തിരുവനന്തപുരം: പൊതുജനങ്ങളിൽ ആരോഗ്യ പരിപാലനവും കായികക്ഷമതയും വ്യായാമവും ഒരു ശീലമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന കായിക വകുപ്പിനു കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം തുടക്കമിട്ട ഫിറ്റ്നസ് സെന്ററുകൾക്ക് മികച്ച പ്രതികരണം. അത്യാധുനിക സൗകര്യങ്ങളും സംവിധാനങ്ങളുമായി ഒമ്പത് ഫിറ്റ്നസ് സെന്ററുകളാണ് വിവിധ ജില്ലകളിൽ ഇതിനകം പ്രവർത്തനം തുടങ്ങിയത്. സ്ത്രീകൾക്കും പുരുഷന്മാർക്കും മിതമായ നിരക്കിൽ മികച്ച സൗകര്യങ്ങളോടെ ഉപയോഗിക്കാമെന്നത് കൂടുതൽ പേരെ ഈ ഫിറ്റ്നസ് സെന്ററുകളിലേക്ക് ആകർഷിക്കുന്നത്.

ഒമ്പതിടങ്ങളിലും പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടേയും ജില്ലാ സ്പോർട്സ് കൗൺസിലുകളുടേയും സംയുക്ത സഹകരണത്തോടെയാണ് ഈ ഫിറ്റ്നസ് സെന്ററുകൾ പ്രവർത്തിക്കുന്നത്. പൂർണമായും ശീതീകരിച്ച സെന്ററുകളിൽ വിദഗ്ധ പരിശീലകരുടെ സഹായവും ലഭിക്കും.

തിരുവനന്തപുരത്ത് ജിമ്മി ജോർജ്ജ് സ്റ്റേഡിയം, വട്ടിയൂർക്കാവ്, പത്തനംതിട്ടയിലെ കലഞ്ഞൂർ, കോട്ടയം ജില്ലയിലെ പൈക, പാലക്കാട് ജില്ലയിലെ ചിറ്റൂർ, മലപ്പുറത്തെ കോട്ടപ്പടി, കണ്ണൂർ ജില്ലയിലെ ആന്തൂർ, എന്നിവിടങ്ങളിലാണ് ഇപ്പോൾ സ്പോർട്സ് കേരള ഫിറ്റ്‌നസ് സെന്ററുകൾ പ്രവർത്തിച്ചുവരുന്നത്. രണ്ടര കോടി രൂപയോളം ചെലവിട്ടാണ് ഇവ നിർമ്മിച്ചത്. ആലപ്പുഴ ജില്ലയിലെ മാവേലിക്കര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവിടങ്ങളിലെ സെന്ററുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. വൈകാതെ പൊതുജനങ്ങൾക്കായി തുറക്കും.

പൂർണമായും എയർ കണ്ടീഷൻ ചെയ്ത ഫിറ്റ്നസ് സെന്ററുകൾ മികച്ച സംവിധാനങ്ങളോടെയാണ് സജ്ജീകരിച്ചിരിക്കുന്നത്. സ്ത്രീകൾക്കായി പ്രത്യേക സമയവും സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വിദഗ്ധരായ പരിശീലകരുടെ നേതൃത്വത്തിലാണ് പ്രവർത്തനം.