- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഷികമേഖല തകർന്നടിയുന്നു; കൃഷിവകുപ്പ് സമ്പൂർണ്ണ പരാജയം; കർഷകന് കണ്ണീരോണം: ഇൻഫാം
കൊച്ചി: വൻ ജീവിതപ്രതിസന്ധിയിലായിരിക്കുന്ന കർഷകരേയും തകർന്നടിഞ്ഞ കാർഷികമേഖലയേയും സംരക്ഷിക്കുന്നതിൽ സംസ്ഥാന കൃഷിവകുപ്പ് സമ്പൂർണ്ണ പരാജയമാണെന്നും കർഷകർക്ക് ഈ വർഷം കണ്ണീരോണമാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ.വി സി, സെബാസ്റ്റ്യൻ പറഞ്ഞു.
2019 ഡിസംബർ 20ന് നിയമസഭ പാസാക്കിയതും 2020 ഒക്ടോബർ 14ന് നിലവിൽ വന്നതുമായ കർഷക ക്ഷേമനിധി ബോർഡ് അട്ടിമറിക്കപ്പെട്ടു. കർഷകർക്ക് 5000 രൂപ പെൻഷൻ നൽകുന്നുവെന്ന് പ്രഖ്യാപിച്ച് കൊട്ടിഘോഷിച്ച പദ്ധതി നടപ്പിലാക്കാതെ പദ്ധതിയിൽ അംഗങ്ങളായി ചേർന്ന കർഷകരെ കൃഷിവകുപ്പ് വിഢികളാക്കുന്നു.
കാലഹരണപ്പെട്ട ഭൂനിയമങ്ങളെ മുറുകെപ്പിടിച്ച് വിളമാറ്റകൃഷി, ഫലവർഗ്ഗകൃഷി സാധ്യതകളും കൃഷിവകുപ്പ് ഇല്ലാതാക്കി. ആഗോളമാറ്റങ്ങൾക്കനുസരിച്ചും കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസരിച്ചും കൃഷിരീതികൾ മാറ്റാൻ തടസ്സമായി നിൽക്കുന്ന സർക്കാരുള്ള ഒരേയൊരു സംസ്ഥാനം ഇന്ത്യയിൽ കേരളം മാത്രമേയുള്ളൂ. ' ഞങ്ങളും കൃഷിയിലേയ്ക്ക്' പദ്ധതിയും ഖജനാവിലെ കോടികൾ ചെലവഴിച്ച ഉദ്യോഗസ്ഥ പദ്ധതികളായി ഇല്ലാതായി. ചിങ്ങം ഒന്നിന് ഒരുലക്ഷം പുതിയ കൃഷിയിടങ്ങൾ ഉദ്ഘാടനം ചെയ്യപ്പെടുമെന്ന പ്രഖ്യാപനവും നടപ്പിലായില്ല. പഴം-പച്ചക്കറി താങ്ങുവിലയും നടപ്പിലാക്കുന്നതിൽ കൃഷിവകുപ്പ് പരാജയപ്പെട്ടു. കൃഷിനാശത്തിന്റെ 316.84 കോടി രൂപ നഷ്ടപരിഹാരവും ഇതുവരെ നല്കിയിട്ടില്ല. കാർഷിക മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ 100 കോടി വിപണന കമ്പനിയും ബജറ്റ് പ്രഖ്യാപനമായി നിലനിൽക്കുന്നു.
കൃഷിഭൂമി കൈയേറി വനവൽക്കരണം നടത്തുന്ന വനംവകുപ്പിന്റെ നീക്കങ്ങൾക്ക് ഒത്താശചെയ്ത് ഇടനിലക്കാരായി കൃഷിവകുപ്പ് പ്രവർത്തിക്കുന്നത് കർഷകദ്രോഹമാണ്. വനാതിർത്തിവിട്ട് ബഫർസോൺ പ്രഖ്യാപിക്കുമ്പോൾ അത് കൃഷിഭൂമിയിലേയ്ക്കുള്ള വനംവകുപ്പിന്റെ കടന്നുകയറ്റമാണെന്ന് തിരിച്ചറിഞ്ഞിട്ടും നിഷ്‌ക്രിയരായി കൃഷിവകുപ്പ് സ്വീകരിച്ചിരിക്കുന്ന കർഷകവിരുദ്ധ നിലപാട് സമൂഹം തിരിച്ചറിയുന്നുവെന്നും സർക്കാർ ഖജനാവിലെ കോടികൾ ചെലവഴിച്ച് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻവേണ്ടി മാത്രമായി കൃഷിവകുപ്പിന്റെ ആവശ്യമില്ലെന്നും വി സി, സെബാസ്റ്റ്യൻ പറഞ്ഞു.