നോളജ് സിറ്റി (കോഴിക്കോട്): ബദ്റുൽ കുബ്റാ ആത്മീയ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താറിൽ പതിനായിരങ്ങൾ ഒരുമിച്ചിരുന്ന് നോമ്പ് തുറന്നു. സംസ്ഥാനത്തിനകത്ത് നിന്നും പുറത്ത് നിന്നും ബദ്റുൽ കുബ്റാ ആത്മീയ സമ്മേളനത്തിനെത്തിയവരാണ് ജാമിഉൽ ഫുതൂഹ് ഇന്ത്യൻ ഗ്രാൻഡ് മസ്ജിദിലും പരിസരത്തുമായി നോമ്പ് തുറന്നത്. ജനകീയ സമാഹരണത്തിലൂടെയാണ് ആട് മുതൽ എല്ലാ വിഭവങ്ങളും സമാഹരിച്ചത്.

തുടർന്ന് നടന്ന ആത്മീയ സമ്മേളനത്തിൽ സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്്‌ലിയാർ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്്‌ലിയാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി മുഹമ്മദ് ഫൈസി, സയ്യിദ് ത്വാഹ സഖാഫി കുറ്റ്യാടി, ഹുസൈൻ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, സുലൈമാൻ ഫൈസി കിഴിശ്ശേരി തുടങ്ങിയവർ സംസാരിച്ചു.സയ്യിദ് അലി ബാഫഖീഹ്, സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തന്നൂർ, സയ്യിദ് ശിഹാബുദ്ധീൻ ബുഖാരി കടലുണ്ടി, സയ്യിദ് അബ്ദുറഹ്‌മാൻ ഇമ്പിച്ചിക്കോയ അൽ ബുഖാരി ബായാർ സംബന്ധിച്ചു.ബദ്രീയം, ബദർ കിസ്സ പാടിപ്പറയൽ, മഹ്‌ളറത്തുൽ ബദ്രിയ്യ വാർഷിക സദസ്സ്, ഗ്രാൻഡ് ഇഫ്താർ, പ്രാർത്ഥനാ സംഗമം, അനുസ്മരണ പ്രഭാഷണം, അസ്മാഉൽ ബദ്ര് പാരായണം, ബദർ മൗലിദ്, പ്രാർത്ഥന തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി നടന്നു.