- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടനാട്ടിലെ രണ്ടു ഗ്രാമങ്ങൾക്കു കൂടി ജലശുദ്ധീകരണ പ്ലാന്റുകൾ ലഭ്യമാക്കി യു എസ് ടി
ശുദ്ധജല ദൗർലഭ്യം നേരിടുന്ന മേഖലകളിൽ കുടിവെള്ളം ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായി പ്രമുഖ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, കുട്ടനാട്ടിലുള്ള കണ്ടങ്കരി, വേഴപ്ര എന്നീ ഗ്രാമങ്ങളിൽ രണ്ട് ജലശുദ്ധീകരണ പ്ലാന്റുകൾ കൂടി സ്ഥാപിച്ച് തദ്ദേശ വാസികളായ ജനങ്ങൾക്ക് കൈമാറി. കമ്പനിയുടെ സി എസ് ആർ സംരംഭമായ അഡോപ്റ്റ് എ വില്ലേജ് ഉദ്യമത്തിന്റെ ഭാഗമായാണ് ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചത്.
പതിറ്റാണ്ടുകളായി കുടിവെള്ളത്തിന്റെ ദൗർലഭ്യം മൂലം നട്ടംതിരിയുന്ന കുട്ടനാട്ടിലുള്ള ഗ്രാമങ്ങളിലെ ജനങ്ങൾക്കിടയിൽ ആരോഗ്യപ്രശ്നങ്ങൾ പോലും ഉണ്ടാവുന്നതായും കണ്ടു വന്നിരുന്നു. പ്രതിസന്ധിക്ക് പരിഹാരം കാണാൻ രംഗത്തിറങ്ങിയ യു എസ് ടി യിലെ ജീവനക്കാർ കഴിഞ്ഞ വർഷം ജലക്ഷാമം നേരിടുന്ന ഗ്രാമങ്ങൾ സന്ദർശിക്കുകയും പ്രതിസന്ധിക്ക് പ്രായോഗികമായ പരിഹാരം കണ്ടെത്താൻ തീരുമാനിക്കുകയും ചെയ്തു. കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ മിത്രക്കരി, ഊരുക്കരി ഗ്രാമങ്ങളിൽ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ച് കൈമാറി. പദ്ധതിയുടെ തുടർച്ചയായി ഇപ്പോൾ കണ്ടങ്കരി, വേഴപ്ര എന്നീ സ്ഥലങ്ങളിലും സമാനമായ പ്ലാന്റുകൾ സ്ഥാപിക്കാൻ യുഎസ് ടിക്ക് കഴിഞ്ഞു.
വേഴപ്രയിൽ 750-ലധികം കുടുംബങ്ങളും കണ്ടങ്കരിയിൽ 250-ലധികം കുടുംബങ്ങളുമാണ് താമസിക്കുന്നത്. യു എസ് ടി യുടെ കൊച്ചി കേന്ദ്രത്തിലെ സിഎസ്ആർ അംബാസഡർ പ്രശാന്ത് സുബ്രഹ്‌മണ്യൻ, മറ്റ് സി എസ് ആർ പ്രവർത്തകരായ ഷൈൻ വർഗീസ്, രാമു കൃഷ്ണ എന്നിവർ ചേർന്ന് രണ്ടു പ്ലാന്റുകളും തദ്ദേശവാസികൾക്ക് കൈമാറി. ചടങ്ങിനു സാക്ഷ്യം വഹിക്കാൻ ഗ്രാമവാസികൾ വൻതോതിലാണ് ഒത്തുചേർന്നത്.
"കുടിക്കാനും പാചകം ചെയ്യാനുമുള്ള ശുദ്ധജലത്തിന്റെ ദൗർലഭ്യം മൂലം നമ്മുടെ സമൂഹം കഷ്ടപ്പെടാൻ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടിലേറെയായി. സമീപത്തെ ജലാശയങ്ങളിൽ നിന്നുള്ള മലിനജലം തുടർച്ചയായി ഉപയോഗിക്കുന്നതു മൂലം ഗ്രാമങ്ങളിലെ ജനങ്ങൾക്കിടയിൽ നിരവധി രോഗങ്ങളും പടർന്നു പിടിക്കുകയുണ്ടായി. ഇപ്പോൾ ശുദ്ധജല ലഭ്യത ഉറപ്പാക്കിക്കൊണ്ടുള്ള യുഎസ്‌ടിയുടെ ഈ സംരംഭം ഞങ്ങളുടെ ജീവിതത്തിലെ വളരെ നിർണായകമായ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുന്നു എന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്,' ഗുണഭോക്താക്കളിൽ ഒരാളായ അമ്പതു വയസ്സുകാരിയായ ശോഭാ മോഹൻ പറഞ്ഞു.
കിണർ, പ്രീ-ഫിൽട്രേഷൻ ടാങ്ക്, ക്ലോറിനേഷൻ ടാങ്ക്, ഇരുമ്പ് തുടങ്ങിയ ധാതുക്കളെ ഫിൽറ്റർ ചെയ്യാനുള്ള സംവിധാനം, റിവേഴ്സ് ഓസ്മോസിസ് പ്രക്രിയ, കാർബൺ ഫിൽട്ടർ, യു വി ഫിൽട്ടർ, സപ്ലൈ ടാങ്ക്, പ്ലാന്റ് റൂം എന്നിവ അടങ്ങുന്നതാണ് രണ്ടു ഗ്രാമങ്ങളിലും സ്ഥാപിച്ച ജലശുദ്ധീകരണ പ്ലാന്റുകൾ. 'കുട്ടനാട്ടിലെ വേഴപ്ര, കണ്ടങ്കരി ഗ്രാമങ്ങൾക്ക് പ്രയോജനപ്രദമായി രണ്ട് ജലശുദ്ധീകരണ പ്ലാന്റുകൾ കൂടി കൈമാറാൻ കഴിഞ്ഞു എന്നത് ശുദ്ധജല ലഭ്യത ഉറപ്പാക്കുന്നതിനുള്ള യുഎസ് ടി യുടെ ശ്രമങ്ങളുടെ തുടർ പ്രക്രിയയുടെ ഫലമാണ്. നേരത്തെ മിത്രക്കരി, ഊരുക്കരി ഗ്രാമങ്ങളിൽ ഞങ്ങൾ നടത്തിയ സമാനമായ ശ്രമങ്ങൾ ഫലം കാണുകയുണ്ടായി. ഇപ്പോൾ വേഴപ്ര, കണ്ടങ്കരി എന്നിവിടങ്ങളിലും അതു സാധ്യമായിരിക്കുന്നു. ആലപ്പുഴയിലെ കുട്ടനാടൻ മേഖലയിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിൽ യുഎസ് ടിയുടെ ശ്രമങ്ങൾ ഇനിയും തുടരും,' യു എസ് ടി കൊച്ചി കേന്ദ്രത്തിലെ സിഎസ്ആർ അംബാസഡർ പ്രശാന്ത് സുബ്രഹ്‌മണ്യൻ പറഞ്ഞു.