- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉറവിട മാലിന്യസംസ്കരണം: 100% ലക്ഷ്യം കൈവരിച്ച് ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ
ഏറ്റുമാനൂർ: എല്ലാ വീടുകളിലും ഉറവിട മാലിന്യസംസ്കരണം എന്ന ലക്ഷ്യത്തോടെ ഏറ്റുമാനൂർ ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ ആരംഭിച്ച പ്രവർത്തനങ്ങൾ 100 ശതമാനം ലക്ഷ്യം കണ്ടു. അസോസിയേഷൻ അംഗങ്ങളുടെയെല്ലാം വീടുകളിൽ ഉറവിടമാലിന്യസംസ്കരണ യൂണിറ്റുകൾ ഉറപ്പാക്കികൊണ്ടാണ് അസോസിയേഷന്റെ ഈ നേട്ടം. ഉറവിടമാലിന്യത്തിന് ഫലപ്രദമായ സൗകര്യങ്ങൾ ഇല്ലാത്ത വീടുകളിലെല്ലാം സബ്സിഡി നിരക്കിൽ ജിബിൻ എത്തിച്ചുകൊണ്ടാണ് മറ്റെങ്ങുമില്ലാത്ത രീതിയിൽ അസോസിയേഷൻ ഈ നേട്ടം കൈവരിച്ചത്.
കഴിഞ്ഞ ഒരു വർഷമായി അസോസിയേഷൻ നടത്തിവരുന്ന പരിസ്ഥിതിസൗഹൃദപ്രവർത്തനങ്ങളുടെ ഭാഗമായാണ് ജൈവമാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനുള്ള പദ്ധതി എല്ലാ അംഗങ്ങളുടെ വസതികളിലും നടപ്പാക്കാൻ തീരുമാനമായത്. ഇതിന്റെ ആദ്യപടിയായി നടന്നത് ഉറവിടമാലിന്യസംസ്കരണം കൃത്യമായി എല്ലാ അംഗങ്ങളുടെ വീടുകളിലും നടക്കുന്നുണ്ടോ എന്ന സർവേയാണ്. ഇതിലൂടെ ഉറവിടമാലിന്യസംസ്കരണയൂണിറ്റുകൾ ഫലപ്രദമായി ഉപയോഗിക്കുന്നവരുടെയും ഇല്ലാത്തവരുടെയും എണ്ണം എടുക്കാനായി. ചിലർ ഉപയോഗിക്കുന്നുണ്ടെങ്കിലും ഫലപ്രദമായല്ല എന്നും മനസിലാക്കി.
രണ്ടാം ഘട്ടമായി സർക്കാരിന്റെ 'മാലിന്യമുക്തം നവകേരളം' പദ്ധതിയുമായി ചേർന്ന് എല്ലാ വീടുകളിലും സബ്സിഡി നിരക്കിൽ ഉറവിടമാലിന്യസംസ്കരണയൂണിറ്റ് എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിനായി ആദ്യം സമീപിച്ചത് ജില്ലാ ശുചിത്വമിഷനെയാണ്. സബ്സിഡി നിരക്കിൽ പദ്ധതി ഉടൻ നടപ്പിലാക്കണമെങ്കിൽ തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെടാൻ ശുചിത്വമിഷൻ ഉദ്യോഗസ്ഥർ നിർദേശിച്ചതനുസരിച്ച് ജിബിൻ ആവശ്യമുള്ളവരുടെ ലിസ്റ്റ് സഹിതം ഏറ്റുമാനൂർ നഗരസഭയ്ക്ക് അസോസിയേഷൻ അപേക്ഷ നൽകി.
മാലിന്യനിർമ്മാർജനത്തിന് കൂടുതൽ പ്രാധാന്യം നൽകികൊണ്ടും 15ലധികം വരുന്ന മറ്റു പ്രോജക്ടുകൾ കോർത്തിണക്കികൊണ്ടും 2024ൽ അസോസിയേഷൻ നടപ്പിലാക്കുന്ന 'ഉണർവ് 2024' പദ്ധതിയുടെ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തിരുന്നു. ഇതിന് പിന്നാലെ ജി ബിൻ വിതരണത്തിന്റെ ആദ്യഘട്ടവിതരണത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ഫെബ്രുവരിയിൽ നഗരസഭ ആരോഗ്യകാര്യസ്ഥിരം സമിതി അധ്യക്ഷ ബീനാ ഷാജി, ഏറ്റുമാനൂർ സർവീസ് സഹകരണബാങ്ക് മാനേജർ ഷീലാ റാണി എന്നിവർ ചേർന്ന് നിർവഹിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി എല്ലാ വീടുകളിലും ജി ബിൻ എത്തിച്ചതോടെയാണ് മാലിന്യസംസ്കരണരംഗത്ത് ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ പുത്തൻ അധ്യായം തുറന്നത്.
അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ രാജു സിറിയക്, എ.വി.പ്രദീപ്കുമാർ, സെക്രട്ടറി ബി.സുനിൽകുമാർ, ജോയിന്റ് സെക്രട്ടറിമാരായ ടി.ജി.രാമചന്ദ്രൻ നായർ, അമ്മിണി സുശീലൻ നായർ, ട്രഷറർ എൻ.വിജയകുമാർ, പ്രോജക്ട് കോ-ഓർഡിനേറ്റർ ദിനേശ് ആർ ഷേണായ്, കമ്മറ്റിയംഗങ്ങളായ ബി.അരുൺകുമാർ, ജി.മാധവൻകുട്ടി നായർ, സ്ത്രീശക്തി ഭാരവാഹികളായ ബീനാ രാമചന്ദ്രൻ, ശ്രീകല രാജു, സുപ്രിയ ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.