- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാരം 2024 -കൃതികൾ സമർപ്പിക്കാനുള്ള തീയതി ജൂൺ 15 വരെ നീട്ടി
തിരുവനന്തപുരം : എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്‌കാരം, ഡോ. കെ.എം. ജോർജ്ജ് സ്മാരക ഗവേഷണപുരസ്‌കാരം (ശാസ്ത്രം/ശാസ്‌ത്രേതരം), എം. പി. കുമാരൻ സ്മാരക വിവർത്തന പുരസ്‌കാരം എന്നിവയ്ക്കായി കൃതികൾ സമർപ്പിക്കാനുള്ള തീയതി ജൂൺ 15 വരെ നീട്ടിയതായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. സത്യൻ അറിയിച്ചു. 2023 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ആദ്യപതിപ്പായി മലയാളഭാഷയിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മൗലിക കൃതികളും അവാർഡ് ചെയ്യപ്പെട്ടിട്ടുള്ള പി.എച്ച്.ഡി ഗവേഷണ പ്രബന്ധങ്ങളുമാണ് പുരസ്‌കാരങ്ങൾക്കായി പരിഗണിക്കുക. ഇതിനുമുൻപ് ഏതെങ്കിലും വിഭാഗത്തിൽ അവാർഡ് ലഭിച്ചവരുടെ കൃതികൾ അതാതു വിഭാഗങ്ങളിൽ പരിഗണിക്കുന്നതല്ല. കഥ, കവിത, നോവൽ ആത്മകഥ, ജീവചരിത്രം എന്നിവ പരിഗണിക്കില്ല.
ഗ്രന്ഥകർത്താക്കൾ, അവരുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ, പ്രസാധകർ, സാഹിത്യ സാംസ്‌കാരിക സംഘടനകൾ എന്നിവർക്ക് പുരസ്‌കാര പരിഗണനയ്ക്കുള്ള കൃതികൾ/ഗവേഷണപ്രബന്ധങ്ങൾ അയക്കാവുന്നതാണ്. സമർപ്പിക്കപ്പെട്ട കൃതികൾ/ഗവേഷണപ്രബന്ധങ്ങൾ എന്നിവ തിരികെ നൽകുന്നതല്ല. ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ മെമ്പർ സെക്രട്ടറിയായ ബന്ധപ്പെട്ട വിഭാഗത്തിലെ മൂന്നു വിദഗ്ദ്ധർ അടങ്ങിയ ജൂറി പരിശോധിച്ച് വിധിനിർണയിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും പുരസ്‌കാരം നൽകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസി. ഡയറക്ടർ ഡോ. ഷിബു ശ്രീധർ, പബ്ലിക്കേഷൻ വിഭാഗം അസി. ഡയറക്ടർ ഇൻചാർജ് സുജ ചന്ദ്ര, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്. പി. മനു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
എൻ. വി. കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനികപുരസ്‌കാരം- ശാസ്ത്ര- സാങ്കേതിക വിഷയങ്ങൾ, ഭാഷാസാഹിത്യപഠനങ്ങൾ, സാമൂഹികശാസ്ത്രം, കല/സാംസ്‌കാരികപഠനങ്ങൾ എന്നീ മേഖലകളിലുള്ള കൃതികളാണ് പരിഗണിക്കുക. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്‌കാരം.
എം. പി. കുമാരൻ സ്മാരക വിവർത്തനപുരസ്‌കാരം-ആംഗലേയ ഭാഷയിൽ നിന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത വൈജ്ഞാനികഗ്രന്ഥങ്ങൾക്കാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്‌കാരം.
ഡോ. കെ.എം ജോർജ്ജ് സ്മാരക ഗവേഷണപുരസ്‌കാരം- ശാസ്ത്രം/ശാസ്‌ത്രേതരം എന്നീ രണ്ട് വിഭാഗങ്ങളിലായാണ് പുരസ്‌കാരം. 2023 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ ഏതെങ്കിലും ഇന്ത്യൻ സർവകലാശാലകളിൽ നിന്ന് അവാർഡ് ചെയ്യപ്പെട്ട ഡോക്ടറൽ/പോസ്റ്റ് ഡോക്ടറൽ ശാസ്ത്രം/ശാസ്‌ത്രേതരം എന്നീ വിഭാഗങ്ങളിലെ മലയാള പ്രബന്ധങ്ങളോ, മറ്റു ഭാഷകളിൽ സമർപ്പിക്കപ്പെട്ട പ്രബന്ധങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയിരിക്കണം സമർപ്പിക്കേണ്ടത്. ഗവേഷണം അവാർഡ് ചെയ്ത സർട്ടിഫിക്കറ്റിന്റെ പകർപ്പ് സമർപ്പിക്കണം. ഒരോ വിഭാഗത്തിനും അൻപതിനായിരം രൂപയും പ്രശസ്തിപത്രവും ശിൽപവുമാണ് പുരസ്‌കാരം.
കൃതികൾ/ഗവേഷണപ്രബന്ധങ്ങൾ എന്നിവയുടെ നാല് പകർപ്പുകളാണ് സമർപ്പിക്കേ ണ്ടത്. പുരസ്‌കാരത്തിനുള്ള സമർപ്പണങ്ങൾ 2024 ജൂൺ 15 നകം ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം- 695003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിച്ചിരിക്കണം. കവറിന് പുറത്ത് ഏതു പുരസ്‌കാരത്തിനാണ് സമർപ്പിച്ചിരിക്കുന്നത് എന്ന് വ്യക്തമായി രേഖപ്പെടുത്തി കവറിങ് ലെറ്റർ ഉള്ളടക്കം ചെയ്യണം. ഫോൺ : 9447553740, 94467 48794, 94460 91623.