തിരുവനന്തപുരം: ഡിഫറന്റ് ആർട് സെന്ററിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കുട്ടികൾക്കായി കാസർഗോഡ് ആരംഭിക്കുന്ന ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസിന് (ഐ.ഐ.പി.ഡി) പിന്തുണയുമായി കണ്ണൂർ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്). കണ്ണൂർ മഹോത്സവത്തിന്റെ ഭാഗമായി സമാഹരിച്ച പന്ത്രണ്ട് ലക്ഷം രൂപയാണ് അസോസിയേഷൻ മുൻ പ്രസിഡന്റ് സേവ്യർ ആന്റണി ആലക്കോട് ഡിഫറന്റ് ആർട് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാടിന് കൈമാറിയത്.

കഴിഞ്ഞ 18 വർഷമായി കണ്ണൂർ മഹോത്സവത്തിന്റെ ഭാഗമായി സമാഹരിക്കുന്ന തുക ചാരിറ്റി പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും ഗോപിനാഥ് മുതുകാട് ഭിന്നശേഷി മേഖലയ്ക്കായി ആരംഭിക്കുന്ന വലിയൊരു സംരംഭത്തിനാണ് കഴിഞ്ഞ വർഷത്തെ ധനസഹായമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ചടങ്ങിൽ മുൻ പ്രസിഡന്റ് ചന്ദ്രമോഹൻ കണ്ണൂർ, ഫോക്ക് അഡ്‌മിൻ സെക്രട്ടറി വിശാൽരാജ് കാരായി, മീഡിയ സെക്രട്ടറി രജിത്ത് കെ.സി, ജലീബ്, യൂണിറ്റ് സെക്രട്ടറി പ്രമോദ് കൂലേരി, ഫോക്ക് ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി പ്രശാന്ത് കരുണാകരൻ, ജോയിന്റ് ട്രഷറർ മുരളീധരൻ നാരായണൻ, ട്രസ്റ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളായ രവി കാപ്പാടൻ, പവിത്രൻ മട്ടമ്മൽ, ജോർജ് മാത്യു, സുധീർ മൊട്ടമ്മൽ ട്രസ്റ്റ് അംഗങ്ങളായ വിജയൻ അരയമ്പേത്ത്, ബാബു.എം, ഷാജി കടയപ്രത്, ആദർശ് ജോസഫ് അജിത രവീന്ദ്രൻ എന്നിവർ പങ്കെടുത്തു

അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുന്ന സെന്ററിൽ ആധുനിക തെറാപ്പി യൂണിറ്റും ഗവേഷണ കേന്ദ്രവും ഉണ്ടാകും. കൂടാതെ ക്ലാസ് മുറികൾ, പ്രത്യേകം തയ്യാറാക്കിയ സിലബസിനെ അധികരിച്ചുള്ള പഠനരീതികൾ, ആനിമൽ തെറാപ്പി, വാട്ടർ തെറാപ്പി, പേഴ്സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് ഫാക്ടറികൾ, തെറാപ്പി സെന്ററുകൾ, റിസർച്ച് ലാബുകൾ, ആശുപത്രി സൗകര്യം, സ്പോർട്സ് സെന്റർ, വൊക്കേഷണൽ, കമ്പ്യൂട്ടർ പരിശീലനങ്ങൾ, ടോയ്ലെറ്റുകൾ തുടങ്ങിയവ കാസർഗോഡ് ഐ.ഐ.പി.ഡിയിൽ ഉണ്ടാകും. എൻഡോസൾഫാൻ ദുരിതമേഖല കൂടിയായ കാസർഗോഡ് ഇത്തരമൊരു പ്രോജക്ട് നടപ്പിലാക്കുവാനുള്ള പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും ഫോക്ക് പോലുള്ള സംഘടനകളുടെ പിന്തുണയും സഹകരണവുമാണ് ഐ.ഐ.പി.ഡിയുടെ കരുത്തെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.