- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടഭീഷണിയുമായി ഓടകൾ: മണ്ണെടുത്തത് വെള്ളക്കെട്ടിനും കാരണമായി; മന്ത്രി ഇടപെട്ടു
ഏറ്റുമാനൂർ: നഗരസഭയുടെ 34, 35 വാർഡുകളിലെ വികെബി റോഡിലും സായ് റോഡിലും ഓടകൾ നാട്ടുകാർക്കും വഴിയാത്രക്കാർക്കും ഭീഷണിയായി മാറിയെന്ന പരാതിയിൽ തദ്ദേശവകുപ്പ് മന്ത്രിയുടെ ഇടപെടൽ. ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓടകളുടെ വിഷയത്തിൽ എത്രയുംവേഗം തുടർനടപടികൾ സ്വീകരിക്കാൻ തദ്ദേശവകുപ്പ് മന്ത്രി നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്.
നഗരസഭയുടെ നേതൃത്വത്തിൽ ഓട നവീകരണം എന്ന പേരിൽ ഒരാഴ്ച മുമ്പ് വികെബി റോഡിലും സായ് റോഡിലും ഏതാനും ഭാഗത്ത് മാത്രം ഒന്നരയടി താഴ്ചയിൽ മണ്ണ് നീക്കം ചെയ്തത് ചെറിയ ഒരു മഴയത്തുപോലും വെള്ളകെട്ടിനും അപകടങ്ങൾക്കും കാരണമായിരുന്നു. മണ്ണ് മാറ്റിയ ഭാഗത്ത് നിന്ന് വെള്ളം മറ്റെങ്ങോട്ടും ഒഴുകി പോകാൻ ഈ റോഡുകളിൽ മറ്റ് സംവിധാനങ്ങളും ഒരുക്കിയിട്ടില്ല. ഒരു വീടിനു ചുറ്റും മാത്രമായി മണ്ണ് മാറ്റിയതോടെ ഓടയ്ക്കുള്ളിൽ നിന്നിരുന്ന വൈദ്യുതി പോസ്റ്റ് ചെരിഞ്ഞ് ഏതു സമയത്തും നിലംപൊത്താവുന്ന അവസ്ഥയിലുമായി.
തദ്ദേശവാസികളുടെ ആശങ്കയുടെ അടിസ്ഥാനത്തിൽ ശക്തിനഗർ റസിഡന്റ്സ് അസോസിയേഷൻ നഗരസഭയ്ക്കും കെഎസ്ഈബി അധികൃതർക്കും തദ്ദേശവകുപ്പ് മന്ത്രി എം.ബി.രാജേഷിനും സഹകരണവകുപ്പ് മന്ത്രി വി.എൻ.വാസവനും വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിക്കും പരാതി നൽകിയിരുന്നു. അശാസ്ത്രീയമായ രീതിയിൽ മണ്ണെടുക്കുകയും റോഡിന് കുറുകെ ഓട കീറി മുകളിൽ ഒടിഞ്ഞ സ്ലാബുകൾ ഇട്ട് മൂടുകയും ചെയ്തത് അപകടങ്ങൾക്ക് വഴിവെക്കുമെന്നും വെള്ളകെട്ട് കൊതുകുകൾ പെരുകുന്നതിനും പകർച്ചവ്യാധികൾക്ക് കാരണമാകുമെന്നും പരാതിയിൽ ചൂണ്ടികാട്ടിയിരുന്നു. ഇതിന് പിന്നാലെ സ്ലാബുകൾ ഒടിഞ്ഞ് ഓടയിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.
സായ് റോഡിൽനിന്നും ക്ഷേത്രസംരക്ഷണസമിതിഓഫീസിന് സൈഡിലൂടെ മാറാവേലി തോട്ടിലേക്കുള്ള ഓടയുടെ മുകളിൽ സ്ലാബിട്ട് വഴിയായി ഉപയോഗിച്ചുവരികയാണ്. നഗരസഭയുടെ കീഴിലുള്ള വഴിയിൽ സ്ലാബുകൾ ഇളകി മാറിയും വളരെ ഭീകരമായ അവസ്ഥയിൽ പൊട്ടിപൊളിഞ്ഞും കിടക്കുന്നത് പരിസരവാസികൾക്ക് ഏറെ ഭീഷണിയായി. നീരൊഴുക്ക് തടസപ്പെടുന്ന രീതിയിൽ പൊട്ടിപൊളിഞ്ഞ ഓടയിൽനിന്നും മലിനജലം പരിസരവാസികളുടെ വീടുകളിലേക്കും കിണറുകളിലേക്കും ഒഴുകുന്നു. ഓടയിൽകൂടി ഒഴുകിയിറങ്ങുന്ന ജലത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് ഏറെയുള്ളതായി മുൻകാല പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്. മഴ ശക്തിപ്രാപിക്കും മുമ്പ് തന്നെ ഈ ഓട നവീകരിച്ച് നീരൊഴുക്ക് സുഗമമാക്കണമെന്നും അസോസിയേഷൻ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
വികെബി റോഡിലെ വൈദ്യുതിപോസ്റ്റ് ചെരിഞ്ഞ് അപകടാവസ്ഥയിലായത് സംബന്ധിച്ച റസിഡന്റ്സ് അസോസിയേഷന്റെ പരാതി ലഭിച്ച പിന്നാലെ കെഎസ്ഈബി അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഓടനവീകരണമെന്ന പേരിൽ ചുവട്ടിലെ മണ്ണ് നീക്കം ചെയ്തതാണ് വൈദ്യുതി പോസ്റ്റ് അപകടകാരിയായതിന് കാരണമെന്ന് കണ്ടെത്തി. ഇത് ചൂണ്ടികാട്ടി നഗരസഭയ്ക്ക് കത്ത് നൽകുമെന്ന് കെഎസ്ഈബി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. ഇതിന് പിന്നാലെ ബുധനാഴ്ച തദ്ദേശവകുപ്പ് മന്ത്രി നഗരസഭാ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്.