മലപ്പുറം : ജനകീയ സമരത്തിലൂടെ RSS ന്റെ വംശീയത പദ്ധതി പരാജയപ്പെടുത്തുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു.

സാമൂഹിക സഹവർത്തിത്വത്തിന്റെയും ബഹുസ്വരതയുടെയും പാരമ്പര്യമുള്ള ഇന്ത്യയെ മതധ്രുവീകരണത്തിലൂടെ ഹിന്ദുത്വവത്കരിക്കാനുള്ള ശ്രമമാണ് പൗരത്വ നിയമം വഴി സംഘപരിവാർ നടത്തുന്നത്.

വംശീയ രാഷ്ട്രീയത്തിന്റെ ഈ വിദ്വേശ അജണ്ടകൾ ചെറുത്തുതോൽപ്പിക്കാൻ മതേതര ഇന്ത്യക്ക് സാധിക്കേണ്ടതുണ്ട്. വരാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം തിരിച്ചുപിടിച്ച് ഫാഷിസ്റ്റ് ഏകാധിപത്യ ശക്തികളെ അധികാരത്തിൽ നിന്നും താഴെയിറക്കാൻ മുഴുവൻ ജനതയും രാഷ്ട്രീയ പാർട്ടികളും കൂട്ടായ്മകളും ഒന്നിച്ചു നിൽക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു.

വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള പോരാട്ടത്തിന്റെ രാത്തെരുവ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലിംകളെ മാത്രം പുറത്തുനിർത്തിയുള്ള വംശീയാധിഷ്ഠിതമായ പൗരത്വ നിയമം നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും രണ്ടാം സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് വെൽഫെയർ പാർട്ടി തുടക്കം കുറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുഴുവൻ ജനാധിപത്യ പാർട്ടികളും ജനങ്ങളും ഈ സമരം ഏറ്റെടുത്ത് തെരുവിലോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ കമ്മിറ്റി അംഗം ഇ സി ആയിഷ, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി കെ വി സഫീർഷാ, വുമൺ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡണ്ട് ഫായിസ കരുവാരക്കുണ്ട്, എഫ് ഐ ടി യു ജില്ലാ പ്രസിഡണ്ട് കൃഷ്ണൻ കുനിയിൽ, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡണ്ട് ജംഷീദ് അബൂബക്കർ, ആരിഫ് ചുണ്ടയിൽ എന്നിവർ സംസാരിച്ചു.

എ ആർ റഹ്മാനിൽ നിന്നടക്കം അഭിനന്ദനം ലഭിച്ച സോഷ്യൽ മീഡിയയിലെ വൈറൽ ഗായിക മീര പോരാട്ടത്തിന്റെ പാട്ടുകൾ പരിപാടിയിൽ അവതരിപ്പിച്ചു.

മലപ്പുറം കിഴക്കേതലയിൽ നിന്ന് ആയിരങ്ങൾ പങ്കെടുത്ത മാർച്ചിന് മുനീബ് കാരക്കുന്ന്, വഹാബ് വെട്ടം, നസീറ ബാനു, സുഭദ്ര വണ്ടൂർ, , ഖാദർ അങ്ങാടിപ്പുറം, അഷ്‌റഫലി കട്ടുപ്പാറ, ജാഫർ സി സി, രജിത മഞ്ചേരി, ഇബ്രാഹിം കുട്ടി മംഗലം, അഷറഫ് കെ കെ, നൗഷാദ് ചുള്ളിയൻ, ബിന്ദു പരമേശ്വരൻ, റജീന ഇരുമ്പിളിയം, ബാസിത് താനൂർ എന്നിവർ നേതൃത്വം നൽകി.