നോളജ് സിറ്റി: ഇസ്്ലാം മത വിശ്വാസികളുടെ ആദരണീയ പുരുഷന്മാരായ അസ്ഹാബുൽ ബദറിന്റെ ഓർമകൾ അയവിറക്കുന്ന ബദ്റുൽ കുബ്റാ ആത്മീയ സമ്മേളനം നാളെ (ബുധൻ) മർകസ് നോളജ് സിറ്റിയിൽ. ഇസ്്ലാമിക ചരിത്രത്തിലെ അവിസ്മരണീയ സംഭവത്തിന്റെ ഓർമകളുമായി പതിനായിരങ്ങൾ നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹിൽ സംഗമിക്കും.
സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ഗ്രാൻഡ് ഇഫ്താറിൽ 25,000ത്തോളം ആളുകൾ സംബന്ധിക്കും. ജാമിഉൽ ഫുതൂഹ് അങ്കണത്തിലും പരിസരത്തുമായി ഒരുമിച്ചിരുന്ന് നോമ്പ് തുറക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുകയാണ് സംഘാടകർ.

ഇത് രാജ്യത്തെ തന്നെ ഏറ്റവും വലിയ നോമ്പ് തുറകളിലൊന്നായി മാറുമെന്ന് സംഘാടകർ പറഞ്ഞു.ഉച്ചക്ക് ഒരു മണിയോടെ ആരംഭിക്കുന്ന സമ്മേളനം സമസ്ത ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്്ലിയാരുടെ അധ്യക്ഷതയിൽ സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്്ലിയാർ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാർ അനുസ്മരണ പ്രഭാഷണം നടത്തും. പി അബ്ദുൽ ഖാദിർ മുസ്്ലിയാർ പൊന്മള, സി മുഹമ്മദ് ഫൈസി, ഹുസൈൻ സഖാഫി ചുള്ളിക്കോട്, സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടി, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സുലൈമാൻ ഫൈസി കിഴിശ്ശേരി തുടങ്ങിയവർ സംസാരിക്കും.

സയ്യിദ് അലി ബാഫഖീഹ്, സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തന്നൂർ, പി. ഹസൻ മുസ്ലിയാർ വയനാട്, ബാവ മുസ്ലിയാർ കോടമ്പുഴ, സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി, മഞ്ഞപ്പറ്റ ഹംസ മുസ്ലിയാർ, സയ്യിദ് അബ്ദുറഹ്‌മാൻ ഇമ്പിച്ചിക്കോയ അൽ ബുഖാരി ബായാർ സംബന്ധിക്കും.
ബദർ കിസ്സ പാടിപ്പറയൽ, മഹ്ളറത്തുൽ ബദ്രിയ്യ വാർഷിക സദസ്സ്, ഗ്രാൻഡ് ഇഫ്താർ, പ്രാർത്ഥനാ സംഗമം, അനുസ്മരണ പ്രഭാഷണം, അസ്മാഉൽ ബദ്ര് പാരായണം, ബദർ മൗലിദ് പ്രാർത്ഥന തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.