- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ ഫുട്ബോൾ കളിയാരവങ്ങൾക്ക് ആവേശമായി ആറു ഫ്രാഞ്ചൈസികളെ പ്രഖ്യാപിച്ച് സൂപ്പർ ലീഗ് കേരള സീസൺ ഒന്ന്
കൊച്ചി: ഇന്ത്യൻ ഫുട്‌ബോളിലെ മികച്ച പ്രതിഭകൾക്കും ആഗോള ഫുട്‌ബോൾ ലോകം അതിശയത്തോടെ കാണുന്ന ആരാധകവൃന്ദത്തിനും പെരുമ കേട്ട കേരളത്തിലെ ഫുട്‌ബോൾ ആവേശത്തെ കൊടുമുടിയിലെത്തിക്കാൻ ഏറെ നാളായി കാത്തിരുന്ന സൂപ്പർ ലീഗ് കേരളയുടെ സീസൺ ഒന്നിലെ ആറു ഫ്രാഞ്ചൈസികളെ കഴിഞ്ഞ ദിവസം കൊച്ചിയിൽ വെച്ച് പ്രഖ്യാപിച്ചു.
സെപ്റ്റംബർ ആദ്യത്തോടെ ആരംഭിക്കുന്ന പ്രഥമ സൂപ്പർ ലീഗിൽ കൊച്ചി പൈപ്പേഴ്സ് എഫ്സി, കാലിക്കറ്റ് എഫ്സി, തൃശ്ശൂർ റോർ എഫ്സി, കണ്ണൂർ സ്‌ക്വാഡ് എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എഫ്സി, മലപ്പുറം എഫ്സി എന്നീ ടീമുകൾ മത്സരിക്കും. 45 ദിവസം നീണ്ടു നിൽക്കുന്നതാണ് സൂപ്പർ ലീഗ് കേരള.
ഫ്രാഞ്ചൈസി ഉടമകളും സഹ-ഉടമകളെയും ചടങ്ങിൽ പരിചയപ്പെടുത്തി. പ്രശസ്ത ടെന്നീസ് താരം മഹേഷ് ഭൂപതി, സിഇഒ, എസ്ജി സ്പോർട്സ് ആൻഡ് എന്റർടൈന്മെന്റ്, എപിഎൽ അപ്പോളോ (കൊച്ചി പൈപ്പേഴ്സ് എഫ്‌സി), ബ്രിസ്‌ബേൻ റോർ എഫ്‌സി ചെയർമാനും സിഇഒയുമായ കാസ് പടാഫ്ത, മാഗ്‌നസ് സ്‌പോർട്‌സിന്റെ ബിനോയിറ്റ് ജോസഫ് നുസിം ടെക്‌നോളജീസിന്റെ മുഹമ്മദ് റഫീഖ് (തൃശ്ശൂർ റോർ എഫ്സി), കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ഡയറക്ടർ എം പി ഹസ്സൻ കുഞ്ഞി, ദോഹയിലെ കാസിൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ മിബു ജോസ് നെറ്റിക്കാടൻ, അസറ്റ് ഹോംസ് ഡയറക്ടർ പ്രവീഷ് കുഴുപ്പിള്ളി, വയനാട് എഫ്സി പ്രമോട്ടർ ഷമീം ബക്കർ (കണ്ണൂർ സ്‌ക്വാഡ് എഫ്സി), കിംസ് സിഎംഡി ഡോ.മുഹമ്മദ് ഇല്യാസ് സഹദുള്ള, കേരള ട്രാവൽസ് എംഡി കെ സി ചന്ദ്രഹാസൻ, ടി ജെ മാത്യൂസ്, സഹഉടമ കോവളം എഫ് സി, പ്രിൻസ് ഗൗരി ലക്ഷ്മി ഭായി (തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി), ബിസ്മി ഗ്രൂപ്പ് എംഡി വി എ അജ്മൽ ബിസ്മി, തിരൂർ എസ്എടി എഫ്സി & ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്സ് ഡോ അൻവർ അമീൻ ചേലാട്ട്, സൗദി ഇന്ത്യൻ ഫുട്ബോൾ ഫോറം പ്രസിഡന്റ് ബേബി നീലാംബ്ര (മലപ്പുറം എഫ്സി), ടെക് സംരംഭകൻ വി കെ മാത്യൂസ്, ഐ ബി എസ് ഗ്രൂപ്പ് (കാലിക്കറ്റ് എഫ്‌സി) എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയിലെ തന്നെ ഒരു സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന ആദ്യ ഫുട്‌ബോൾ സൂപ്പർ ലീഗ് ആണ് ഇത്. കേരളാ ഫുട്ബോൾ അസോസിയേഷനും സ്‌കോർലൈനും സംയുക്തമായാണ് ലീഗ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാൻ, ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റ് കല്യാൺ ചൗബെ, കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, സ്പോർട്സ് കമന്റേറ്റർ ചാരു ശർമ എന്നിവരും സംബന്ധിച്ചു.
ലോക നിലവാരത്തിലേക്ക് ഉയരാൻ കഴിയുന്ന മികച്ച ഫുട്‌ബോൾ താരങ്ങൾ കേരളത്തിൽ ഉണ്ട്. അവസരവും പ്രോത്സാഹനവും മികച്ച സൗകര്യങ്ങളും നൽകി അവരെ ദേശീയ, അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തുക എന്നതാണ് സൂപ്പർ ലീഗ് കേരള ലക്ഷ്യമിടുന്നത്. വിദേശത്ത് നിന്നുള്ള മികച്ച കളിക്കാർ, പരിശീലകർ, സാങ്കേതിക വിദഗ്ദ്ധർ എന്നിവരുടെ സഹായം ലീഗിലെ ടീമുകൾക്ക് ഉണ്ടാകും. കേരളത്തിൽ നിന്ന് വളരെ ചുരുക്കം കളിക്കാർക്ക് മാത്രമാണ് നിലവിൽ ഇത്തരത്തിൽ വിദേശ താരങ്ങൾക്കൊപ്പം കളിക്കാൻ സാധിക്കുന്നത്. എന്നാൽ, സൂപ്പർ ലീഗ് കേരള വരുന്നതോടെ നമ്മുടെ സംസ്ഥാനത്തെ മികച്ച താരങ്ങൾക്ക് വിദേശ പ്രതിഭകളോടൊപ്പം കളിച്ചു തങ്ങളുടെ കഴിവ് മികച്ചതാക്കാൻ കഴിയും. ഏഷ്യൻ താരങ്ങൾക്കൊപ്പം മധ്യേഷ്യ, ആഫ്രിക്ക, യൂറോപ്പ്, ലാറ്റിൻ അമേരിക്ക തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ള കളിക്കാരുടെയും പരിശീലകരുടെയും സേവനം ഉണ്ടാകും.
അന്തർദേശീയ നിലവാരത്തിൽ നടക്കുന്ന ലീഗ് ടൂര്ണമെന്റുകൾക്ക് അനുസരിച്ചാകും കേരളത്തിലെ സ്വന്തം ലീഗിന്റെയും നടത്തിപ്പ്. സ്പോർട്സ് & എന്റർടൈന്മെന്റ്, ടൂറിസം, വിനോദം, യാത്ര, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലുടനീളം നിരവധി അവസരങ്ങൾ സൃഷ്ടിക്കുന്നതിന് ലീഗ് ഗുണകരമാകും. പ്രാദേശികമായി തിരഞ്ഞെടുക്കപ്പെട്ട ആറ് സ്ഥലങ്ങൾക്ക് മാത്രമല്ല കേരളത്തിലുടനീളം ഇതിന്റെ പ്രയോജനം ലഭ്യമാകുന്ന തരത്തിലാണ് ലീഗിന്റെ ആസൂത്രണം. ഫ്രാഞ്ചൈസികൾ തിരഞ്ഞെടുക്കുന്ന കേരളത്തിൽ നിന്നുള്ള 100 ഓളം യുവാക്കൾക്ക് താരതമ്യേന നല്ല തുക പ്രതിഫലമായി ലഭിക്കും. അവർക്ക് വരും വർഷങ്ങളിൽ ദേശീയ, അന്തർദേശീയ ഫുട്‌ബോളിൽ ഉയരാനുള്ള ചവിട്ടുപടിയായി കൂടിയായിരിക്കും ഈ ലീഗ്.
കേരളത്തെ അന്തർദേശീയ ഫുട്‌ബോൾ ഭൂപടത്തിൽ അടയാളപ്പെടുത്താൻ പോകുന്നതായിരിക്കും സൂപ്പർ ലീഗ് കേരള. വരും വർഷങ്ങളിൽ സംസ്ഥാനത്തിന്റെ ഫുട്‌ബോൾ പ്രവർത്തനങ്ങൾ വലിയ രീതിയിൽ ഇത് പുനർനിർവചിക്കുമെന്ന് ഫ്രാഞ്ചൈസികളുടെ പരിചയപ്പെടുത്തൽ ചടങ്ങിൽ സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.
ആദ്യമായി ഒരു സംസ്ഥാനം നടത്തുന്ന പ്രൊഫഷണൽ ലീഗ് എന്ന നിലയിൽ സൂപ്പർ ലീഗ് കേരള കായികരംഗത്ത് കൂടുതൽ പ്രൊഫഷണലിസം കൊണ്ടുവരുമെന്നും വരും വർഷങ്ങളിൽ നിരവധി പ്രതിഭകളെ ഫുട്ബോളിലേക്ക് ആകർഷിക്കാൻ ഇത് സഹായിക്കുമെന്നും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ മേധാവി കല്യാൺ ചൗബെ പറഞ്ഞു.
ഫുട്‌ബോൾ ആരാധകരുടെ സൗകര്യം കണക്കിലെടുത്താണ് സ്റ്റേഡിയങ്ങളും വേദികളും തിരഞ്ഞെടുത്തതെന്ന് എസ്എൽകെ സിഇഒ മാത്യു ജോസഫ് പറഞ്ഞു. മികച്ച സൗകര്യങ്ങളോടെ കളി കാണാനുള്ള അവസരമാകും സൂപ്പർ ലീഗ് കേരള ഒരുക്കുന്നത്. ഏഷ്യയിലും യൂറോപ്പിലും തെക്കേ അമേരിക്കയിലുടമടക്കമുള്ള വിദേശ പ്രതിഭകളും ലീഗിന്റെ ഭാഗമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഫുട്ബോളിന്റെ പരമ്പരാഗത ശക്തികേന്ദ്രമായി കേരളം കണക്കാക്കപ്പെടുന്നുണ്ടെങ്കിലും നമ്മുടെ ഫുട്‌ബോൾ സാധ്യതകൾ പരമാവധി ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. സൂപ്പർ ലീഗ് കേരള അത്തരമൊരു വിടവ് പരിഹരിക്കും. വളരെ ചെറിയ പ്രായത്തിലെ തന്നെ പ്രതിഭകളെ കണ്ടത്തി അവർക്ക് പരിശീലനം നൽകുന്നതിനും മികച്ച കളിയവസരങ്ങൾ ഒരുക്കുന്നതിനും ലീഗ് ലക്ഷ്യം വെക്കുന്നു. നിലവിൽ കേരള ഫുട്‌ബോൾ അസോസിയേഷന്റെ കേരള യുവജന വികസന പദ്ധതിയുടെ ഭാഗമായി 5,000 കളിക്കാർ അഞ്ച് ഗ്രൂപ്പുകളിലായി ചക്കോള ട്രോഫി ടൂർണമെന്റിന്റെ ഭാഗമായി പരിശീലനത്തിലും മത്സരങ്ങളും കളിക്കുന്നുണ്ട്. ഈ പദ്ധതി പ്രകാരം ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ആൺകുട്ടികൾക്ക് സൂപ്പർ ലീഗ് കേരള ഫ്രാഞ്ചൈസികളുടെ സഹായത്തോടെ വർഷം മുഴുവൻ സൗജന്യ പരിശീലനം നൽകും. സൂപ്പർ ലീഗ് കേരളയുടെ വിജയം യുവാക്കൾക്ക് പുതിയ അവസരങ്ങളും പ്രാദേശിക ജനതയുടെ കൂടുതൽ പങ്കാളിത്തവും സാധ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ പറഞ്ഞു.
ഹൈബി ഈഡൻ എംപി, എംഎൽഎമാരായ ടിജെ വിനോദ്, പിവി ശ്രീനിജൻ, ഓസ്ട്രേലിയയുടെ കൗൺസൽ ജനറൽ (ചെന്നൈ) സിലായ് സാക്കി, എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബേ, പ്രശസ്ത കായികതാരവും പ്രോ കബഡി ലീഗ് സഹസ്ഥാപകനുമായ ചാരു ശർമ, കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി , ഫുട്‌ബോൾ താരങ്ങളായ ഐ എം വിജയൻ, ഷബീർ അലി, ബൈച്ചുങ് ബൂട്ടിയ, സി വി പാപ്പച്ചൻ, സിസി ജേക്കബ്, വിക്ടർ മഞ്ഞില, എം എം ജേക്കബ്, ജോപോൾ അഞ്ചേരി, എൻ.പി.പ്രദീപ്, കെ.കെ.രഞ്ജിത്ത് എന്നിവരും പങ്കെടുത്തു. പരിശീലകരായ ടി ജി പുരുഷോത്തമൻ, സതീവൻ ബാലൻ, നാരായണ മേനോൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.