- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യായവില ഉറപ്പാക്കാത്ത ഒരു കാർഷിക പദ്ധതിയും വിജയിച്ച ചരിത്രമില്ല: അഡ്വ. വി സി. സെബാസ്റ്റ്യൻ
കോട്ടയം: ഉല്പാദന ചെലവിനും ജീവിത സൂചികയ്ക്കുമനുസരിച്ച് കാർഷികോല്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കി കർഷകന് നൽകാത്ത ഒരു പദ്ധതിയും വിജയിക്കില്ലെന്നും സംസ്ഥാന സർക്കാർ ഇതിനോടകം പ്രഖ്യാപിച്ച് നടപ്പിലാക്കിയ ഏതു കാർഷികപദ്ധതിയാണ് വിജയിച്ചിട്ടുള്ളതെന്ന് കൃഷിവകുപ്പ് വ്യക്തമാക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ.വി സി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
കാർഷികമേഖലയെക്കുറിച്ചുള്ള ഉദ്യോഗസ്ഥ കണക്കുകൾക്കപ്പുറം യാഥാർത്ഥ്യങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലുവാൻ ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും തയ്യാറാകണം. 2015 ലെ സംസ്ഥാന കാർഷിക വികസനനയം ഇതുവരെയും നടപ്പിലാക്കാതെ സർക്കാർ പുത്തൻ പദ്ധതികൾ പ്രഖ്യാപിച്ച് രാഷ്ട്രീയ നേതാക്കളെ കുടിയിരുത്തുകയും ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകുകയും ചെയ്താൽ കൃഷി വളരില്ലെന്ന് വ്യക്തമായ തെളിവുകളുണ്ട്. വിവിധ മിഷനുകൾ, ഡെവലപ്പ്മെന്റ് അഥോറിറ്റികൾ, കോർപ്പറേഷനുകൾ, ഫെഡറേഷനുകൾ, ഡെവലപ്പ്മെന്റ് ബോർഡുകൾ എന്നിങ്ങനെ നൂറിൽപരം ഓഫീസുകളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന കൃഷിവകുപ്പിനെ നിലവിലുള്ള സംവിധാനത്തിൽ പ്രവർത്തനനിരതമാക്കുകയാണ് വേണ്ടത്. രണ്ടായിരാമാണ്ടിനുശേഷം ഈ സ്ഥാപനങ്ങളും ഓഫീസുകളും കൃഷിവകുപ്പിൽ രൂപപ്പെട്ടതിനുശേഷമാണ് കേരളത്തിന്റെ കാർഷികമേഖല തകരാൻ തുടങ്ങിയത്.
1987ൽ സംസ്ഥാനത്ത് കൃഷിവകുപ്പ് ആരംഭിക്കുമ്പോൾ 8.76 ലക്ഷം ഹെക്ടറിലുണ്ടായിരുന്ന നെൽകൃഷി ഇന്നിപ്പോൾ 1.97 ലക്ഷം ഹെക്ടറായി കുറഞ്ഞു. പതിനായിരക്കണക്കിന് ജീവനക്കാരെ നിയമിച്ചിട്ടും കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടും കാർഷിക സ്വയംപര്യാപ്തതയിലുണ്ടായിരുന്ന കേരളത്തിന് അരി, പാൽ, പച്ചക്കറി, പയറുവർഗ്ഗങ്ങൾ എന്നിവയ്ക്ക് ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവന്ന കേടുകാര്യസ്ഥത തിരിച്ചറിയാതെ നടത്തുന്ന പദ്ധതിപ്രഖ്യാപനങ്ങളൊന്നും ഫലപ്രാപ്തിയുണ്ടാവില്ല.
ഏഴുപതിറ്റാണ്ട് പഴക്കമുള്ളതും കാലഹരണപ്പെട്ടതുമായ ഭൂനിയമങ്ങൾ റദ്ദുചെയ്ത് ഇതരസംസ്ഥാനങ്ങളും വിദേശരാജ്യങ്ങളും സ്വീകരിച്ചിരിക്കുന്ന മാറിയ കാലാവസ്ഥയ്ക്കനുസരിച്ചുള്ള വിളമാറ്റ ഫലവർഗ്ഗകൃഷിയെ പ്രോത്സാഹിപ്പിക്കാനുള്ള കർഷകപദ്ധതികളാണ് വേണ്ടത്. കർഷകരുമായും കൃഷിയുമായും യാതൊരു ബന്ധവുമില്ലാത്ത കൃഷിഭവനുകൾ അടച്ചുപൂട്ടണം. കർഷക ക്ഷേമനിധി ബോർഡ്, ഞങ്ങളും കൃഷിയിലേയ്ക്ക് പദ്ധതി, ഒരുലക്ഷം കൃഷിയിടങ്ങൾ തുടങ്ങിയ ഈ സർക്കാരിന്റെ കാലത്തെ പദ്ധതികളുടെ പരാജയങ്ങൾ മനസ്സിലാക്കി തിരുത്തലുകൾ നടത്തണം. മൂല്യവർദ്ധിത ഉല്പന്നങ്ങളിലേയ്ക്ക് കടക്കുന്നതിനു മുമ്പായി രാജ്യാന്തരവിപണിയിൽ വിപണനസാധ്യതകളുള്ള ഉല്പന്നങ്ങളുടെ ഉല്പാദനവും ന്യായവിലയും ഉറപ്പാക്കുകയാണ് സർക്കാർ അടിയന്തരമായി ചെയ്യേണ്ടതെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.