- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാസ് മൗലവി വധം: കോടതി വിധി ആർ എസ് എസുമായി നടത്തിയ ഒത്തുകളിയുടെ ബാക്കിപത്രം - വെൽഫെയർ പാർട്ടി
കാസറഗോഡ്: റിയാസ് മൗലവി വധത്തിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട കോടതി വിധി ആർ എസ് എസുമായി നടത്തിയ ഒത്തുകളിയുടെ പരിണിത ഫലമാണെന്നും ഈ വിധിക്കെതിരെ സർക്കാർ തന്നെ അപ്പീൽ നൽകണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.
കൊല നടത്തിയവരും ഗൂഢാലോചകരും നിയമപരമായി നിരപരാധികളായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തിൽ, വിശിഷ്യാ കാസർഗോഡ് ആർ എസ് എസു കാർ പ്രതികളായ കേസുകളിൽ പ്രതികൾ ശിക്ഷക്കപ്പെടാതെ പോകുന്നത് ആദ്യമായിട്ടല്ല.
ചൂരി മദ്രസയിലെ അദ്ധ്യാപകനും കർണാടക കുടക് സ്വദേശിയുമായ റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ച് കയറി വെട്ടിക്കൊലപ്പെടുത്തിയിട്ടും സംഭവത്തിൽ ഗൂഢാലോചനയില്ലെന്നും മദ്യലഹരിയിൽ പ്രതികൾ ചെയ്തു പോയതാണെന്നും സ്ഥാപിക്കാൻ അന്ന് തന്നെ അന്വേഷണ സംഘം ശ്രമിച്ചിരുന്നു. പ്രതികൾക്കനുകൂലമായ വിധി ഉണ്ടാകുന്നതിന് ഇത് പ്രധാന കാരണമായിട്ടുണ്ട്.
ഹിന്ദുത്വ തീവ്രവാദം കേരളത്തിൽ ചർച്ച ചെയ്യപ്പെട്ട ഒരു കേസ് ആയിരുന്നിട്ടു പോലും കൃത്യം ചെയ്ത മൂന്നു പേരിൽ മാത്രം കേന്ദ്രീകരിച്ച് കേസിനെ ദുർബലമാക്കുകയാണ് അന്വേഷണ സംഘം ചെയ്തത്.അതിന്റെ സ്വാഭാവിക പരിണിതിയാണ് വിചാരണയിൽ കണ്ടത്. സാക്ഷികളാരും കൂറുമാറാതിരുന്നിട്ടും എന്തു കൊണ്ടാണ് ഇത്തരത്തിൽ ഒരു വിധിയുണ്ടായത് എന്നതിന് പ്രോസിക്യൂഷൻ ഉത്തരം പറയണം.
കേരളത്തിലെ ആഭ്യന്തര വകുപ്പും ഇടത് സർക്കാരും ഇങ്ങനെ ഒരു വിധി ഉണ്ടായതിന് ഉത്തരവാദികളാണ്.ആർ എസ് എസ്സുകാർ പ്രതികളാകുന്ന കുറ്റകൃത്യങ്ങളിൽ കോടതികളിൽ നിന്ന് അവർക്കനുകൂലമായ വിധികൾ വരുന്നത് സ്വാഭാവികമാണെന്ന് കരുതാനാവില്ല. സാധാരണ കൊലപാതക കേസുകളിൽ കീഴ്ക്കോടതികൾ കടുത്ത ശിക്ഷ വിധിക്കുന്നതാണ് നമ്മുടെ നീതിന്യായ സംവിധാനത്തിലെ പതിവ്. പിന്നീട് മേൽക്കോടതികൾ ശിക്ഷകൾ ലഘൂകരിക്കുകയാണ് ചെയ്യുക. ആലപ്പുഴയിലെ കേസിൽ കൂട്ട വധശിക്ഷ വിധിച്ച അസ്വാഭാവിക ഉത്തരവ് ഈ അടുത്താണ് വന്നത്. എന്നാൽ ആർ എസ് എസ് ക്രിമിനലുകൾ പ്രതികളായി വരുന്ന കേസുകളിൽ കീഴ്ക്കോടതികൾ പ്രതികളെ വെറുതെ വിടുകയോ ലഘുവായ ശിക്ഷ പുറപ്പെടുവിക്കുകയോ ആണ് ചെയ്യുന്നത്. ഇത് കോടതികളുടെ വിശ്വാസ്യതയെ തന്നെയാണ് ബാധിക്കുന്നത്.
റിയാസ് മൗലവി വധം കേവലം ഒരു കൊലപാതക കേസ് എന്നതിലുപരി സമൂഹത്തിൽ വംശീയ കലാപം ആളിക്കത്തിക്കാൻ ലക്ഷ്യമിട്ട് നടത്തിയ ആസൂത്രിത കൊലപാതകമാണ്. കോടതികൾ നീതിയുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും നിയമാവാഴ്ചയുടെ വിശ്വാസ്യത ഉറപ്പ് വരുത്തുന്നതിനും പകരം വംശീയ തീവ്രവാദികൾക്ക് ക്ളീൻ ചിറ്റ് നൽകുന്ന പ്രവണത സമൂഹത്തിന്റെ കേട്ടുറപ്പിനെ തന്നെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയാസ് മൗലവിയുടെ കുടുംബത്തോടൊപ്പം വെൽഫെയർ പാർട്ടി അടിയുറച്ച് നിൽക്കുന്നുവെന്നും നിയമപോരാട്ടങ്ങൾക്ക് പാർട്ടിയുടെ മുഴുവൻ പിന്തുണയും തുടർന്നും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആർ എസ് എസ് വംശീയ- ഉന്മൂലന രാഷ്ട്രീയത്തെ ഒറ്റക്കെട്ടായി, മറകളില്ലാതെ പ്രതിരോധിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റിയാസ് മൗലവി വധം: കോടതി വിധി പ്രതിഷേധാർഹം.
റിയാസ് മൗലവി വധത്തിൽ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരെ വെറുതെ വിട്ട കോടതി വിധി പ്രതിഷേധാർഹമാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ്. പ്രതികൾക്കെതിരെ പൊലീസ് അന്വേഷണത്തിലും പ്രോസിക്യൂഷൻ വാദങ്ങളിലും സംഭവിച്ച ദൗർബല്യങ്ങളാണ് കോടതിയിൽ നിന്ന് ദൗർഭാഗ്യകരമായ വിധിയുണ്ടായത്. ശാസ്ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും പ്രതികൾക്കെതിരായി ഉണ്ടായിട്ടും അതൊന്നും മുൻനിർത്തിയുള്ള കുറ്റമറ്റ നിലപാടുകൾ കോടതിയിൽ സ്വീകരിക്കപ്പെടാതെ പോയത് കോടതിക്ക് പ്രതികൾക്കനുകൂലമായ വിധിതീർപ്പിലെത്താൻ സഹായകരമായി. മുസ്ലിം വംശഹത്യാ പദ്ധതിയിൽ കോടതി സംഘപരിവാറിന്റെ കൂടെ നിൽക്കുന്നത് ഏറെ ആശങ്കാജനകമാണ്.
കൊലപാതകത്തിന് പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ശ്രമിക്കാതിരുന്ന പ്രോസിക്യൂഷൻ നടപടിയാണ് സംഘ്പരിവാർ ക്രിമിനലുകളെ വെറുതെവിടുന്ന കോടതി വിധിയിലേക്ക് നയിച്ചത്. ആർ.എസ്.എസ്സുകാർ പ്രതികളാകുന്ന കേസുകളിലെ ഇത്തരത്തിലുള്ള പൊലീസ്- ജുഡീഷ്യൽ ഉദാസീന നടപടികൾ നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കുന്നതും നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം തകർക്കുന്നതുമാണ്.
സംഘ്പരിവാറിന്റെ മുസ്ലിം ഉന്മുലന ശ്രമങ്ങളെ ചെറുക്കാൻ പി.ആർ സ്റ്റണ്ടുകൾക്കപ്പുറം ആത്മാർഥമായ ശ്രമങ്ങൾ കേരള സർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. റിയാസ് മൗലവിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ സോളിഡാരിറ്റി പങ്കുചേരുന്നുവെന്നും സി.ടി സുഹൈബ് കൂട്ടിച്ചേർത്തു.