌സാമിനേഷൻ അറിയിച്ചു.