- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പങ്കാളിത്ത പെൻഷൻ പിൻവലിച്ച് ഇടതു സർക്കാർ വാക്കു പാലിക്കണം - കേരള എൻജിഒ സംഘ്
ആലപ്പുഴ: എട്ടു വർഷത്തെ ഇടതുഭരണം കേരളത്തിലെ സിവിൽ സർവീസ് മേഖലയിലെ എല്ലാ ആനുകൂല്യങ്ങളും ഇല്ലാതാക്കിയാണ് മുന്നോട്ടുപോകുന്നതെന്നും, സ്റ്റാറ്റിയൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്ത് ഭരണത്തിൽ കയറിയ പിണറായി സർക്കാർ അതിൽ നിന്ന് പിന്മാറുന്നത് സംസ്ഥാന ജീവനക്കാരോടുള്ള വഞ്ചനാപരമായ സമീപനമാണെന്നും കേരള എൻജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡന്റ് പി വി മനോജ് ആരോപിച്ചു. കേരളത്തിൽ പങ്കാളിത്ത പെൻഷൻ നടപ്പാക്കിയതിന്റെ പതിനൊന്നാം വാർഷിക ദിനമായ ഏപ്രിൽ ഒന്നിന് ആലപ്പുഴ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ആലപ്പുഴ കളക്ടറേറ്റിന് സമീപം സംഘടിപ്പിച്ച ജില്ലാ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ചരിത്രത്തിൽ ആദ്യമായിട്ടാണ് സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളവും പെൻഷനും മുടങ്ങിയത്. ഭരണത്തിൽ കയറിയതിനു ശേഷം ജീവനക്കാരുടെ നിലവിലുണ്ടായിരുന്ന പല ആനുകൂല്യങ്ങളും ഇല്ലാതാക്കിയും, സിവിൽ സർവീസ് ചരിത്രത്തിൽ ഏഴു ഗഡു ക്ഷാമബത്ത കുടിശ്ശികയാക്കിയ ഏക സർക്കാരായി ഇടതുപക്ഷ തൊഴിലാളി സർക്കാർ മാറിയെന്നും അദ്ദേഹം ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് കെ ആർ വേണു അധ്യക്ഷത വഹിച്ച പരിപാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി എ പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. വൈകിട്ട് നടന്ന സമാപനം സംസ്ഥാന സെക്രട്ടറി ജെ മഹാദേവൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ സെക്രട്ടറി ശ്രീജിത്ത് കരുമാടി, സംസ്ഥാന സമിതി അംഗങ്ങളായ എസ് സോളിമോൻ, സുമേഷ് ആനന്ദ്, ഫെറ്റോ ജില്ലാ പ്രസിഡന്റ് ഗോപകുമാർ മഥുരാപുരി, ജില്ലാ ട്രഷറർ റ്റി സന്തോഷ്, ജില്ലാ ഭാരവാഹികളായ അജിത് കുമാർ, കെ ആർ ദേവിദാസ് എന്നിവർ സംസാരിച്ചു.