- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ റെയിൽ - സർക്കാറിന്റെ പുതിയ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളി : കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി
തൃപ്പൂണിത്തുറ : സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹ്യ ആഘാത പഠനത്തിനുള്ള കാലാവധി കാലഹരണപ്പെട്ടതിനു ശേഷവും പദ്ധതിയുമായി മുന്നോട്ടു പോകും എന്ന സർക്കാർ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. അലൈന്മെന്റ് കടന്നുപോകുന്ന സ്ഥലങ്ങളിൽ കല്ലിടുന്നത് സാമൂഹ്യ ആഘാത പഠനത്തിനു വേണ്ടിയാണ് എന്നും പഠനം നടത്തിയ ശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോവുകയുള്ളൂ എന്നും കോടതിയിൽ ആവർത്തിച്ചു പറഞ്ഞിരുന്ന സർക്കാരാണ് ഇപ്പോൾ വഞ്ചനാപൂർവം നിലപാട് മാറ്റിയിരിക്കുന്നത്.
സാമൂഹ്യാഘാത പഠനം പൂർത്തിയാക്കാനാകില്ല എന്ന് ഉറപ്പായിരിക്കുന്ന സാഹചര്യത്തിലും പദ്ധതിയുമായി മുന്നോട്ടു പോകും എന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ലാത്ത പദ്ധതിക്ക് കേരളത്തിലെ ജനങ്ങളിൽ നിന്നും അതിശക്തമായ എതിർപ്പാണ് ഉള്ളതെന്നും ഏവർക്കും ബോധ്യമുണ്ട്. ഈ ഘട്ടത്തിലും പദ്ധതിയുമായി മുന്നോട്ടു പോകും എന്ന് പറയുന്നതിലൂടെ സർക്കാരിന് കടപ്പാട് വോട്ട് ചെയ്ത ജനങ്ങളോടല്ല മറ്റാരോടോ ആണ് എന്നത് വെളിപ്പെടുകയാണ്.
പദ്ധതി പ്രദേശത്ത് കല്ലിടാതെ സാമൂഹികാഘാത പഠനം മുന്നോട്ടുപോകാനാകില്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ജനങ്ങൾക്ക് മേൽ പൊലീസിനെ ഉപയോഗിച്ച് ക്രൂരമായ ആക്രമണം നടത്തിയിരുന്ന സർക്കാർ ഇപ്പോൾ കല്ലിടൽ ആവശ്യമില്ല എന്നും മറ്റ് വഴികൾ നോക്കും എന്നും പ്രഖ്യാപിച്ചിരിക്കുന്നു. എന്നാൽ ഇതിനെതിരെ പ്രതിഷേധിച്ച ജനങ്ങൾക്ക് നേരെ എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കില്ല എന്നാണ് സർക്കാർ കോടതി അറിയിച്ചിരിക്കുന്നത്. നിയമവിധേയമല്ലാത്ത ഒരു പ്രവർത്തനം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായപ്പോൾ അതിനെ എതിർക്കുക എന്ന ജനാധിപത്യപരമായ ചുമതലയാണ് ജനങ്ങൾ നിറവേറ്റിയത്. അതിനെ തുടർന്ന് എടുത്ത ഈ കേസുകൾ പിൻവലിക്കുന്നത് ജനാധിപത്യമര്യാദയാണ്. എന്നിരിക്കെ സർക്കാർ ജനങ്ങളോട് ശത്രുക്കളെപ്പോലെ പെരുമാറുകയാണ്.
മറ്റാരുടെയോ താല്പര്യം അനുസരിച്ച് പ്രവർത്തിക്കുന്നവരായി നമ്മുടെ സർക്കാരും അതിന് നേതൃത്വം നൽകുന്നവരും മാറിയിരിക്കുന്നു എന്ന ആശങ്കയെ ബലപ്പെടുത്തുന്നതാണ് ഈ നടപടികൾ. ജനവിരുദ്ധമായ സർക്കാർ നിലപാടിനെതിരെ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ജനങ്ങളുടെ സമരസംഘടനയായ സംസ്ഥാന കെ റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി, പദ്ധതിയുമായി ബന്ധപ്പെട്ട ഏതുതരം പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോയാലും അതിനെ ശക്തമായി എതിർക്കുമെന്നും കൂടുതൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നുംസംസ്ഥാന കെ റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിക്കു വേണ്ടിഎംപി.ബാബുരാജ് (ചെയർമാൻ)എസ്.രാജീവൻ (ജന.കൺവീനർ)
എന്നിവർപ്രഖ്യാപിച്ചു.