- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനക്കാർക്ക് മാനേജ്‌മെന്റ് നൈപുണ്യ പദ്ധതിയുമായി നിസ്സാൻ ഡിജിറ്റൽ
തിരുവനന്തപുരം: സാങ്കേതിക വിഭാഗം ജീവനക്കാരെ മാനേജ്‌മെന്റിൽ നൈപുണ്യമുള്ളവരാക്കാൻ ഡിസി സ്‌കൂൾ ഓഫ് മാനേജ്‌മെന്റുമായി നിസ്സാൻ ഡിജിറ്റൽ ധാരണാപത്രം കൈമാറി. നിസ്സാൻ ഡിജിറ്റൽ ജീവനക്കാർക്ക് ഡിസിഎസ് മാറ്റിന്റെ തിരുവനന്തപുരം ക്യാംപസിലെ എക്‌സിക്യൂട്ടീവ് എംബിഎ പ്രോഗ്രാമിലൂടെയാണ് പരിശീലനം ലഭ്യമാക്കുന്നത്. രാജ്യത്ത് ആദ്യമായാണ് നിസ്സാൻ ഡിജിറ്റൽ ഇത്തരമൊരു അപ്സ്‌കില്ലിങ് പരിപാടിക്ക് രൂപംകൊടുക്കുന്നത്.
നിസ്സാൻ ഡിജിറ്റലിൽ ജോലി ചെയ്യുന്ന അപ്ലൈഡ് ഡേറ്റ സയൻസിലും മറ്റ് സാങ്കേതിക വിഭാഗങ്ങളിലും നൈപുണ്യവും തൊഴിൽപരിചയവുമുള്ള ജീവനക്കാർക്ക് മാനേജ്‌മെന്റ് നൈപുണ്യം ഇല്ലെന്ന പോരായ്മ പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സെന്റർ മേധാവി രമേഷ് മിർസ പറഞ്ഞു. സാങ്കേതിക മികവിനൊപ്പം മാനേജ്‌മെന്റ് നൈപുണ്യവും ഇപ്പോഴത്തെ തൊഴിൽമേഖലയിൽ അനിവാര്യമാണ്. സാങ്കേതിക വിദ്യാഭ്യാസം നേടിയശേഷം ജോലിയിൽ പ്രവേശിച്ചവർ പലപ്പോഴും തുടർപഠനത്തിന് മടിക്കുന്നുണ്ട്. അത്തരം തടസ്സങ്ങൾ മാറ്റി ഇവർക്ക് സായാഹ്ന ബാച്ചുകളിൽ ഓഫ്ലൈനായി തന്നെ മാനേജ്‌മെന്റ് മേഖലയിൽ തുടർപഠനത്തിന് അവസരമൊരുക്കുകയാണ് നിസ്സാൻ ഡിജിറ്റൽ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോവിഡിനുശേഷം വർക് ഫ്രം ഹോമിലേക്കു മാറിയവരെ തിരിച്ചുകൊണ്ടുവരികയും പരിപാടിയുടെ ലക്ഷ്യമാണ്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവർക്ക് ഇവിടെ വന്ന് ജോലി ചെയ്യാനുള്ള പ്രോൽസാഹനംകൂടിയായിരിക്കും ഈ പദ്ധതിയെന്ന് രമേഷ് മിർസ ചൂണ്ടിക്കാട്ടി.
ട്രിവാൻഡ്രം മാനേജ്‌മെന്റ് അസോസിയേഷൻ ഏർപ്പെടുത്തിയ മികച്ച ബി-സ്‌കൂൾ പുരസ്‌കാരം ഡിസി സ്‌കൂൾ ഓഫ് മാനേജ്‌മെന്റിന് ലഭിച്ചതിന്റെ ആഘോഷപരിപാടികളും ഡിസിഎസ് മാറ്റിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സമാഹരിച്ച കേസ് സ്റ്റഡികൾ പുസ്തകരൂപത്തിലാക്കിയതിന്റെ പ്രകാശനവും ഇതോടനുബന്ധിച്ച് നടന്നു. നിസ്സാൻ ഡിജിറ്റൽ സെന്റർ മേധാവി രമേഷ് മിർസ, ഡിസി സ്‌കൂൾ ഡയറക്ടർ ഡോ. സി. ജയശങ്കർ പ്രസാദ്, ഡീൻ ഡോ. എൻ. രാമചന്ദ്രൻ, പ്രിൻസിപ്പൽ ഡോ. സി.എസ്. ശിവപ്രകാശ്, ട്രിവാൻഡ്രം മാനേജ്‌മെന്റ് അസോസിയേഷൻ സെക്രട്ടറി രാഗശ്രീ ഡി. നായർ എന്നിവർ പങ്കെടുത്തു.