കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ മൻ കീ ബാത്ത് ജില്ലാതല ക്വിസ് പരിപാടിയുടെ മൂന്നാം സീസൺ മത്സരങ്ങളും വായനാദിനാചരണവും നാളെ(2024 ജൂൺ 19) തിരുവനന്തപുരത്ത് നടക്കും. കേന്ദ്ര ടൂറിസം, പെട്രോളിയം-പ്രകൃതി വാതക സഹമന്ത്രി സുരേഷ് ഗോപി പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നാളെ രാവിലെ 9.30ന് ചടങ്ങ് ഉദ്ഘാടനം ചെയ്യും.

കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ കേന്ദ്ര വിദേശകാര്യ-പാർലമെന്ററികാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. അഡ്വ.വി കെ പ്രശാന്ത് എം എൽ എ വായനാദിനം ഉദ്ഘാടനം ചെയ്യും. നെഹ്റു യുവ കേന്ദ്ര സംസ്ഥാന ഡയറക്ടർ എം അനിൽകുമാർ, പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ വൈസ് പ്രിൻസിപ്പൽ റാണി എം അലക്സ് എന്നിവർ ആശംസാ പ്രസംഗം നടത്തും.

ഗ്ലോബൽ ഗിവേഴ്‌സ് ഫൗണ്ടേഷൻ ഡയറക്ടർ ഡോ. എ രാധാകൃഷ്ണൻ നായർ ആമുഖ അവതരണം നടത്തും. പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ഫാ. നെൽസൺ സ്വാഗതവും നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ കൃതജ്ഞതയും പറയും. നഗരസഭാ കൗൺസിലർ ജോൺസൺ ജോസഫ്, പി ടി എ പ്രസിഡന്റ് പ്രൊഫ. എൻ കെ സുനിൽകുമാർ, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ ലോക്കൽ മാനേജർ റവ. തോമസ് കയ്യാലക്കൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്ത് 100 എപ്പിസോഡുകൾ പൂർത്തിയാക്കിയതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈയിലും ഡിസംബറിലുമാണ് ക്വിസ് മത്സരത്തിന്റെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും സംഘടിപ്പിച്ചത്. മത്സര വിജയികൾക്ക് സ്വാതന്ത്യ, റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുക്കാനും രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുമായും വിവിധ കേന്ദ്രമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്താനും പ്രധാനമന്ത്രി സംഗ്രഹാലയ, രാഷ്ട്രപതിഭവൻ, പാർലമെന്റ് ഹൗസ് എന്നിവിടങ്ങൾ സന്ദർശിക്കാനും അവസരം ലഭിച്ചിരുന്നു. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി അതത് സ്ഥാപനങ്ങൾ നേരിട്ട് നടത്തുന്ന മത്സരങ്ങളിലെ വിജയികളാണ് കോർപ്പറേഷൻ മത്സരങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.