തിരുവനന്തപുരം :ജെയിംസ് കൂടലിനെ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റായി കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ നിയമിച്ചതായി കെ പി സി സി ജനറൽ സെക്രട്ടറി ടി യു രാധാകൃഷ്ണൻ അറിയിച്ചു

നിലവിൽ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (അമേരിക്ക) നാഷനൽ ചെയർമാൻ ആണ് ജെയിംസ് കൂടൽ .അമേരിക്കയിൽ നിന്നുള്ള ലോക കേരളസഭാ അംഗം,
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് ഫോറം ചെയർമാനായും പ്രവർത്തിക്കുന്നു കൂടൽ. അമേരിക്കയിലെ ഹൂസ്റ്റൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്ലോബൽ ഇന്ത്യൻ മീഡിയ ചെയർമാനുംഎം.എസ്.ജെ ബിസിനസ് ഗ്രൂപ്പ് ശൃംഖലയുടെ ചെയർമാനുമാണ് ജെയിംസ് കൂടൽ. 1994 മുതൽ ബഹ്റൈനിലും 2015 മുതൽ യു.എസ്.എയിലുമായി വിവിധ മേഖലകളിൽ സേവനം നടത്തി വരുന്നു.

പൊതുപ്രവർത്തനം, ജീവകാരുണ്യം, മാധ്യമം തുടങ്ങി വിവിധ മേഖലകളിലെ സജീവ സാന്നിധ്യമാണ്. വേൾഡ് മലയാളി കൗൺസിൽ മുൻ ഗ്ലോബൽ ട്രഷററായിരുന്നു. ഇക്കാലയളവിൽ ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങൾക്കാണ് നേതൃത്വം നൽകിയത്.

അഖില കേരള ബാലജനസഖ്യത്തിലൂടെ പൊതുപ്രവർത്തനരംഗത്ത് സജീവമായി. വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ പ്രസിഡന്റ്, ബെഹ്റൈൻ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിലുള്ള കോഡിനേഷൻ കമ്മിറ്റി ഓഫ് ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറി, ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ പേട്രൻ, ഓവർസീസ് ഇന്ത്യൻ കോൺഗ്രസ് ഗ്ലോബൽ ട്രഷറർ, ബഹ്റൈൻ നാഷണൽ കമ്മിറ്റി പ്രസിഡന്റ്, ജയ്ഹിന്ദ് ചാനൽ ബഹ്റൈൻ ബ്യൂറോ ചീഫ്, നോർക്ക അഡൈ്വസറി ബോർഡ് അംഗം, കോൺഗ്രസ് കലഞ്ഞൂർ മണ്ഡലം പ്രസിഡന്റ്, അടൂർ താലൂക്ക് റബർ മാർക്കറ്റിങ് സൊസൈറ്റി ഡയറക്ടർ തുടങ്ങിയ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്.മലങ്കര കത്തോലിക്ക അമേരിക്ക കാനഡ പാസ്റ്ററൽ കൗൺസിൽ അംഗം ആണ് ജെയിംസ് കൂടൽ . പത്തനംതിട്ട കോന്നി സ്വദേശിയാണ് ജെയിംസ് കൂടൽ.