കോഴിക്കോട്: കാൽപ്പന്ത് കളിയിൽ കോഴിക്കോടിന് ആവേശത്തിര തീർക്കാൻ പുതിയ ഫുട്‌ബോൾ ക്ലബ്ബ് വരുന്നു. സൂപ്പർ ലീഗ് കേരള ഫുട്‌ബോൾ ടൂർണമെന്റിലാണ് കോഴിക്കോടിന്റെ സ്വന്തം ഫുട്‌ബോൾ ക്ലബ്ബ് ആയ കാലിക്കറ്റ് ഫുട്‌ബോൾ ക്ലബ്ബ് അരങ്ങേറ്റം കുറിക്കുക. ശനിയാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ ടീമിന്റെ ഫ്രാഞ്ചൈസി ഉടമ വി കെ മാത്യൂസാണ് പുതിയ ക്ലബ്ബ് പ്രഖ്യാപിച്ചത്.

ടീമിന്റെ ഔദ്യോഗിക ലോഗോ കേരള ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാന്റെ സാന്നിധ്യത്തിൽ കോഴിക്കോട് എംപി എം കെ രാഘവൻ പ്രകാശനം ചെയ്തു.

കോഴിക്കോട് ഒരു അന്തർദേശീയ ഫുട്‌ബോൾ സ്റ്റേഡിയമെന്ന സ്വപ്നം ഇപ്പോഴും സജീവമാണെന്ന് എം കെ രാഘവൻ പറഞ്ഞു. വി കെ മാത്യൂസിനെപ്പോലുള്ള സംരംഭകരുടെ സഹകരണം ഈ ഉദ്യമത്തിന് ആവശ്യമാണ്. പൊതു-സ്വകാര്യമേഖലയുടെ സഹകരണത്തോടെ ഇത് യാഥാർഥ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഫുട്‌ബോൾ ആവേശമാണ് കേരളമെന്നും ഈ ആവേശത്തിന്റെ പ്രഭവകേന്ദ്രമാണ് കോഴിക്കോടെന്നും വി കെ മാത്യൂസ് പറഞ്ഞു. കഴിഞ്ഞ ഫിഫ ലോകകപ്പിൽ ഈ ആവേശം ഏറെ പ്രകടമായിരുന്നു. കേരളത്തിൽ നിന്ന് നിരവധി താരങ്ങൾ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 80 കളുടെ അവസാനം മുതൽ 90 കളുടെ പകുതി വരെ തുടർച്ചയായി ഏഴ് തവണയാണ് കേരള ടീം സന്തോഷ് ട്രോഫി ഫൈനലിലെത്തിയത്.

നമ്മുടെ നാട്ടിലെ വളർന്നു വരുന്ന ഫുട്‌ബോൾ പ്രതിഭകളെ കണ്ടെത്തി അവർക്ക് അന്താരാഷ്ട്ര മത്സരങ്ങളുടെ അനുഭവസമ്പത്ത് പകർന്ന് നൽകുന്നതിലൂടെ കേരളത്തിന്റെ നഷ്ടപ്രതാപം തിരിച്ചു പിടിക്കണം. കോഴിക്കോട് പുതിയ പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ്ബ് ആരംഭിക്കുന്നത് പോലെ മറ്റൊരു മാർഗം ഇതിനില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിക്ഷേപം ആഗ്രഹിക്കുന്ന സംസ്ഥാനമെന്ന നിലയിൽ നമ്മുടെ ആത്മവിശ്വാസത്തിന്റെ പ്രതീകം കൂടിയാണ് പ്രൊഫഷണൽ ഫുട്‌ബോൾ ലീഗെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ നൂറ്റാണ്ടാണ് ഇനി വരാൻ പോകുന്നത്. കായികമേഖലയടക്കം എല്ലാ രംഗത്തും നമ്മുക്ക് മേധാവിത്തം ഉണ്ടാക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

പ്രൊഫഷണൽ ഫുട്‌ബോളിലൂടെ മാന്യമായ ജീവിതസാഹചര്യമുണ്ടായാൽ കേരളത്തിലെ ഫുട്‌ബോൾ മേഖലയിൽ അത്ഭുതകരമായ മാറ്റമുണ്ടാകുമെന്ന് നവാസ് മീരാൻ പറഞ്ഞു. സബ് ജൂനിയർ തലം മുതൽ മികച്ച പരിശീലനവും പ്രൊഫഷണലിസവും കൊണ്ടു വന്നാൽ മാത്രമേ സീനിയർ തലത്തിൽ നേട്ടമുണ്ടാക്കാൻ സാധിക്കൂ. അതിനു വേണ്ടിയാണ് വർഷം 2,100 കളിയെങ്കിലും സംസ്ഥാനത്ത് നടത്താനുള്ള സാഹചര്യമുണ്ടാക്കുന്നത്. സൂപ്പർലീഗ് കേരള ഈ ലക്ഷ്യത്തിലേക്കുള്ള ഉദ്യമമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിന് സമാനമായ രീതിയിലാണ് സൂപ്പർലീഗ് കേരള സംഘടിപ്പിക്കുന്നത്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട കായികടൂർണമെന്റായി ഇതു മാറും. വിവിധ ജില്ലകളിൽ നിന്നുള്ള ആറ് ടീമുകളാണ് എസ്എൽകെയിലുള്ളത്. സെപ്റ്റംബർ ഒന്നിന് കൊച്ചിയിലാണ് ഉദ്ഘാടനമത്സരം. പ്രാഥമിക റൗണ്ടിൽ ഓരോ ടീമും പത്ത് മത്സരങ്ങൾ വീതം കളിക്കും. അതിൽ അഞ്ചെണ്ണം ഹോം ഗ്രൗണ്ടിലും അഞ്ചെണ്ണം പുറത്തുമായിരിക്കും. പ്രാഥമിക റൗണ്ടിൽ നിന്ന് ആദ്യ നാല് സ്ഥാനക്കാർ പ്ലേ ഓഫിൽ എത്തും.

കാലിക്കറ്റ് ഫുട്‌ബോൾ ക്ലബ്ബിൽ ആകെ 25 കളിക്കാരാണുള്ളത്. അതിൽ ആറ് വിദേശ താരങ്ങളും ദേശീയതലത്തിൽ കളിക്കുന്ന ഏഴ് പേരും അതോടൊപ്പം കേരളത്തിൽ നിന്ന് 12 പേരുമായിരിക്കും. ഹെഡ് കോച്ച് വിദേശത്തു നിന്നാണ്. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയമായിരിക്കും ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട്.

ഐബിഎസ് സോഫ്റ്റ്‌വെയറിന്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമാണ് ക്ലബ്ബ് ഉടമ വി കെ മാത്യൂസ്. ആഗോള ട്രാവൽ വ്യവസായത്തിലെ ഏറ്റവും മുൻപന്തിയിലുള്ള കമ്പനിയാണ് ഐബിഎസ്. ലോകത്തെമ്പാടുമായി 17 ഓഫീസുകളും 42 രാജ്യങ്ങളിൽ നിന്നുള്ള 5000 ഓളം ജീവനക്കാരുമാണ് ഐബിഎസിനുള്ളത്. കേരളത്തിൽ രണ്ട് ഓഫീസുകളടക്കം ഇന്ത്യയിൽ ഐബിഎസിന് മൊത്തം നാല് ഓഫീസുകളുണ്ട്.

ഫുട്‌ബോൾ ക്ലബ്ബ് ഉടമയാകാനുള്ള തീരുമാനത്തിന് നിരവധി കാരണങ്ങളുണ്ടെന്ന് വി കെ മാത്യൂസ് പറഞ്ഞു. എസ്എൽകെയിലൂടെ സംസ്ഥാനത്തെ ഫുട്‌ബോൾ മത്സരങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാനാകുമെന്ന് വിശ്വസിക്കുന്നു. പുതിയ കളിക്കാർക്ക് മികച്ച വരുമാനം നേടിക്കൊടുക്കുന്നതിനോടൊപ്പം മികച്ച ഫുട്‌ബോൾ ആവാസവ്യവസ്ഥ കെട്ടിപ്പെടുക്കാനും ഇതിലൂടെ സാധിക്കും. കൂടുതൽ പ്രൊഫഷണൽ കളിക്കാരെ ഫുട്‌ബോളുമായി അടുപ്പിക്കാനും ഇത് ഉപകരിക്കും.

കേരളത്തിലെ നിക്ഷേപകനെന്ന നിലയിൽ ഇവിടുത്തെ യുവജനതയുടെ പുരോഗതിയും നാടിന്റെ പുരോഗതിയും വ്യത്യസ്തമായല്ല കാണുന്നത്. സ്‌പോർട്‌സിൽ നിക്ഷേപം നടത്തുന്നത് യുവാക്കളിൽ നിക്ഷേപം നടത്തുന്നതിന് തുല്യമാണ്. മികച്ച പൗരന്മാരായി വളർന്നുവരാനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകി അവരെ ശാക്തീകരിക്കാൻ എസ്എൽകെയും കാലിക്കറ്റ് ഫുട്‌ബോൾ ക്ലബ്ബും പരിശ്രമിക്കുമെന്നും വി കെ മാത്യൂസ് കൂട്ടിച്ചേർത്തു.