തിരുവനന്തപുരം: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റായി തിരഞ്ഞെടുത്ത ജെയിംസ് കൂടലിന് കോൺഗ്രസ് അധ്യക്ഷൻ കെ. സുധാകരന്റെ നേതൃത്വത്തിൽ കെപിസിസി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണം നൽകി. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒഐസിസി സംസ്ഥാനത്ത് നടത്തി വന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് സ്വീകരണ യോഗത്തിന് അധ്യക്ഷതവഹിച്ച് കെ. സുധാകരൻ പറഞ്ഞു. പ്രവാസികളുടെ വോട്ടുകൾ നിർണായകമാണ്.

അവരിലേക്ക് നേരിട്ടെത്തി പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ ഒഐസിസിക്ക് കഴിഞ്ഞിട്ടുണ്ട്. ഒഐസിസിയുടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കുന്നതിനും സംഘടനയിലേക്ക് കൂടുതൽ ആളുകളെ എത്തിക്കുന്നതിനും ജെയിംസ് കൂടലിന്റെ നേതൃത്വത്തിന് കഴിയുമെന്ന വിശ്വാസമുണ്ട്. ഒഐസിസി പുനഃസംഘടന ഉടനുണ്ടാകണം. ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയേയും പ്രസിഡന്റ് ജെയിംസ് കൂടലിനെയും അതിന് ചുമതലപ്പെടുത്തി കഴിഞ്ഞു. ഒഐസിസി കെപിസിസിയുടെ നിയന്ത്രണത്തിലുള്ള പോഷകസംഘടനയും ഐഒസി എഐസിസിയുടെ നേതൃത്വത്തിലുള്ള പോഷകസംഘടനയുമാണ്. ഈ രണ്ടു സംഘടനകളും ഒന്നിച്ചു പ്രവർത്തിക്കുവാനുള്ള ചർച്ചകൾ എഐസിസിയുമായി നടത്തുമെന്നും കെ.സുധാകരൻ പറഞ്ഞു.

ഒഐസിസിയുടെ പ്രഥമ ഗ്ലോബൽ ട്രഷററായിരുന്ന ജെയിംസ് കൂടൽ മികച്ച സംഘാടകനാണെന്ന് സ്വാഗത പ്രസംഗം നടത്തിയ ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു. ഒഐസിസിയുടെ പ്രവർത്തനങ്ങളെ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന് അദ്ദേഹവുമായി ചേർന്നു പ്രവർത്തിക്കും. ജെയിംസ് കൂടലിന്റെ സംഘാടനാപാടവവും അനുഭവപരിചയവവും സംഘടനയെ കരുത്തുള്ളതാക്കുമെന്നും കുമ്പളത്ത് ശങ്കരപ്പിള്ള പറഞ്ഞു.

എല്ലാ വിഭാഗം ജനങ്ങളേയും ചേർത്തുപിടിച്ച് മുന്നേറാനാകും ശ്രമിക്കുന്നതെന്ന് നന്ദി പ്രസംഗത്തിൽ ജെയിംസ് കൂടൽ പറഞ്ഞു. സംഘടനയെ കൂടുതൽ കരുത്തുള്ളതാക്കും. പ്രവാസികളുടെ ക്ഷേമത്തിനും മുന്നേറ്റത്തിനുമായുള്ള ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്നും ജെയിംസ് കൂടൽ പറഞ്ഞു.


അലിപേട്ട ജമീല, കെപിസിസി ജനറൽ സെക്രട്ടറിമാരായ ടി. യു. രാധാകൃഷ്ണൻ, അഡ്വ സുബോദ്, വി.ടി. ബൽറാം , മുൻ മന്ത്രി പന്തളം സുധാകരൻ, ആന്റോ ആന്റണി, കെപിസിസി പഴകുളം മധു, എം.എം. നസീർ, എം. ജെ ജോബ്, പത്തനംതിട്ട ഡിസിസി അധ്യക്ഷൻ സതീഷ് കൊച്ചുപറമ്പിൽ, കെപിസിസി സെക്രട്ടറി എൻ ഷൈലാജ്, ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വി എസ്. ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുത്തു .