- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തെ സാഹസിക ടൂറിസത്തിന്റെ രാജ്യത്തെ കേന്ദ്രമാക്കും- ടൂറിസം മന്ത്രി
കോഴിക്കോട്: സാഹസിക ടൂറിസം മേഖലയിൽ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രമാക്കി കേരളത്തെ മാറ്റാനുള്ള പരിശ്രമമാണ് മലബാർ റിവർ ഫെസ്റ്റിവലിലൂടെ നടക്കുന്നതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് മത്സരമായ മലബാർ റിവർ ഫെസ്റ്റിവലിന്റെ പത്താം ലക്കവുമായി ബന്ധപ്പെട്ട് ഓൺലൈനായി നടന്ന സംഘാടക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കേരള ടൂറിസത്തിന്റെ ആഭിമുഖ്യത്തിൽ സാഹസിക ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ഡിടിപിസി, കോഴിക്കോട് ജില്ലാപഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെ ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷന്റെ സാങ്കേതിക സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സാഹസിക ടൂറിസം രംഗത്ത് വലിയ സാധ്യതയാണ് സംസ്ഥാനത്തിനുള്ളത്. മലബാർ റിവർ ഫെസ്റ്റിവൽ മികച്ച രീതിയിലാണ് നടത്തി വരുന്നത്. വൈറ്റ് വാട്ടർ കയാക്കിംഗിൽ ഉപയോഗപ്പെടുത്താൻ പറ്റിയ പുഴകൾ ഇനിയും സംസ്ഥാനത്തുണ്ട്. ഇതിലൂടെ ദക്ഷിണേന്ത്യയിലെ വൈറ്റ് വാട്ടർ കയാക്കിംഗിനെ പ്രോത്സാഹിപ്പിക്കാനും ഈ രംഗത്ത് സംസ്ഥാനത്തെ അന്താരാഷ്ട്ര ശ്രദ്ധയിലേക്കെത്തിക്കാനും ലക്ഷ്യമിടുന്നുവെന്ന് മന്ത്രി പറഞ്ഞു.
ജൂലായ് 25 മുതൽ 28 വരെ നാല് ദിവസമാണ് മലബാർ റിവർ ഫെസ്റ്റിവൽ നടത്തുന്നത്. കോഴിക്കോട് ജില്ലയിലെ തുഷാരഗിരി, ചാലിപ്പുഴ, ഇരുവരിഞ്ഞിപ്പുഴ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. പ്രൊഫഷണലുകളെ കൂടാതെ പ്രദേശവാസികളെ കയാക്കിംഗിന് പ്രോത്സാഹിപ്പിക്കുന്നതിനുള്ള മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. അന്താരാഷ്ട്രതലത്തിൽ പുതിയ കയാക്കിങ് സാധ്യതകൾ സംസ്ഥാനത്തെ നദികളൂടെ പ്രദർശിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
20 ലധികം രാജ്യങ്ങളിൽ നിന്നും രാജ്യത്തിനകത്തു നിന്നുമായി 100 ലധികം പ്രൊഫഷണൽ കയാക്കർമാരെ മത്സരത്തിൽ പ്രതീക്ഷിക്കുന്നുണ്ട്. എട്ട് ഗ്രാമപഞ്ചായത്തുകൾ, ഒരു മുൻസിപ്പാലിറ്റി എന്നിവ ചേർന്ന് എംടിബി സൈക്കിൾറാലി, വാട്ടർ പോളോ, നീന്തൽ ഓഫ്റോഡ് സംസ്ഥാന-ദേശീയ ചാമ്പ്യൻഷിപ്പുകൾ, ചൂണ്ടയിടൽ, റഗ്ബി, ഓഫ് റോഡ് റാലി തുടങ്ങിയ പ്രി ഇവന്റുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ്, ടൂറിസം സെക്രട്ടറി കെ ബിജു, കേരള ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, കോഴിക്കോട് ജില്ലാകളക്ടർ സ്നേഹിൽകുമാർ സിങ്, സാഹസിക ടൂറിസം പ്രൊമോഷൻ സൊസൈറ്റി സിഇഒ ബിനു കുര്യാക്കോസ്, എട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ത്രിതല പഞ്ചായത്ത്- മുൻസിപ്പാലിറ്റി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.