- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ പ്രസവിച്ച ആദിവാസി യുവതിക്ക് രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ
വയനാട്: വീട്ടിൽ പ്രസവിച്ച ആദിവാസി യുവതിക്ക് രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. മീനങ്ങാടി അപ്പാട് പഞ്ചമി കോളനിയിലെ 24 കാരിയാണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിനു കൈമാറി.
ആംബുലൻസ് പൈലറ്റ് നിജീഷ് പി.വി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ബെറിൽ ഗിൽബെർട് എന്നിവർ ഉടൻ കോളനിയിൽ എത്തി. തുടർന്ന് ബെറിൽ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഉടൻ ഇരുവരെയും ആംബുലൻസ് പൈലറ്റ് നിജീഷ് മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം
കൊല്ലം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. കൊല്ലം പരവൂർ സ്വദേശിനിയായ 27 കാരിയാണ് ആംബുലൻസിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് യുവതിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് വിദഗ്ധ ചികിത്സയ്ക്ക് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്നത്. ഇതിനായി കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം പുനലൂർ താലൂക്ക് ആശുപത്രിയിലെ കനിവ് 108 ആംബുലൻസിനു കൈമാറി. ആംബുലൻസ് പൈലറ്റ് ഷിജിൻ കെ.എൻ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പ്രിനു ജോർജ് എന്നിവർ ആശുപത്രിയിൽ എത്തി യുവതിയുമായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് തിരിച്ചു. ഇവർക്ക് സഹായമൊരുക്കാൻ പുനലൂർ താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് അഞ്ജനയും അറ്റൻഡർ മിനിയും ആംബുലൻസിൽ രോഗിയെ അനുഗമിച്ചു. ആംബുലൻസ് അഞ്ചൽ ബൈപാസ് എത്തിയപ്പോഴേക്കും യുവതിയുടെ ആരോഗ്യനില മോശമാകുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പ്രിനു നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ല എന്ന് മനസിലാക്കി ആംബുലൻസിൽ തന്നെ പ്രസവം എടുക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഏഴുമണിയോടെ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ പ്രിനുവിന്റേയും സ്റ്റാഫ് നേഴ്സ് അഞ്ജനയുടെയും പരിചരണത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകി. തുടർന്ന് ഇരുവരും അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. ഉടൻ ആംബുലൻസ് പൈലറ്റ് ഷിജിൻ കെ.എൻ അമ്മയെയും കുഞ്ഞിനേയും തിരികെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.